കരുനാഗപ്പള്ളി
സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്ന സി എസ് സുബ്രഹ്മണ്യൻ പോറ്റിക്ക് ജന്മനാട്ടിൽ അർധകായ പ്രതിമ ഒരുങ്ങുന്നു. സുബ്രഹ്മണ്യൻ പോറ്റി 1905ൽ സ്ഥാപിച്ച ടൗൺ എൽപി സ്കൂൾ അങ്കണത്തിലാണ് പ്രതിമ ഒരുങ്ങുന്നത്. കരുനാഗപ്പള്ളി ഗേൾസ് ആൻഡ് ബോയ്സ് ഹൈസ്കൂൾ ഉൾപ്പെടെ 40 വിദ്യാലയങ്ങൾ സ്ഥാപിക്കാൻ മുൻകൈയെടുത്ത സാമൂഹ്യ പരിഷ്കർത്താവായിരുന്നു സുബ്രഹ്മണ്യൻ പോറ്റി. മലയാളത്തിലെ ആദ്യത്തെ വിലാപകാവ്യം ‘ഒരു വിലാപം' എഴുതുകയും തുടർന്ന് അദ്ദേഹം ദുർഗേശനന്ദിനി ഉൾപ്പെടെയുള്ള നിരവധി പുസ്തകങ്ങൾ മലയാളത്തിലേക്ക് ആദ്യമായി തർജമ ചെയ്യുകയുംചെയ്തു. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ നിർമിക്കുന്നതിന് സ്ഥലം വിട്ടുനൽകിയതും ഇദ്ദേഹമായിരുന്നു.
ടൗൺ എൽപി സ്കൂളിലെ പൂർവ വിദ്യാർഥി കൂട്ടായ്മയായ ‘ഓർമച്ചെപ്പ്' അംഗമായ മുനിസിപ്പല്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ റെജി ഫോട്ടോപാർക്ക് ആണ് സ്വന്തം ചെലവിൽ പ്രതിമ നിർമിക്കാൻ തയ്യാറായത്. പ്രമുഖ ശില്‍പ്പിയും ചിത്രകാരനും അധ്യാപക അവാർഡ് ജേതാവുമായ ആർട്ടിസ്റ്റ് സി രാജേന്ദ്രനാണ് നിർമാണം ഏറ്റെടുത്തിരിക്കുന്നത്. 10അടി ഉയരത്തിലാണ് നിര്‍മാണം. സി എസ് സുബ്രഹ്മണ്യൻ പോറ്റിയുടേതായി അപൂർവം ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അവയെ അവലംബിച്ചാണ് നിർമാണം പുരോഗമിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..