09 September Monday

ബസ് ബോർഡിൽ 
സ്ഥലത്തിനൊപ്പം നമ്പരും

സ്വന്തം ലേഖകൻUpdated: Sunday Aug 4, 2024

 

 
കൊല്ലം
ബസുകളുടെ ബോർഡിൽ പ്രാദേശിക ഭാഷയിലെഴുതിയ സ്ഥലനാമങ്ങൾ വായിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് സഹായവുമായി കെഎസ്ആർടിസി. ഇനിമുതൽ ബോർഡിൽ സ്ഥലപ്പേരുകൾക്കൊപ്പം ഡെസ്റ്റിനേഷൻ നമ്പരും രേഖപ്പെടുത്തും. ഇതിനുള്ള നടപടികൾ ജില്ലയിൽ പുരോ​ഗമിക്കുകയാണ്. ബോർഡിന്റെ ഇടതുവശത്തായി ശ്രദ്ധിക്കുംവിധമാണ് നമ്പരുകൾ രേഖപ്പെടുത്തുക. ബസ് എത്തിച്ചേരുന്ന സ്ഥലത്തെ നമ്പർ പ്രത്യേക നിറത്തിൽ വലുതായും ബസ് കടന്നുപോകുന്ന റൂട്ടിലെ നമ്പരുകൾ ചെറുതായി താഴെയും രേഖപ്പെടുത്തും. വൈകാതെ സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, അന്തർസംസ്ഥാന ബസുകൾ, ഓർഡിനറി ബസുകൾ എന്നിവയിൽ ഡെസ്റ്റിനേഷൻ നമ്പർ സംവിധാനം നടപ്പാക്കും. 
ജില്ലാ കേന്ദ്രത്തിലെ ഡിപ്പോയുടെ നമ്പർ ഇനി കെഎം രണ്ട്‌ എന്നാണ്‌ രേഖപ്പെടുത്തുക. ജില്ലയിൽ കെഎസ്‌ആർടിസിക്കുള്ളത്‌ എട്ട്‌ യൂണിറ്റാണ്‌. ഇതിൽ ചടയമംഗലം യൂണിറ്റ്‌ നമ്പർ 34, കുളത്തൂപ്പുഴ 35, ആര്യങ്കാവ്‌ 36, ചാത്തന്നൂർ 37, കൊട്ടാരക്കര 38, പുനലൂർ 39, പത്തനാപുരം 40, കരുനാഗപ്പള്ളി 41 എന്നിങ്ങനെയാണ്‌ രേഖപ്പെടുത്തുക. ഇതുപോലെ യൂണിറ്റുകളിൽനിന്ന് ഓപ്പറേറ്റ്‌ ചെയ്യുന്ന ബസുകൾ കടന്നുപോകുന്ന സ്ഥലങ്ങൾക്കും നമ്പരുകളുണ്ട്‌. പ്രാദേശിക ഭാഷയിലുള്ള ബോർഡുകൾ ഇതരസംസ്ഥാനക്കാരെയും വിദേശികളെയും കുഴപ്പിക്കാറുണ്ട്. ഇതിന് പരിഹാരം എന്ന നിലയിലാണ് ഡെസ്റ്റിനേഷൻ നമ്പർ സംവിധാനം. 
കോഡ് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ എല്ലാ ഡിപ്പോകളിലും യൂണിറ്റുകളിലും പ്രദർശിപ്പിക്കും. കൂടാതെ കെഎസ്ആർടിസി വെബ്‌സൈറ്റിലും വിവരം ഉൾപ്പെടുത്തും. ഇതരസംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന ബസാണെങ്കിൽ ആ സംസ്ഥാനത്തെ കോഡ് നമ്പർ കൂടി ഉൾപ്പെടുത്തും. ഡെസ്റ്റിനേഷൻ നമ്പർ സംവിധാനം തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പരീക്ഷിച്ച്‌ വിജയിച്ചതാണ്. കോടതികൾ, സിവിൽ സ്റ്റേഷനുകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, മെഡിക്കൽ കോളേജുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയ്ക്ക് പ്രത്യേക കോഡ് നമ്പരുകളാണ് രേഖപ്പെടുത്തുക. കൊല്ലം സിവിൽസ്റ്റേഷൻ നമ്പർ കെഎം 100 എ, കരുനാഗപ്പള്ളി മിനി സിവിൽസ്റ്റേഷൻ 100 സി, പുനലൂർ മിനി സിവിൽസ്റ്റേഷൻ 100 ഡി, കൊട്ടാരക്കര മിനി സിവിൽസ്റ്റേഷൻ 100 ഇ എന്നിങ്ങനെയാണ്. ഒന്നിലധികം ജില്ലകളിൽ ഓപ്പറേറ്റ് ചെയ്യുന്ന ബസുകളിൽ നമ്പരിനൊപ്പം ജില്ലാ കോഡും ചേർക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top