22 December Sunday

മൂന്നു പതിറ്റാണ്ടിനിപ്പുറം 
വീണ്ടും കൊല്ലത്ത്‌

ജയൻ ഇടയ്‌ക്കാട്‌Updated: Sunday Aug 4, 2024

 

 
കൊല്ലം
മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറം വീണ്ടും സിപിഐ എം സംസ്ഥാനസമ്മേളനത്തിന്‌ കൊല്ലം ആതിഥ്യമരുളുന്നു. ചരിത്രനഗരത്തിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിലാണ്‌ പാർടി സംസ്ഥാന സമ്മേളനം. മധുരയിൽ 2025 ഏപ്രിലിൽ നടക്കുന്ന 24–-ാം പാർടി കോൺഗ്രസിനു മുന്നോടിയായി ഫെബ്രുവരിയിലാണ്‌  സംസ്ഥാന സമ്മേളനം. സിപിഐ എം രൂപീകരിച്ചശേഷം മൂന്നാം തവണയാണ്‌ സംസ്ഥാന സമ്മേളനത്തിന്‌ കൊല്ലം വേദിയാകുന്നത്‌. 
പതിനഞ്ചാം പാർടി കോൺഗ്രസിനു മുന്നോടിയായി 1995 ഫെബ്രുവരി 25 മുതൽ 28 വരെയാണ്‌ ഇതിനുമുമ്പ്‌ കൊല്ലത്ത്‌ സംസ്ഥാന സമ്മേളനം ചേർന്നത്‌. 1995 ഏപ്രിൽ മൂന്നുമുതൽ എട്ടുവരെ ചണ്ഡീഗഢിലായിരുന്നു അന്ന്‌ പാർടി കോൺഗ്രസ്‌. സംസ്ഥാന കമ്മിറ്റിഅംഗമായിരുന്ന സി പി കരുണാകരൻപിള്ള ചെയർമാനും ജില്ലാ സെക്രട്ടറി പി കെ ഗുരുദാസൻ സെക്രട്ടറിയുമായിട്ടാണ്‌ 1995ലെ സംസ്ഥാന സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരിച്ചത്‌. കൊല്ലം സി കേശവൻ മെമ്മോറിയൽ ടൗൺഹാളിലായിരുന്നു പ്രതിനിധി സമ്മേളനം. നഗരത്തിൽ നടന്ന പ്രകടനവും ചുവപ്പുസേനാ മാർച്ചും കൊല്ലംകണ്ട ഏറ്റവും വലിയ ബഹുജന പ്രകടനങ്ങളിൽ ഒന്നായിരുന്നു. സമ്മേളനത്തോട്‌ അനുബന്ധിച്ച്‌ വിവിധ മേഖലകളുമായി ബന്ധപ്പെട്ട സെമിനാറുകളും സാംസ്‌കാരിക സമ്മേളനങ്ങളും നാടിന്റെ നാനാഭാഗത്തും നടന്നതായി പി കെ ഗുരുദാസൻ ഓർക്കുന്നു. സാംസ്‌കാരിക പ്രവർത്തനം രാഷ്‌ട്രീയ പ്രവർത്തനത്തിന്റെ അടിത്തറയാണെന്ന്‌ പുതുതലമുറയെ ബോധ്യപ്പെടുത്താൻ സമ്മേളനത്തിന്‌ കഴിഞ്ഞു.  ഡോ. അശോക്‌മിത്ര ഉൾപ്പെടെ പ്രമുഖർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന സെമിനാറുകളിൽ പങ്കെടുത്തു. 
1971 ഡിസംബറിലാണ്‌ സിപിഐ എം സംസ്ഥാന സമ്മേളനത്തിന്‌ പത്തനംതിട്ടകൂടി ഉൾപ്പെടുന്ന കൊല്ലം ആദ്യം വേദിയായത്‌. എൻ ശ്രീധരനായിരുന്നു അന്ന്‌ ജില്ലാ സെക്രട്ടറി. ജില്ലയാകെ ഇളക്കിമറിക്കുന്ന പ്രവർത്തനത്തിന്‌ കൊല്ലം സാക്ഷിയായി.വർഗബഹുജന സംഘടനകളെ സജീവമാക്കുന്നതിനും  കൂടുതൽ രാഷ്‌ട്രീയവൽക്കരിക്കുന്നതിനും സമ്മേളനം പ്രചോദനമായി. വിദ്യാർഥി–-യുവജന സംഘടനകളിൽനിന്ന്‌ കൂടുതൽ പേർക്ക്‌ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ചുമതല നൽകി. കൊല്ലം നെല്ലിമുക്കിലായിരുന്നു പ്രതിനിധി സമ്മേളനം. പൊതുസമ്മേളനം കന്റോൺമെന്റ്‌ മൈതാനത്തും. ചുവപ്പ്‌ വളന്റിയർ പരേഡ്‌ ശ്രദ്ധനേടി.  1972ൽ മധുരയിൽ നടന്ന ഒമ്പതാം പാർടി കോൺഗ്രസിനു മുന്നോടിയായിരുന്നു അന്നത്തെ സംസ്ഥാന സമ്മേളനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top