22 December Sunday
കോൺഗ്രസ്‌ ബ്ലോക്ക്‌ ഭാരവാഹി ലിസ്‌റ്റ്‌

തർക്കം പടരുന്നു, 
രാജിഭീഷണിയും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

 

കൊല്ലം
ബ്ലോക്ക്‌ കമ്മിറ്റി ഭാരവാഹികളുടെ ലിസ്‌റ്റ്‌ സംബന്ധിച്ച തർക്കം ജില്ലയിലെ കോൺഗ്രസിനുള്ളിൽ പടരുന്നു. തർക്കവും ഒരുകൂട്ടം നേതാക്കളുടെ രാജിഭീഷണിയാലും ശാസ്‌താംകോട്ട ബ്ലോക്ക്‌ ഭാരവാഹികളുടെ ലിസ്‌റ്റ്‌ പ്രഖ്യാപിക്കാനാകാത്ത അവസ്ഥയിലാണ്‌ നേതൃത്വം. ശാസ്‌താംകോട്ട പഞ്ചായത്ത്‌അംഗം എസ്‌ എ നിസാമിനെ ബ്ലോക്ക്‌ ഭാരവാഹിയാക്കാനുള്ള ഐ ഗ്രൂപ്പിലെ കെ സി വിഭാഗത്തിന്റെ ശ്രമത്തിനെതിരെ ചെന്നിത്തല വിഭാഗമാണ്‌ രാജിഭീഷണി മുഴക്കിയിട്ടുള്ളത്‌. അനർഹരെ പാർടി നേതൃത്വത്തിലേക്ക്‌ കൊണ്ടുവന്ന്‌ ചെന്നിത്തല ഗ്രൂപ്പിനെ അവഗണിച്ചാൽ രജിവയ്‌ക്കുമെന്ന്‌ മുൻ ബ്ലോക്ക്‌ പ്രസിഡന്റിന്റെ നേതൃത്വത്തിലാണ്‌ ഡിസിസി, കെപിസിസി നേതാക്കളെ അറിയിച്ചിട്ടുള്ളത്‌. ഇതു സംബന്ധിച്ച്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം ലിജു, ഡിസിസി പ്രസിഡന്റ്‌ പി രാജേന്ദ്രപ്രസാദ്‌ എന്നിവർക്ക്‌ ചെന്നിത്തല വിഭാഗം അടുത്തദിവസം പരാതിനൽകും. അനർഹരെ കുത്തിനിറച്ച കുന്നത്തൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ പ്രഖ്യാപിച്ച ലിസ്‌റ്റ്‌ റദ്ദാക്കേണ്ടിവന്ന സാഹചര്യത്തിലും ശാസ്‌താംകോട്ട ബ്ലോക്ക്‌ കമ്മിറ്റി ലിസ്‌റ്റ്‌ പ്രഖ്യാപിക്കണമെന്ന്‌ ഗ്രൂപ്പ്‌ വ്യത്യാസമില്ലാതെ നേതാക്കൾ ആവശ്യപ്പെട്ടതിന്റെ പശ്‌ചാത്തലത്തിലും ഭരണിക്കാവിൽ നടത്താനിരുന്ന സംയുക്‌ത ബ്ലോക്ക്‌ നേതൃക്യാമ്പ്‌ ഉപേക്ഷിച്ചിരുന്നു. നിരവധി ക്രിമിനലുകളെ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച വടക്കേവിള ബ്ലോക്ക്‌ ഭാരവാഹി ലിസ്‌റ്റ്‌ ആക്ഷേപത്തെ തുടർന്ന്‌ നേതൃത്വം മരവിപ്പിച്ചു. പന്മന, പത്തനാപുരം, എഴുകോൺ ബ്ലോക്ക്‌ കമ്മിറ്റി ലിസ്‌റ്റ്‌ സംബന്ധിച്ചും വിവിധ ഗ്രൂപ്പുകൾ അസംതൃപ്‌തിയിലാണ്‌. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഇടപെട്ട്‌ മരവിപ്പിച്ച കുന്നത്തൂർ ബ്ലോക്ക്‌ ലിസ്‌റ്റിൽ ഉണ്ടായിരുന്നത്‌ 29 വൈസ്‌ പ്രസിഡന്റും 42 സെക്രട്ടറിമാരും ആയിരുന്നു. അതിനിടെ ബ്ലോക്ക്‌ കമ്മിറ്റി ഭാരവാഹി ലിസ്‌റ്റിന്റെ എണ്ണം സംബന്ധിച്ച്‌ വീണ്ടും മാനദണ്ഡം നിശ്‌ചയിച്ച്‌ അറിയിക്കാനുള്ള തന്ത്രപ്പാടിലാണ്‌ കെപിസിസി നേതൃത്വം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top