22 December Sunday

593 കുടുംബങ്ങൾ 
ഭൂമിക്ക്‌ അവകാശികൾ

സ്വന്തം ലേഖികUpdated: Friday Oct 4, 2024
 
കൊല്ലം
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി ജില്ലയിൽ വിതരണംചെയ്യുന്നത്‌ 593 പട്ടയം. അതിൽ പള്ളിത്തോട്ടം, മൂതാക്കര മേഖലകളിലെ 506 മത്സ്യത്തൊഴിലാളി കുടുംബങ്ങളും പത്തനാപുരം താലൂക്കിലെ 24 പട്ടികവർഗവിഭാഗ കുടുംബങ്ങളും ഭൂമിക്ക്‌ അവകാശികളാകും. 17നാണ്‌ പട്ടയമേള.  
വർഷങ്ങളായി ഭൂമി കൈവശംവയ്‌ക്കുകയും അതിൽ താമസിക്കുകയും ചെയ്യുന്നവർക്കു നൽകുന്ന പട്ടയത്തിൽ കൊല്ലം താലൂക്കിലാണ്‌ കൂടുതൽ പേർ ഭൂവുടമകളാകുന്നത്‌–- 515.  കൊട്ടാരക്കര–- 25, പുനലൂർ–- 15, പത്തനാപുരം–- 29, കുന്നത്തൂർ–- 5, കരുനാഗപ്പള്ളി–- 4 കുടുംബങ്ങൾക്കാണ്‌ പട്ടയം ലഭിക്കുക. കൊല്ലം തീരപ്രദേശത്തെ പള്ളിത്തോട്ടം മുതൽ മൂതാക്കര വരെയുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ്‌ പട്ടയം കിട്ടുന്നത്‌. മുപ്പത്‌ വർഷത്തിലധികമായി കടൽ പുറമ്പോക്കിൽ താമസിച്ചുവന്ന മത്സ്യത്തൊഴിലാളികൾക്ക്‌ സർക്കാർ പ്രത്യേക ഉത്തരവിലൂടെയാണ്‌ പട്ടയം നൽകാൻ തീരുമാനിച്ചത്‌. എം മുകേഷ്‌ എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ്‌ കൊല്ലം തീരവാസികളുടെ നീണ്ടനാളത്തെ ആവശ്യം പരിഹരിക്കപ്പെടുന്നത്‌. എം മുകേഷിന്റെ തെരഞ്ഞെടുപ്പ്‌ വാഗ്ദാനം കൂടിയായിരുന്നു പട്ടയം. പ്രളയകാലത്ത്‌ മത്സ്യത്തൊഴിലാളികൾ നടത്തിയ നിസ്വാർഥസേവനം ഉൾപ്പെടെ പരിഗണിച്ച് പ്രത്യേക ഉത്തരവിലൂടെയാണ്‌ സംസ്ഥാന സർക്കാർ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കണ്ടത്‌. തീരദേശവും പുഴ പുറമ്പോക്കും ഉൾപ്പെടെയുള്ള പുറമ്പോക്കുകളിൽ താമസിക്കുന്നവരുടെ പട്ടയ പ്രശ്നം പരിഹരിക്കാൻ  പ്രത്യേക പദ്ധതി തയ്യാറാക്കിയാണ്‌ നേട്ടം കൈവരിച്ചത്‌. സർക്കാരിന്റെ ഇച്ഛാശക്തിയിൽ കടൽ, പുറമ്പോക്ക്‌ പതിച്ചുനൽകാനുള്ള നിയമതടസ്സങ്ങളെല്ലാം പ്രത്യേക ഉത്തരവിലൂടെ പരിഹരിച്ചതോടെ കുടുംബങ്ങൾക്ക്‌ മൂന്നുമുതൽ അഞ്ച് സെന്റ്‌ ഭൂമി വരെയാണ്‌ കൈവശമാകുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top