22 December Sunday

ജനകീയ ശുചിത്വ 
പരിപാലനത്തിലേക്ക്‌ ജില്ല

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024
കൊല്ലം
മാലിന്യമുക്ത നവകേരളത്തിനുള്ള ജനകീയ പ്രചാരണപരിപാടിയുടെ ഭാഗമായി പ്രാദേശികതലംമുതൽ ടൂറിസം കേന്ദ്രങ്ങൾവരെയുള്ള ശുചീകരണ പദ്ധതികൾക്ക്‌ ജില്ലയിൽ തുടക്കമായി. ഗാന്ധിജയന്തിദിനം മുതൽ അന്താരാഷ്ട്ര ശൂന്യമാലിന്യ ദിനമായ മാർച്ച് 30വരെയുള്ള കാലയളവിൽ ജനകീയ ശുചിത്വപരിപാലന രീതി അവലംബിക്കും. വിവിധ സാംസ്‌കാരിക സംഘടനകൾ, വകുപ്പുകൾ, ഏജൻസികൾ, റസിഡന്റ്‌സ്‌ അസോസിയേഷനുകൾ, കുടുംബശ്രീ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുമായി സഹകരിച്ചാണ്‌  മാലിന്യമുക്തമാക്കാനുള്ള കർമപദ്ധതി. മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റി സെന്റർ, എംസിഎഫുകളുടെ വികസിപ്പിച്ച പ്ലാന്റുകൾ, മിനി എംസിഎഫ്‌, സിസിടിവി കാമറകൾ, ശുചിത്വവേലി, ശുചിത്വ പാർക്ക്‌, ടൗൺ സൗന്ദര്യവൽക്കരണം, ജൈവ കമ്പോസ്റ്റ് സംവിധാനം എന്നിവ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സജീവമാക്കാനാണ്‌ തീരുമാനം. 
അമിതമാലിന്യം ഉൽപ്പാദിപ്പിക്കുന്ന കേന്ദ്രങ്ങളായ ചന്തകൾ, വ്യാപാരസ്ഥാപനങ്ങൾ, ഫ്ലാറ്റുകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ മാലിന്യനിർമാർജന പ്രശ്‌നം കണ്ടെത്താനും പരിഹാരം കാണാനുമായി ആരംഭിച്ച ഗാപ് അനാലിസിസ് നടപടി എട്ടിനുള്ളിൽ പൂർത്തിയാക്കും. നിലവിൽ 70ശതമാനം തയ്യാറാക്കി കഴിഞ്ഞു. സ്ഥാപനങ്ങൾക്ക് ഹരിത ഗ്രേഡ് നൽകുന്നതിനായുള്ള ഡിജിറ്റൽ സർവേ നടന്നുവരുന്നു. എ ഗ്രേഡ് കിട്ടുന്നവയെ ഹരിതസ്ഥാപനമായി പ്രഖ്യാപിക്കുകയാണ് രീതി. ഇതിന്റെ ഭാഗമായി കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ 800 സ്ഥാപനത്തിൽ നടത്തിയ സർവേയിൽ 282 എണ്ണം യോഗ്യതനേടി. പൊതുഇടങ്ങൾ സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി 540 ചെടിച്ചെട്ടി സ്ഥാപിക്കാനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു. ഇത്തരം മാതൃകാപ്രവർത്തനങ്ങൾ മറ്റ്‌ തദ്ദേശഭരണസ്ഥാപനങ്ങളിലേക്കും വ്യപിപ്പിക്കും. ഹരിതകർമസേനാ അംഗങ്ങൾക്കുള്ള സുരക്ഷാക്കിറ്റ് നൽകലും എംസിഎഫിലേക്കുള്ള കൺവെയർ ബെൽറ്റ്, സോർട്ടിങ് ടേബിൾ, ഡി ഡസ്റ്റർ എന്നിവയുടെ വിതരണവും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തുടങ്ങിയതായി ജില്ലാ ഹരിതകേരളം മിഷൻ കോ-–-ഓർഡിനേറ്റർ എസ് ഐസക്‌ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top