22 December Sunday

പാപ്പച്ചൻ കൊലപാതകം: കുറ്റപത്രം നാളെ

സ്വന്തം ലേഖകൻUpdated: Monday Nov 4, 2024
കൊല്ലം
ബിഎസ്എൻഎൽ മുൻ ഉദ്യോഗസ്ഥൻ സി പാപ്പച്ചനെ (82) കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ചൊവ്വാഴ്‌ച സമർപ്പിക്കും. പ്രതികൾ കസ്റ്റഡിയിൽ കഴിയുമ്പോൾത്തന്നെ വിചാരണ തുടരാനാകുംവിധം പഴുതടച്ചാണ്‌ കുറ്റപത്രം സമർപ്പിക്കുന്നത്‌. കൊല്ലം ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി–-2ൽ ആണ്‌ കുറ്റപത്രം സമർപ്പിച്ചത്‌. 
സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശാസ്ത്രീയത്തെളിവുകൾ, പ്രതികളുടെ വീടുകളിൽനിന്ന്‌ കണ്ടെടുത്ത ബാങ്ക്‌ ഇടപാടുകളുടെയും മറ്റു സാമ്പത്തിക ഇടപാടുകളുടെയും രേഖകൾ, സ്വകാര്യ ധനസ്ഥാപനത്തിലെ ജീവനക്കാർ, പാപ്പച്ചന്റെയും പ്രതികളുടെയും ബന്ധുക്കൾ, കൊലപാതകം നടന്ന സ്ഥലത്തിനടുത്ത് താമസിക്കുന്നവർ തുടങ്ങിയവരുടെ മൊഴി എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ കുറ്റപത്രം തയ്യാറാക്കിയത്‌.
കേസിൽ ഒന്നാംപ്രതിയും കാർ ഓടിച്ചയാളുമായ അനിമോൻ, രണ്ടാംപ്രതി ഓട്ടോ ഡ്രൈവർ മാഹിൻ, മൂന്നാംപ്രതി സ്വകാര്യ ധനസ്ഥാപനത്തിലെ മുൻ മാനേജർ സരിത എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ കേസിൽ അതിവേഗ വിചാരണ ഉറപ്പാക്കാനാണ്‌ അന്വേഷകസംഘത്തിന്റെ ശ്രമം. നാലാംപ്രതിയും സരിതയുടെ സഹപ്രവർത്തകനുമായ അനൂപിനെ  പൊലീസ്‌ മാപ്പുസാക്ഷിയാക്കുമെന്നാണ്‌ സൂചന.
മെയ് 23ന് ആശ്രാമം ശ്രീനാരായണഗുരു സമുച്ചയത്തിനു സമീപമുള്ള റോഡിലായിരുന്നു കേസിനാസ്പദമായ സംഭവം. പകൽ 12.30നാണ് അനിമോൻ ഓടിച്ച കാറിടിച്ച് ആശ്രാമം കൈരളി നഗർ കുളിർമയിൽ പാപ്പച്ചന്‌ ഗുരുതരമായി പരിക്കേറ്റത്. ചികിത്സയിലിരിക്കെ പാപ്പച്ചൻ മരിച്ചു. വാഹനാപകടമായി കേസിന്റെ ചാർജ് നൽകാൻ ഒരുങ്ങവെയാണ് പാപ്പച്ചന്റെ സാമ്പത്തിക ഇടപാടിൽ സംശയം ഉന്നയിച്ച് മകൾ കൊല്ലം കമീഷണർക്കു പരാതി നൽകിയത്‌. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ആസൂത്രിതമായി നടത്തിയ കൊലപാതകമാണ്‌ ഇതെന്നു തെളിഞ്ഞതും പ്രതികൾ അറസ്റ്റിലായതും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top