എഴുകോൺ
കടപുഴകി വീഴാറായ കൂറ്റൻ മരങ്ങൾ, കാല് കുത്താൻ ഇടമില്ലാത്ത നിലയിൽ വളർന്നു കിടക്കുന്ന പാഴ് മരങ്ങളും കുറ്റിക്കാടുകളും വള്ളിപ്പടർപ്പുകളും ഉഗ്ര വിഷമുള്ള ഇഴ ജന്തുക്കൾ... ഒരു കാടിനെ കുറിച്ചുള്ള വിവരണമല്ലിത്. ദിവസവും നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന എഴുകോൺ റെയിൽവേ സ്റ്റേഷന്റെ ദയനീയ അവസ്ഥയാണ്. മനുഷ്യൻ കടന്ന് ചെല്ലാൻ ഭയക്കുന്ന ഇടമായി എഴുകോൺ റെയിൽവേ സ്റ്റേഷൻമാറി.
കെട്ടിടം നിൽക്കുന്ന ഭാഗവും ട്രാക്കും ഒഴികെയുള്ള പ്രദേശമാകെ കാടുമൂടി കിടക്കുകയാണ്. കൊല്ലം–- തിരുമംഗലം ദേശീയപാതയോരത്താണ് എഴുകോൺ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. ദേശീയപാതയിലേക്കും ഇലക്ട്രിക് ലൈനിലേക്കും കൂറ്റൻ മരങ്ങൾ കടപുഴകിവീണ് ഗതാഗത തടസ്സമുണ്ടാകുന്നതും വൈ ദ്യുതി തകരാറാകുന്നതും പതിവാണ്. പ്ലാറ്റ്ഫോമിന് എതിർഭാഗം വലിയ കാടാണ്. ഇഴജന്തുക്കളെ ഭയന്നാണ് യാത്രക്കാർ സ്റ്റേഷനിൽ എത്തുന്നത്. മരങ്ങൾ മുറിച്ചുമാറ്റാനോ കാട് തെളിക്കാനോ അധികൃതർ തയ്യാറാകുന്നില്ല. പ്ലാറ്റ്ഫോമിന് നീളവും ഉയരവും തീരെ കുറവാണ്. ഭൂരിഭാഗം ബോഗികളും പ്ലാറ്റ്ഫോമിന് വെളിയിലാണ് നിർത്തുന്നത്. ഈ ബോഗികളിലെ യാത്രക്കാർ പാളത്തിന്റെ ഇരുവശവും കാടുപിടിച്ച ഭാഗത്തേക്ക് ചാടിയിറങ്ങുകയോ അവിടെനിന്ന് കയറുകയോ ചെയ്യേണ്ടുന്ന സ്ഥിതിയാണ്. ദേശീയപാതയിൽനിന്ന് സ്റ്റേഷൻ മുറ്റത്തേക്കുള്ള റോഡിലും പടവുകളിലും രാത്രിയായാൽ കൂരിരുട്ടാണ്. വാഹന പാർക്കിങ്ങിനും സ്ഥലമില്ലാത്ത സ്ഥിതിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..