കരുനാഗപ്പള്ളി
ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയത മൂലം വിവിധഭാഗങ്ങളിൽ രൂപപ്പെട്ട കുഴികളിൽ വീണ് യാത്രക്കാർക്ക് അപകടങ്ങൾ ഉണ്ടാകുന്നതിന് അടിയന്തര പരിഹാരം കാണണമെന്ന് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. നാഷണൽ ഹൈവേയോടു ചേർന്നുള്ള സർവീസ് റോഡുകളുടെ നവീകരണം പൂർത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുക, നാഷണൽ ഹൈവേയുമായി ബന്ധപ്പെട്ട ഡീവിയേഷൻ ഭാഗങ്ങളിൽ കൃത്യമായ ബോർഡ് സ്ഥാപിക്കുക, ഹൈവേ വികസനത്തിനുവേണ്ടി പ്രവർത്തിക്കുന്ന അന്യസംസ്ഥാനത്തൊഴിലാളികൾ താമസിക്കുന്ന ഭാഗങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തിലുയർന്നു.
കെഎംഎംഎല്ലിൽനിന്ന് ഉണ്ടാകുന്ന അയണോക്സൈഡ് കലർന്ന മാലിന്യങ്ങൾമൂലം കുടിവെള്ളം മലിനമാകുന്നതിന് പരിഹാരം കാണുക, മണ്ഡലകാലവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയർന്നു. സുജിത് വിജയൻപിള്ള എംഎൽഎ അധ്യക്ഷനായി. തഹസിൽദാർ പി ഷിബു, ഡെപ്യൂട്ടി കലക്ടർ ബി ജയശ്രീ, ഭൂരേഖ തഹസിൽദാർ സുശീല, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അനിൽ എസ് കല്ലേലിഭാഗം, സി പി സുധീഷ് കുമാർ, തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ വിവിധ രാഷ്ട്രീയപാർടികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..