05 December Thursday

സമരമുഖത്തെ നിറചിരിക്ക് നാട്‌ വിടയേകി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2024

ഡിവൈഎഫ്ഐ പ്രവർത്തകർ അന്ത്യോപചാരം അർപ്പിക്കുന്നു

ഓയൂർ 
സമരമുഖത്തെ നിറപുഞ്ചിരിക്ക് നിറകണ്ണുകളോടെ നാട് വിട നൽകി. ഡിവൈഎഫ്ഐ വെളിനല്ലൂർ വെസ്റ്റ് മേഖലാ സെക്രട്ടറി രേവതി ഭവനിൽ ജതേഷ് കുമാർ (38) അന്തരിച്ച വിവരമറിഞ്ഞ് എത്തിയ നിരവധി ആളുകൾ കണ്ണീരിൽ കുതിർന്ന അന്ത്യപ്രണാമം അർപ്പിച്ചു.  
സമരമുഖങ്ങളിലെ യുവ സാന്നിധ്യമായിരുന്ന ജതേഷ് കഴിഞ്ഞയാഴ്ച നടന്ന സിപിഐ എം ഏരിയ സമ്മേളനത്തിലും ചുവപ്പുസേന അംഗം ആയിരുന്നു. രണ്ടുവർഷം മുമ്പായിരുന്നു വിവാഹം. ഞായറാഴ്ച ബാങ്കിൽ ജീവനക്കാർക്കും ഭരണസമിതി അംഗങ്ങൾക്കുമുള്ള ക്ലാസിൽ പങ്കെടുത്ത് വീട്ടിലെത്തുമ്പോഴാണ് അസുഖബാധിതനായി കുഴഞ്ഞുവീണത്. ഉടൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും തിങ്കൾ രാത്രി ഒമ്പതിന്‌ മരിച്ചു. ചൊവ്വ പകൽ 10.15ന്‌ ജതേഷ് ജോലി ചെയ്തിരുന്ന വെളിനല്ലൂർ സഹകരണ ബാങ്ക് ഓഫീസ് ഹാളിൽ പൊതുദർശനത്തിന് എത്തിച്ചു. 11ന്‌ വീട്ടിലെത്തിച്ച മൃതദേഹം ചടങ്ങുകൾ പൂർത്തിയാക്കി 2.30ന്‌ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: മീനു. മകൾ: നിഹാര. അമ്മ: സുമംഗലദേവി. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തോട് അനുബന്ധിച്ച്  
 വീട് വൃത്തിയാക്കുന്നതിനിടെ സഹോദരൻ ജഗേഷ് വൈദ്യുതാഘാതമേറ്റ്‌ 13 വർഷം മുമ്പും അച്ഛൻ ജനാർദനൻപിള്ള എട്ടുവർഷം മുമ്പും മരിച്ചു.  ജതേഷും ജഗേഷും ഇരട്ടകളായിരുന്നു.
ജതേഷ്‌ കുമാറിന്റെ മൃതദേഹത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് വിക്രമൻ, എസ് ജയമോഹൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡി രാജപ്പൻനായർ, പി കെ ബാലചന്ദ്രൻ, ഏരിയ സെക്രട്ടറി ടി എസ് പത്മകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ലതികാ വിദ്യാധരൻ, വൈസ് പ്രസിഡന്റ്‌ ഹരി വി നായർ, ജില്ലാ പഞ്ചായത്ത്‌അംഗം എസ് ഷൈൻകുമാർ, കവി കുരീപ്പുഴ ശ്രീകുമാർ, വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം അൻസർ, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ചിന്താജെറോം, ജില്ലാ പ്രസിഡന്റ് ശ്രീനാഥ്, സെക്രട്ടറി ശ്യാം മോഹൻ തുടങ്ങി നിരവധിപേർ അന്ത്യോപചാരം അർപ്പിച്ചു.
വൈകിട്ട് ഓയൂരിൽ ചേർന്ന അനുശോചന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം ആൻസർ അധ്യക്ഷനായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ അഭിലാഷ്, ജില്ലാ പഞ്ചായത്ത്അംഗം അഡ്വ. എസ് ഷൈൻകുമാർ, സിപിഐ എം വെളിനല്ലൂർ വെസ്റ്റ് ലോക്കൽ സെക്രട്ടറി നിസാർ അമ്പലംകുന്ന്, സിപിഐ വെളിനല്ലൂർ വെസ്റ്റ് ലോക്കൽ സെക്രട്ടറി റിയാസ്, കോൺഗ്രസ് നേതാവ് ഹരിദാസ്, മുസ്ലിംലീഗ് നേതാവ് ഉമർകണ്ണ്, ബിജെപി നേതാവ് സജിലാൽ എന്നിവർ അനുശോചിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top