23 December Monday

വാർഡ്‌ പുനർനിർണയ കരടുപട്ടിക ഇന്ന്‌ നൽകും

സ്വന്തം ലേഖകൻUpdated: Tuesday Nov 5, 2024
കൊല്ലം
ജില്ലയിൽ തദ്ദേശസ്ഥാപന വാർഡുകൾ പുനർനിർണയിച്ച ശേഷമുള്ള വോട്ടർമാരുടെ കരടുപട്ടിക ചൊവ്വാഴ്‌ച കലക്‌ടർ എൻ ദേവിദാസ്‌ സംസ്ഥാന ഡീലിമിറ്റേഷൻ കമീഷന്‌ സമർപ്പിക്കും. ഡിജിറ്റൽ മാപ്പിങ്ങിന് ഇൻഫർമേഷൻ കേരളമിഷൻ വികസിപ്പിച്ച ‘ക്യൂഫീൽഡ്’ ആപ്ലിക്കേഷൻ വഴിയാണ്‌ തദ്ദേശസ്ഥാപന സെക്രട്ടറിമാർ വാർഡുകൾ പുനർനിർണയിച്ചത്‌. സംസ്ഥാനത്ത്‌ പുനർനിർണയ പ്രവൃത്തികൾ ആദ്യം പൂർത്തിയാക്കിയത്‌ കൊല്ലം ജില്ലയിലും ഡിജിറ്റൽ മാപ്പിങ് വഴി വാർഡ്‌ പുനർനിർണയം ഇന്ത്യയിൽ ആദ്യം യാഥാർഥ്യമാകുന്നത്‌ കേരളത്തിലുമാണ്‌. 
ഡിജിറ്റൽ മാപ്പിങ്ങിലൂടെ 68 പഞ്ചായത്ത്, പരവൂർ, പുനലൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര മുനിസിപ്പാലിറ്റി, കൊല്ലം കോർപറേഷൻ എന്നിവ ഉൾപ്പെടെ 73 തദ്ദേശസ്ഥാപനം പുനർനിർണയിച്ചുള്ള കരടാണ്‌ തയ്യാറായത്‌. ഇതിന് അന്തിമ രൂപമായശേഷമാകും ജില്ലാ പഞ്ചായത്ത്‌, ബ്ലോക്ക്‌ പഞ്ചായത്ത് എന്നിവയുടെ പുനർനിർണയം. 
2011ലെ സെൻസസാണ്‌ ഡീലിമിറ്റേഷൻ കമീഷൻ പുനർനിർണയത്തിനു മാനദണ്ഡമാക്കിയത്‌. എന്നാൽ, ജനവാസമില്ലാത്ത മൈനിങ് ഏരിയ ഉൾപ്പെട്ട ആലപ്പാട്‌, വനമേഖല ഉൾപ്പെട്ട ആര്യങ്കാവ്‌, തെന്മല പഞ്ചായത്ത് എന്നിവയുടെ വാർഡ്‌ പുനർനിർണയിക്കുന്നതിൽ മാനദണ്ഡം ചില സാങ്കേതികബുദ്ധിമുട്ട്‌ സൃഷ്‌ടിച്ചെങ്കിലും ഡീലിമിറ്റേഷൻ കമീഷനുമായി ബന്ധപ്പെട്ട്‌ സമയബന്ധിമായി പൂർത്തീകരിക്കാനായി.  
ജില്ലയിൽ 68 പഞ്ചായത്തിലായി 1234 വാർഡാണ്‌ നിലവിലുള്ളത്‌. 11 ബ്ലോക്ക്‌ പഞ്ചായത്തിൽ 152 ഡിവിഷനും ജില്ലാ പഞ്ചായത്തിൽ 26 ഡിവിഷനും കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ, പരവൂർ  മുനിസിപ്പാലിറ്റിയിലായി 131 ഡിവിഷനും കൊല്ലം കോർപറേഷനിൽ 55 ഡിവിഷനുമുണ്ട്‌. ഇതിൽ ഓരോ സ്ഥാപനത്തിലും ഒരു വാർഡ്‌/ ഡിവിഷൻ വീതമാണ്‌ വർധിക്കുന്നത്‌.
2011ലെ സെൻസസ്‌ പ്രകാരം ജില്ലയിൽ 26,35,375ആണ്‌  ജനസംഖ്യ. പഞ്ചായത്തുകളിൽ തൃക്കോവിൽവട്ടമാണ്‌ മുന്നിൽ. 69,947ആണ്‌ ജനസംഖ്യ. 50,000ന്‌ മുകളിൽ ജനസംഖ്യയുള്ള ആറുപഞ്ചായത്തുകൾ കൂടി ജില്ലയിലുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top