കൊല്ലം
കലാഗ്രാമം നാടകോത്സവം സോപാനം ഓഡിറ്റോറിയത്തിൽ ആരംഭിച്ചതോടെ അരങ്ങുണർന്നത് സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ നാടകോത്സവത്തിന്.
അമച്വർ, സംഗീത–-നൃത്ത നാടകം, ആക്ഷേപഹാസ്യ നാടൻ കലാരൂപമായ കാക്കാരിശ്ശി നാടകം എന്നിവ ഉൾപ്പെടെ പല വർഷങ്ങളായി മേളയിൽ സജീവമാണ്. കേരളപ്പിറവി ദിനത്തിൽ കിഴക്കനേല കേളിയുടെ ‘ചിരുത ചിലതൊക്കെ മറന്നുപോയി' എന്ന നാടകം അവതരിപ്പിച്ചു തുടങ്ങിയ നാടകോത്സവത്തിൽ 16 നാടകം 16 ദിവസംകൊണ്ട് ആസ്വാദകരിലേക്ക് എത്തും.
സെമിനാറുകൾ, സുവനീർ പ്രകാശനം. മുഖാമുഖം എന്നിവയും ദിവസേന സംഘടിപ്പിക്കുന്നു. വൈകിട്ട് ആറുമുതൽ അനുബന്ധപരിപാടികളും ഏഴിന് നാടകാവതരണവും എന്ന തരത്തിലാണ് ക്രമീകരണം. പത്തുലക്ഷത്തിനു മുകളിൽ ചെലവ് ആവശ്യമായ മേളയിൽ പ്രവേശനം സൗജന്യമാണ്. ദിവസേനയുള്ള കൂപ്പൺ നറുക്കെടുപ്പ്, സമാപനദിവസത്തെ മെഗാ നറുക്കെടുപ്പ്, സുവനീർ പരസ്യം എന്നിവയിലൂടെ ലഭിക്കുന്ന തുക മേളയ്ക്കായി വിനിയോഗിക്കും. പത്താംവർഷ നിറവിലെത്തിയ കലാഗ്രാമം ആദ്യമായി ഇക്കൊല്ലം പ്രതിഭാപുരസ്കാരം ഏർപ്പെടുത്തിയതും ശ്രദ്ധേയമായി.
കരുനാഗപ്പള്ളി അശ്വതി ഭാവനയുടെ "പാവങ്ങൾ, തിരുവനന്തപുരം സാഹിതി തിയറ്റേഴ്സിന്റെ "മുച്ചീട്ടുകളിക്കാരന്റെ മകൾ', ചിറയിൻകീഴ് അനുഗ്രഹയുടെ "ചിത്തിര' എന്നിവ നിലവിൽ അവതരണം പൂർത്തിയാക്കി. അഞ്ചിന് കോഴിക്കോട് രംഗഭാഷയുടെ "മിഠായിത്തെരുവ്', ആറിന് പാലാ കമ്യൂണിക്കേഷൻസിന്റെ "ലൈഫ് ഈസ് ബ്യൂട്ടിഫുൾ'', ഏഴിന് കാഞ്ഞിരപ്പള്ളി അമലയുടെ "തച്ചൻ', എട്ടിന് ആലപ്പുഴ സൂര്യകാന്തി തിയറ്റേഴ്‌സിന്റെ "കല്യാണം', ഒമ്പതിന് കൊല്ലം ആത്മമിത്രയുടെ "വർണശലഭങ്ങൾ', 10-ന് കൊച്ചിൻ ചൈത്രധാരയുടെ ‘സ്നേഹമുള്ള യക്ഷി', 11-ന് കൊച്ചിൻ ചന്ദ്രകാന്തയുടെ "ഉത്തമന്റെ സങ്കീർത്തനം', 12-ന് ശ്രീശിവവിലാസം കലാസമിതിയുടെ കാക്കാരിശ്ശി നാടകം, 13-ന് തിരുവനന്തപുരം ശ്രീനന്ദയുടെ ‘യാനം', 14-ന് കോഴിക്കോട് സങ്കീർത്തനയുടെ "വെളിച്ചം', 15ന് തിരുവനന്തപുരം അതുല്യയുടെ "ശ്രീഗുരുവായൂരപ്പനും പൂന്താനവും', 16ന് കൊല്ലം സ്നേഹയുടെ "ആ ദിവസം' എന്നിവ അവതരിപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..