22 December Sunday

പ്ലാസ്റ്റിക്കിനെ കുപ്പിയിലാക്കാൻ 
കുട്ടിപ്പൊലീസ്

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2024

പൂയപ്പള്ളി ഗവ. സ്കൂൾ എസ്‌പിസിയുടെ ഇക്കോ ബ്രിക് പദ്ധതി പാലക്കോട് ജിഎൽപിഎസിൽ പൂയപ്പള്ളി എസ്ഐ എ അനീസ് ഉദ്ഘാടനംചെയ്യുന്നു

എഴുകോൺ
ഹരിതസേനയ്ക്ക് പോലും വെല്ലുവിളിയായ മൈക്രോ പ്ലാസ്റ്റിക് സംസ്കരണത്തിനു വ്യത്യസ്ത മാതൃക തീർക്കുകയാണ് പൂയപ്പള്ളി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ. കുപ്പി ഉപയോഗിച്ചുള്ള ഇക്കോ ബ്രിക്സുകൾ നിർമിച്ചാണ് മൈക്രോ പ്ലാസ്റ്റിക്കിനെ കുട്ടിപ്പൊലീസ് സംസ്കരിക്കുന്നത്. കഴിഞ്ഞ കുറേ വർഷമായി നടപ്പാക്കുന്ന ഇക്കോ ബ്രിക് പദ്ധതി ഇക്കൊല്ലം മുതൽ പൂയപ്പള്ളി, വെളിയം പഞ്ചായത്തുകളിലെ മറ്റ് സ്കൂളിലേക്കും വ്യാപിപ്പിക്കും. മിഠായിയുടെയും ചോക്ലേറ്റിന്റെയും റാപ്പര്‍, സിപ്അപ് കവര്‍ തുടങ്ങിയ ചെറുപ്ലാസ്റ്റിക് വസ്തുക്കൾ ഹരിത സേനയ്ക്കും വെല്ലുവിളിയാണ്. എന്നാൽ, ഇത്തരം മൈക്രോ പ്ലാസ്റ്റിക്കുകൾ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളിൽ ശേഖരിക്കും. 
പരമാവധി അമർത്തി മൈക്രോ പ്ലാസ്റ്റിക്കുകൾ കുത്തിനിറച്ച കുപ്പികളാണ് ഇക്കോ ബ്രിക്സുകൾ. ഇങ്ങനെ തയ്യാറാക്കുന്ന ഇക്കോ ബ്രിക്സുകൾ ഉപയോഗിച്ച് ചെടിച്ചട്ടികൾ, ബഞ്ച്, ഡസ്ക് തുടങ്ങിയവ നിർമിക്കുന്നു. ഏറ്റവും മികച്ച രീതിയിൽ ഇക്കോ ബ്രിക്സുകൾ തയ്യാറാക്കുന്ന സ്കൂളിനും വിദ്യാർഥികൾക്കും സമ്മാനവും നൽകും. പദ്ധതി ബോധവൽക്കരണവും ഇക്കോ ബ്രിക്സ് നിർമാണവും വെളിയം പാലക്കോട് ജിഎൽപിഎസിൽ പൂയപ്പള്ളി എസ്ഐ എ അനീസ് ഉദ്ഘാടനംചെയ്തു. സീനിയർ അസിസ്റ്റന്റ് എസ് സരളകുമാരി, ടി എസ് അമ്പിളിക്കല, കവിജ വിമൽ, ബിനു ജോർജ്, വി റാണി, ഗിരിജ, ജലജ ചന്ദ്രൻ, സി കെ പ്രശാന്ത് എന്നിവർ പങ്കെടുത്തു. സ്കൂളിൽ കേഡറ്റുകൾ വൃക്ഷത്തൈ നട്ടു. തുടർന്ന് സമീപത്തെ എല്ലാ സ്കൂളിലും വൃക്ഷത്തൈ നടും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top