20 December Friday

യൂത്ത് കോൺഗ്രസ് നേതാവും 
സഹായിയും കഞ്ചാവുമായി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2024

 

കൊല്ലം
ആന്ധ്രാപ്രദേശിൽനിന്ന് കൊണ്ടുവന്ന 26.5 കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗവും സഹായിയും തമിഴ്നാട്ടിൽ പിടിയിൽ. പാരിപ്പള്ളി സ്വദേശിയും യൂത്ത് കോൺഗ്രസ് പാരിപ്പള്ളി മണ്ഡലം കമ്മിറ്റി അംഗവുമായ സോണി (32), സുഹൃത്ത് സജു സത്യൻ (33)എന്നിവരാണ് തമിഴ്നാട് പൊലീസിന്റെ പിടിയിലായത്. തേനി ജില്ലയിലെ ദേവദാനപ്പെട്ടി ചെക്ക്പോസ്റ്റിൽ കാറിലെത്തിയ ഇരുവരെയും പൊലീസ്‌ ചോദ്യംചെയ്തപ്പോൾ പരസ്പരവിരുദ്ധമായാണ്‌ സംസാരിച്ചത്‌. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിൽനിന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു.12,500 രൂപയും ഇവരുടെ മൊബൈൽ ഫോണും സഞ്ചരിച്ചിരുന്ന കാറും പൊലീസ് പിടിച്ചെടുത്തു. 
തിരുവനന്തപുരം വർക്കല സ്വദേശി രാജേഷ് (35)ആണ് കഞ്ചാവ് വാങ്ങാൻ സഹായിച്ചതെന്ന് ഇവർ മൊഴിനൽകി. ആന്ധ്രാപ്രദേശിലെ നെല്ലൂരിനടുത്ത് ബ്രഹ്മദേവിലെ ഒരു കമ്പനിയിലാണ് രാജേഷ്‌ ജോലി ചെയ്യുന്നത്. ഇവിടെ ഒഡീഷ്യക്കാരനായ സൂരജുമായി രാജേഷ്‌ പരിചയത്തിലായി. സൂരജ് ഒഡീഷ്യയിൽനിന്ന് കഞ്ചാവ് വാങ്ങി ആന്ധ്രപ്രദേശിൽ എത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്നയാളാണെന്ന് ഇവർ പറയുന്നു. രാജേഷ്‌ കൊല്ലത്ത് കഞ്ചാവ് വിൽക്കുന്ന സുഹൃത്ത് സോണിയെയും സജുവിനെയും ആന്ധ്രപ്രദേശിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. രാജേഷും സൂരജും ചേർന്ന് ഒഡീഷയിൽനിന്ന് കഞ്ചാവ് വാങ്ങിക്കൊണ്ടുവന്ന് സോണിക്കും സജുവിനും കൈമാറുകയായിരുന്നു. ഇത് കേരളത്തിലേക്ക് വിൽപ്പനയ്ക്ക് എത്തിക്കുന്നതിനിടെയാണ് തമിഴ്നാട്ടിൽ പിടിയിലായത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാജേഷ്, സൂരജ് എന്നിവർ ഉൾപ്പെടെ നാലുപേരെയും പ്രതിചേർത്ത് പൊലീസ് കേസ് രജിസ്റ്റർചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top