കൊല്ലം
നിർദിഷ്ട കൊല്ലം–- ചെങ്കോട്ട ഗ്രീൻഫീൽഡ് ദേശീയപാതയുടെ (കടമ്പാട്ടുകോണം–- ആര്യങ്കാവ് 744) നിർമാണത്തിന് വനമേഖലയിൽ ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച സംയുക്ത പരിശോധന പുരോഗമിക്കുന്നു. കേന്ദ്ര വനംമന്ത്രാലയവും കൺസൾട്ടന്റ് ഏജൻസിയും ചേർന്നുള്ള പരിശോധന തെന്മല പഞ്ചായത്തിലെ ഉറുകുന്ന് വനമേഖലയിൽനിന്നാണ് തുടങ്ങിയത്. പാത കടന്നുപോകേണ്ട ആര്യങ്കാവ് പഞ്ചായത്തിലെ വനമേഖലയിലും പരിശോധന നടക്കുന്നുണ്ട്. വനംമന്ത്രാലയത്തിന്റെ ഡൽഹി ടീമിനൊപ്പം അലൈൻമെന്റ് തയ്യാറാക്കിയ കൺസൾട്ടന്റ് ഏജൻസിയായ ഭോപാൽ കേന്ദ്രമായ ചൈതന്യ കൺസ്‌ട്രക്‌ഷൻ കമ്പനി ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന. സംസ്ഥാന വനം വകുപ്പ് ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. പരിശോധനാ റിപ്പോർട്ട് ദേശീയപാത അതോറിറ്റി തിരുവനന്തപുരം പേട്ടയിലെ റീജണൽ ഓഫീസിൽ സമർപ്പിക്കും. സംസ്ഥാന വനംവകുപ്പ് അംഗീകാരത്തിനായി കേന്ദ്ര വനംമന്ത്രാലയത്തിന് സമർപ്പിച്ച കൺസൾട്ടന്റ് ഏജൻസി തയ്യാറാക്കിയ അലൈൻമെന്റിൽ മാറ്റം വേണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് സംയുക്ത പരിശോധന നടത്തുന്നത്.
ഉറുകുന്ന് മുതൽ ആര്യങ്കാവ്‌വരെയാണ് പാതയുടെ ഒന്നാം റീച്ച് നിർമാണം. ഇവിടെ 21 കിലോമീറ്ററിൽ കൂടുതലും വനമേഖലയാണ്. അതിനാൽ ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര വനംവകുപ്പിന്റെ സാങ്കേതികാനുമതി ആവശ്യമാണ്. ഇതിനായി ‘ഭൂമി പോർട്ടൽ' വഴി ദേശീയപാത അധികൃതർ വിവരങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. നിലവിൽ ഏഴുമീറ്റർ വീതിയുള്ള റോഡിനെ 30 മീറ്ററിലേക്ക് വികസിപ്പിക്കുകയാണ് ചെയ്യുന്നത്. അയിരനല്ലൂർ, ഇടമൺ വില്ലേജുകളിലെ അലൈൻമെന്റിലും നേരിയ മാറ്റം വന്നേക്കുമെന്ന സൂചനയുണ്ട്. ഇവിടെയും വനഭൂമിയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..