ശാസ്താംകോട്ട
ശാസ്താംകോട്ട താലൂക്കാശുപത്രിക്കായി അനുവദിച്ച സ്ഥലം കൈമാറ്റം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് കുന്നത്തൂർ താലൂക്ക് വികസന സമിതിയിൽ തീരുമാനിച്ചു. താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തില്‍ കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷനായി. പകർച്ചവ്യാധികൾ വ്യാപകമായ സാഹചര്യത്തിൽ താലൂക്ക് പരിധിയിലെ ഇറച്ചിക്കടകളിൽ പരിശോധന നടത്തി നിയമാനുസൃതമല്ലാത്തവയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു. ആഞ്ഞിലിമൂട്ടിൽ വഴിയാത്രക്കാർക്കും സമീപവീടുകൾക്കും ഭീഷണിയായി നിൽക്കുന്ന മരം മുറിച്ചുമാറ്റുന്നതിന് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. നെടിയവിള ജങ്ഷനിൽ ഇരുസൈഡിലും ബസ് ബേ മാർക്ക് ചെയ്യും. കോട്ടക്കകത്ത് മുക്ക്-–- വെള്ളച്ചിറ ജങ്ഷൻ ഭാഗം അറ്റകുറ്റപ്പണിചെയ്ത് സഞ്ചാരയോഗ്യമാക്കുന്നതിന് സ്ഥലപരിശോധന നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനിയറെ ചുമതലപ്പെടുത്തി.
വിവിധ പഞ്ചായത്തുകളിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് നാല് കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിച്ചു. ബാക്കിയുള്ള സർവീസുകളുടെ കാര്യത്തിൽ ഗതാഗത മന്ത്രിയുമായി ചർച്ച നടത്തുന്നതിനും തീരുമാനിച്ചു. പടിഞ്ഞാറെ കല്ലട വാർഡുകളിലെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിലേക്ക് കണത്താർകുന്നം ക്ഷേത്രത്തിനു സമീപത്തെ സ്ഥലത്ത് സെപ്‌തംബർ 14നു മുമ്പായി ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിന് കെഎസ്ഇബിയെ ചുമതലപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുന്ദരേശൻ, പടിഞ്ഞാറെ കല്ലട പഞ്ചായത്ത് പ്രസിഡന്റ് സി ഉണ്ണിക്കൃഷ്ണൻ, കുന്നത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി, മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ, പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, വിവിധ രാഷ്ട്രീയപാർടി പ്രതിനിധികൾ, തഹസിൽദാർ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..