07 November Thursday

കണ്ണങ്കാട്ടുകടവ്‌ പാലം: നഷ്‌ടപരിഹാരത്തുക 8ന്‌

സ്വന്തം ലേഖകൻUpdated: Wednesday Nov 6, 2024

കല്ലടയാറിന്‌ കുറുകെ കണ്ണങ്കാട്ടുകടവിൽ പാലം നിർമിക്കുന്ന സ്ഥലം

കൊല്ലം
കൊല്ലം –-കുന്നത്തൂർ താലൂക്കുകളെ ബന്ധിപ്പിച്ച്‌ കല്ലടയാറിനു കുറുകെ കണ്ണങ്കാട്ടുകടവിൽ പാലം യാഥാർഥ്യമാകുന്നതിനുള്ള അനിശ്ചിതത്വം അവസാനിക്കുന്നു. പാലം നിർമാണത്തിനു ഭൂമി വിട്ടുനൽകിയവർക്കുള്ള നഷ്‌ടപരിഹാരത്തുക വിതരണംചെയ്യാൻ നടപടി പൂർണമായതോടെയാണ്‌ നാടിന്റെ പ്രതീക്ഷ പൂവണിയുന്നത്‌. എട്ടിനു പകൽ രണ്ടിന്‌ കലക്ടറേറ്റിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ നഷ്‌ടപരിഹാരം കൈമാറും. പടിഞ്ഞാറെകല്ലട, മൈനാഗപ്പള്ളി, ശാസ്‌താംകോട്ട, മൺറോതുരുത്ത്‌ പഞ്ചായത്ത്‌ നിവാസികളുടെ ചിരകാല സ്വപ്‌നമാണ്‌ കണ്ണങ്കാട്ടുകടവ്‌ പാലം. ചവറ മണ്ഡലത്തിലെ തേവലക്കര നിവാസികൾക്കും പാലം തുറന്നിടുന്നത്‌ വലിയ യാത്രാസൗകര്യമാണ്‌. 
കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ ആവശ്യപ്രകാരം പാലം നിർമാണത്തിന്‌ കിഫ്ബി 24.21കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, ഭൂമി ഏറ്റെടുക്കൽ നടപടി വൈകി. 0.55 ഹെക്ടർ ഭൂമിയാണ്‌ കല്ലടയാറിന്റെ ഇരുകരകളിൽനിന്ന് റവന്യു വകുപ്പ്‌ ഏറ്റെടുത്തിട്ടുള്ളത്‌. മൺറോതുരുത്ത് പഞ്ചായത്തിലെ 33പേരുടെ ഭൂമിയും പടിഞ്ഞാറെ കല്ലടയിൽ ഏഴുപേരുടെയും ഭൂമിയാണ്‌ ഏറ്റെടുത്തത്‌. നഷ്‌ടപരിഹാരം കൈമാറുന്നതോടെ ഏറ്റെടുത്ത ഭൂമിയുടെ രേഖകൾ റവന്യു ഉദ്യോഗസ്ഥർ പിഡബ്ലുഡി ബ്രിഡ്‌ജസ്‌ വിഭാഗത്തിന്‌ കൈമാറും. തുടർന്ന്‌ സാങ്കേതികാനുമതി ഉറപ്പാക്കിയശേഷം ടെൻഡർ നടപടിയിലേക്ക്‌ നീങ്ങും. മൂന്നുമാസത്തിനകം ടെൻഡർ നടപടി പൂർത്തീകരിച്ച്‌ കരാർ നൽകാനാകുമെന്ന്‌ പൊതുമാരാമത്ത്‌ പാലം വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. 158മീറ്റർ നീളത്തിലും 15മീറ്റർ വീതിയിലും അഞ്ച്‌ സ്പാനുകളിലാണ്‌ പാലം നിർമിക്കുക. കേരള റോഡ്‌സ് ഫണ്ട് ബോർഡിനാണ്‌ നിർമാണച്ചുമതല. മൺറോതുരുത്തിൽ 590മീറ്റർ നീളത്തിലും പടിഞ്ഞാറെ കല്ലടയിൽ 125മീറ്റർ നീളത്തിലും അപ്രോച്ച് റോഡും നിർമിക്കും.
അകലം കുറയും; 
യാത്ര എളുപ്പം
അഷ്‌ടമുടിക്കായലിനു കുറുകെ പെരുമൺ പാലവും കല്ലടയാറിന്‌ കുറുകെ കണ്ണങ്കാട്ടുകടവ്‌ പാലവും യാഥാർഥ്യമാകുന്നതോടെ കൊല്ലത്തേക്കുള്ള യാത്ര എളുപ്പമാകും. കുന്നത്തൂർ, ചവറ മണ്ഡലം നിവാസികൾക്ക്‌ കാരാളിമുക്കിൽ എത്തി കണ്ണങ്കാട്ടുകടവ്‌, പെരുമൺ, അഞ്ചാലുംമൂട്‌ വഴി അതിവേഗം കൊല്ലത്ത്‌ എത്താം. കാരാളിമുക്ക്‌ –- കൊല്ലം യാത്രയിൽ (ദേശീയപാത വഴി)നിന്ന് 13 കിലോമീറ്റർ ലാഭിക്കാം. കൊല്ലത്തുനിന്ന് ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ഭാഗത്തേക്കും യാത്ര എളുപ്പമാകും. കാരാളിമുക്കിൽനിന്ന് ശാസ്‌താംകോട്ട, ഭരണിക്കാവിൽ എത്തി താമരക്കുളം, ചാരുംമൂട്‌ വഴി ആലപ്പുഴ, കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്ക്‌ പോകാം. പത്തനംതിട്ട യാത്രക്കും ഉപകരിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top