കരുനാഗപ്പള്ളി
തഴവ സർക്കാർ കോളേജ് ജനുവരി ഒന്നുമുതൽ പുതിയ കെട്ടിടത്തിലേക്ക് മാറും. ചിറ്റുമൂലയ്ക്ക് സമീപം വൈഎംഎം സെൻട്രൽ സ്‌കൂൾ കെട്ടിടത്തിലേക്കാണ് മാറ്റുക. എഡിഎമ്മിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 12 ക്ലാസ് മുറികൾ, ലൈബ്രറി, ഓഫീസ്, ശുചിമുറി ഉൾപ്പെടെ മൂന്ന് നിലയുള്ള കെട്ടിടത്തിൽ കോളേജ് പ്രവർത്തിപ്പിക്കുന്നതിനുള്ള സൗകര്യമുണ്ടെന്ന് അധികൃതർ റിപ്പോർട്ട് നൽകി. സ്വകാര്യ സ്‌കൂൾ കെട്ടിടത്തിലാണ് നിലവിൽ കോളേജ് പ്രവർത്തിക്കുന്നത്. കൂടുതൽ സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ സമരംചെയ്‌തിരുന്നു. കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ കോളേജ് മാറ്റിസ്ഥാപിക്കാനും ആവശ്യമായ സ്ഥലംകണ്ടെത്താനും തീരുമാനിക്കുകയായിരുന്നു. പുതിയ സ്ഥലത്ത് കൂടുതൽ യാത്രാ സൗകര്യവുമുണ്ട്. ദേശീയപാതയിൽനിന്ന് പുതിയകാവ് -ചക്കുവള്ളി റോഡിലാണ് കെട്ടിടം. ദേശീയപാതയിൽ പുതിയകാവ് ജങ്‌ഷനിൽ ഇറങ്ങി കാൽനടയായും എത്താം. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽനിന്നും യാത്രാമാർഗമുണ്ട്.
എഡിഎം നിർമൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി ആർ മഹേഷ് എംഎൽഎ, പ്രിൻസിപ്പൽ ഇൻചാർജ് എസ് ആർ ഇന്ദുശ്രീ, അധ്യാപകരായ ടി ജി ഹരികുമാർ, ജെയിംസ് വർഗീസ്, സൂപ്രണ്ട് അനിൽ കുമാർ, വിദ്യാർഥി പ്രതിനിധികളായ അനാമിക, ആതിരാകൃഷ്ണ, ബിജിത്, പിടിഎ പ്രതിനിധികളായ റാണി, സിന്ധു എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..