കൊല്ലം
ആശ്രാമം ലിങ്ക് റോഡിന്റെ അഷ്‌ടമുടിക്കായലിലൂടെയുള്ള നാലാംഘട്ടം റീച്ചിന്റെ നിർമാണത്തിന് വൈകാതെ പച്ചക്കൊടി ലഭിക്കും. റോഡുനിർമാണത്തിന് തേവള്ളിയിലെ കടവൂർ പാലത്തിന് അടിയിയിൽ നിർമിക്കുന്ന സ്‌പാനിന്റെ നീളംകൂട്ടിയുള്ള ഡിസൈൻ സമർപ്പിച്ചാൽ നിർമാണത്തിന് അംഗീകാരം നൽകാമെന്ന് കിഫ്‌ബി അധികൃതർ എം മുകേഷ് എംഎൽഎയ്‌ക്ക് ഉറപ്പുനൽകി. നാലാംറീച്ചിന്റെ നിർമാണത്തിന് കിഫ്‌ബി ഫണ്ട് അനുവദിക്കുന്നത് നീണ്ടുപോകുന്ന വിഷയം എംഎൽഎ മുഖ്യമന്ത്രി, ധനമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് കിഫ്‌ബിയുടെ അനുകൂല നിലപാടുണ്ടായത്. നിലവിലെ രൂപരേഖ പരിഷ്‌കരിച്ച് വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) അടുത്ത കിഫ്‌ബി യോഗത്തിന് മുമ്പ് സമർപ്പിക്കാനാണ് നിർദേശം. കടവൂർ പാലത്തിന് അടിയിൽ നിർമിക്കേണ്ട സ്‌പാനിന്റെ നീളംകൂട്ടിയുള്ള രൂപരേഖ തയ്യാറാക്കാൻ പിഡബ്ല്യുഡി ഡിസൈൻ വിഭാഗത്തെ എംഎൽഎ ചുമതലപ്പെടുത്തി.
നാലാം റീച്ച് ഓലയിൽക്കടവിൽനിന്ന് തോപ്പിൽക്കടവുവരെയാണ്. അഷ്‌ടമുടിക്കായലിൽ കടവൂർ പാലത്തിന് അടിയിലൂടെ കടന്നുപോകുന്ന ഈ ഭാഗത്തിന്റെ നിർമാണത്തിൽ ചില ആശങ്കകൾ ഉയർന്നിരുന്നു. തുടർന്ന് എൻജിനിയർ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിക്കുകയും പരിഹാരം നിർദേശിക്കുകയും ചെയ്‌തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിസൈനിൽ മാറ്റംവരുത്തുന്നത്.
ആശ്രാമം ലിങ്ക് റോഡിന്റെ ഒന്നുംരണ്ടും ഘട്ടം നേരത്തെ പൂർത്തിയായിരുന്നു. സംസ്ഥാന സർക്കാർ അനുവദിച്ച 105 കോടി രൂപ ചെലവഴിച്ച് കെഎസ്‌ആർടിസി മുതൽ ഓലയിൽക്കടവുവരെ മൂന്നാംഘട്ടവും പൂർത്തീകരിച്ചു. കരയിലൂടെ 80.40 മീറ്റർ നീളത്തിൽ റോഡും അഷ്ടമുടിക്കായലിലൂടെ 11.1 മീറ്റർ വീതിയിലും 1004 മീറ്റർ നീളത്തിലും ഫ്ലൈഓവറും നിർമിച്ചാണ് മൂന്നാംഘട്ടം യാഥാർഥ്യമാക്കിയത്. കായലിൽ നിർമിച്ച 39 സ്‌പാനുകൾക്കു മുകളിലാണ് ഫ്ലൈഓവർ ഉറപ്പിച്ചത്. മൂന്നാംഘട്ട റോഡ് തുറന്നാൽ കെഎസ്‌ആർടിസി ഡിപ്പോ വഴി ഓലയിൽക്കടവിൽ എത്തുന്ന വാഹനങ്ങൾക്ക് കൊച്ചുകൊടുങ്ങല്ലൂർ ജങ്‌ഷനിലേക്കും ജില്ലാപഞ്ചായത്ത് റോഡിൽ എത്തിയാൽ ഇടത്തോട്ട് ഹൈസ്‌കൂൾ ജങ്‌ഷനിലേക്കും വലത്തോട്ട് അഞ്ചാലുംമൂട്ടിലേക്കും പോകാം.
നാലാംഘട്ടമായ ഓലയിൽക്കടവ് –-തോപ്പിൽക്കടവ് റോഡ് നിർമാണത്തിന് 150 കോടിയാണ് വേണ്ടത്. നാലാംഘട്ടം പൂർണമായും അഷ്ടമുടിക്കായലിലൂടെയാണ്. ബോട്ടുകൾക്ക് പോകാൻ കഴിയുംവിധം കടവൂർ പാലത്തിന് അടിയിലൂടെയാണ് നിർമാണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..