കൊല്ലം
കേരളത്തിലെ കരിമീനുകളിൽ രുചിയിൽ കേമൻ കൊല്ലം കാഞ്ഞിരകോട് കായലിലെയും തൃശൂർ അഴീക്കോട് കായലിലെയുമെന്ന് പഠനം. വേവിക്കാൻ കാഞ്ഞിരോടനും ഫ്രൈയ്‌ക്ക് അഴിക്കോട്ടെയുമാണ് കിടിലൻ. ആവിയിൽ വേവിച്ചും ഫ്രൈ ചെയ്‌തും നടത്തിയ സെൻസറി പഠനങ്ങളാണ് ഇത് വ്യക്തമാക്കുന്നത്.
രുചിയിൽ രാജാവായ കാഞ്ഞിരകോട് കരിമീനുകളെ ഭൗമസൂചിക പദവിയിലേക്ക് എത്തിക്കുന്നതിനു സഹായകരമായ പഠനം നടത്തിയത് കേരള ഫിഷറീസ് സർവകലാശാല (കുഫോസ്)യാണ്. സംസ്ഥാന മത്സ്യമായ കരിമീനുകളുടെ രുചിയുടെയും പോഷകഘടകങ്ങളുടെയും പ്രാദേശിക വ്യത്യാസങ്ങൾ കണ്ടെത്തുന്നതിന് സംസ്ഥാന സർക്കാരിന്റെ സഹായത്തോടെയുള്ള കരിമീൻ ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് പഠനം.
വേമ്പനാട് കായൽ, അഷ്ടമുടിക്കായൽ, ശാസ്താംകോട്ട കായൽ എന്നിവിടങ്ങളിലെ കരിമീനുകളിലാണ് പഠനം നടത്തിയത്. അഴിക്കോട്, പനങ്ങാട്, കുമരകം, അരിനല്ലൂർ കാഞ്ഞിരോട്, ശാസ്താംകോട്ട കായൽ പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികളിൽനിന്ന് അതിരാവിലെ ശേഖരിച്ചതും ശീതീകരിക്കാത്തതുമായ 30 മീനുകളിലായിരുന്നു പഠനം. വെള്ളത്തിന്റെ പ്രത്യേകത, ഭക്ഷണം, പ്രധാന പോഷകഘടകങ്ങൾ, അമിനോ ആസിഡ്, ഫാറ്റി ആസിഡ്, മാംസത്തിന്റെ നിറം, മൃദുത്വം, രുചി, മണം, ഘടന, രൂപം എന്നിവ പഠനവിധേയമാക്കിയാണ് കേമന്മാരെ തിരിച്ചറിഞ്ഞത്. അന്താരാഷ്ട്ര ശാസ്ത്രപ്രസിദ്ധീകരണം ‘എൽസെവിയറി’ൽ ഇത് സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചു.
ലവണാംശം കൂടിയ കാഞ്ഞിരോട്(15.3പിപിടി), അഴിക്കോട്(18.23പിപിടി) കായൽ പ്രദേശങ്ങളിൽനിന്നാണ് ഏറ്റവും രുചികരമായവ ലഭിച്ചത്. ഇവയുടെ ആഹാരക്രമത്തിൽ കൂടിയ തോതിൽ ആൽഗകൾ (75.91%), ജന്തു പ്ലവകങ്ങൾ (3.19%)എന്നിവ കണ്ടെത്തി. എല്ലാ കരിമീനിലും അമിനോആസിഡുകളുടെ അനുപാതംവളരെ മികച്ചതാണ്. അഴിക്കോട് കരിമീനുകളിൽ മികച്ച ഫാറ്റി ആസിഡിന്റെ അനുപാതമുണ്ട്. കുഫോസിലെ അസി. പ്രൊഫസർ ബിനു വർഗീസിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, സിഎംഎഫ്ആർഐ എന്നിവർ പങ്കാളികളായി. ഡോ. അഭിലാഷ്, ഡോ. ചിരഞ്ജീവ്, ഡോ. ടി വി ശങ്കർ, ഡോ. കാജൽ ചക്രവർത്തി, ഡോ. ദേവിക, വിഘ്‌നേഷ് എന്നിവരാണ് മറ്റ് ഗവേഷകർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..