അഞ്ചൽ
പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി വീണ്ടും പാമ്പുകടിയേറ്റ് മരിച്ചു. ഏറം വിഷുവിൽ (വെള്ളശ്ശേരി വീട്) ഉത്ര (25)യാണ് മരിച്ചത്. വ്യാഴാഴ്‌ച രാവിലെ അമ്മ ചായകുടിക്കാൻ ഉത്രയെ വിളിച്ചിട്ടും ഉണരാതായതോടെ വീട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിലാണ് പാമ്പുകടിയേറ്റത് അറിഞ്ഞത്. അപ്പോഴേക്കും മരിച്ചിരുന്നു. ബന്ധുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോൾ മുറിക്കുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തുകയായിരുന്നു. രാത്രിയിൽ തുറന്നിട്ടിരുന്ന ജനലിലൂടെ അകത്തുകടന്ന പാമ്പ് ഉറക്കത്തിൽ കടിക്കുകയായിരുന്നെന്ന് കരുതുന്നു. ഭർത്താവ് സൂരജും മുറിയിലുണ്ടായിരുന്നു.
മാർച്ച് രണ്ടിന് ഭർത്താവിന്റെ അടൂർ പറക്കോട്ടെ വീട്ടിൽവച്ച് ഉത്രയെ അണലി കടിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ഉത്ര ചികിത്സയിലായിരുന്നു. കടിയേറ്റ കാലിൽ പ്ലാസ്റ്റിക് സർജറിയും നടത്തി. കുട്ടിയെ ഭർത്താവിന്റെ വീട്ടിലാക്കി മാതാപിതാക്കൾക്കൊപ്പം ഏറത്തെ വീട്ടിൽ വിശ്രമിക്കുകയായിരുന്നു. ഉത്രയെ വ്യാഴാഴ്‌ച തുടർ പരിശോധനയ്‌ക്ക് ആശുപത്രിയിൽ കൊണ്ടുപോകാൻ എത്തിയതായിരുന്നു എച്ച്ഡിബി ഫിനാൻസിങ് കമ്പനി ജീവനക്കാരനായ ഭർത്താവ് സൂരജ്. ഇതിനിടെയാണ് വീണ്ടും പാമ്പുകടിയേറ്റത്. വിജയസേന (ഉത്രം റബേഴ്സ്, ഏറം) ന്റെയും ആയൂർ ഗവ. ജവഹർ യുപി സ്‌കൂൾ പ്രധാനാധ്യാപിക മണിമേഖലയുടെയും മകളാണ്.മകൻ: ഒരുവയസ്സുള്ള ധ്രുവ്. സഹോദരൻ: വിഷു (അസിസ്റ്റന്റ് മാനേജർ കൊട്ടക് ബാങ്ക്, ബംഗളൂരു).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..