22 December Sunday

"പട്ടിണിയായ മനുഷ്യാ നീ പുസ്‌തകം 
കൈയിലെടുത്തോളൂ'

സുരേഷ് വെട്ടുകാട്ട്Updated: Sunday Sep 8, 2024
 
കരുനാഗപ്പള്ളി 
‘പട്ടിണിയായ മനുഷ്യാ നീ പുസ്‌തകം കൈയിലെടുത്തോളൂ... 
പുത്തനൊരായുധമാണ്‌ നിനക്കത്‌ പുസ്‌തകം കൈയിലെടുത്തോളൂ... ’  
ജർമൻ നാടകാചാര്യനും തത്വചിന്തകനുമായിരുന്ന ബ്രഹ്‌തോൾഡ്‌ ബ്രഹ്‌തിന്റെ ‘അമ്മ ’ നാടകം അക്ഷരങ്ങളും പുസ്‌തകങ്ങളും ലോകത്തെ കീഴ്‌മേൽ മറിക്കുമെന്ന്‌ കാട്ടുന്നതായിരുന്നു. അമ്മയുടെ ചുവടുപിടിച്ച്‌ കേരളത്തിലാകെ പടർന്നുപിടിച്ച ഒന്നായിരുന്നു സാക്ഷരതാ പ്രസ്ഥാനങ്ങൾ. ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടത്തിയ സാക്ഷരതായജ്ഞം മലയാളിയുടെ വിജ്ഞാനമുന്നേറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു. പ്രാഥമിക വിദ്യാഭ്യാസമേഖലയിൽനിന്ന്‌ കൊഴിഞ്ഞുവീണവർക്ക്‌ മറ്റുള്ളവർക്കൊപ്പം തുല്യതയിലെത്താൻ സാക്ഷരതാമിഷൻ നടപ്പാക്കിയ തുല്യതാപരീക്ഷകൾ ആധുനിക സാക്ഷരതാ പ്രസ്ഥാനങ്ങളായാണ്‌ കണക്കാക്കുന്നത്‌. പ്രാഥമിക വിദ്യാഭ്യാസഘട്ടത്തിൽ കൊഴിഞ്ഞുവീണ്‌ തുല്യതാ പരീക്ഷയിലൂടെ നിയമ വിദ്യാർഥിയും ഹയർസെക്കൻഡറിയിൽ മികച്ച വിജയവും നേടിയ മൂന്നു വീട്ടമ്മമാരുടെ കഥ അക്ഷരസ്‌നേഹികൾക്ക്‌ പ്രചോദനമാണ്‌.  
കരുനാഗപ്പള്ളി മണപ്പള്ളി ജെസി ഭവനത്തിൽ തങ്കമ്മ ഗീവർഗീസ്‌ 62–--ാം വയസ്സിൽ ഹയർസെക്കൻഡറിയിൽ ഉന്നതവിജയം നേടി  തുടർപഠനത്തിന്‌ പോകാനൊരുങ്ങുകയാണ്‌.  ശാസ്താംകോട്ട ബ്ലോക്കിനു കീഴിൽ പോരുവഴി ഗവ. എച്ച്എസ്എസിലെ തുല്യതാപഠന കേന്ദ്രത്തിൽ സാക്ഷരത കോ-–- ഓർഡിനേറ്റർ ശ്രീകുമാരിയുടെ നേതൃത്വത്തിലാണ്‌ ഹയർസെക്കൻഡറിയിൽ ഉന്നത വിജയം നേടിയത്‌. കർഷകനായ രാജുവാണ്‌ ഭർത്താവ്.  മക്കൾ രണ്ടുപേരും വിവാഹിതരായി വിദേശത്തും മറ്റും കുടുംബമായി താമസിക്കുകയാണ്‌.   
ഓച്ചിറ മഠത്തിൽകാരായ്മ കൊയ്‌പ്പള്ളിത്തറയിൽ 59 വയസ്സുള്ള സരസ്വതി കായംകുളം എംഎസ്എം കോളേജിൽ പ്രീഡിഗ്രിക്ക്‌ പഠിച്ചുവെങ്കിലും പൂർത്തിയാക്കിയില്ല. വിവാഹം കഴിഞ്ഞതോടെ പഠനം ഉപേക്ഷിച്ചു. എൽഐസി ഏജന്റായ സരസ്വതിക്ക്‌ ഉള്ളിൽ ഹയർ സെക്കൻഡറി മോഹം കനലായി അവശേഷിച്ചിരുന്നു. സാക്ഷരതാ കോ–-- ഓർഡിനേറ്ററായ സന്തോഷിന്റെ സഹായത്തോടെ മികച്ച വിജയം നേടി. ഭർത്താവ് പ്രസാദിന്റെ പിന്തുണ കരുത്തായി. 
ഉമയനല്ലൂർ തഴുത്തല നയനം വീട്ടിൽ അഖില സുരേന്ദ്രൻ ഹയർസെക്കൻഡറിയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുമ്പോൾ  പ്ലസ്‌ വൺ വിദ്യാർഥിയായ മകനായിരുന്നു പഠനത്തിൽ കൂട്ട്‌. ഭർത്താവ്‌ സജി. മുഖത്തല ബ്ലോക്കിനു കീഴിൽ കണ്ണനല്ലൂർ എംകെഎൽഎം എച്ച്എസ്എസിൽ കോ–-- ഓർഡിനേറ്റർ ഷീബയുടെ സഹായത്തോടെ ആയിരുന്നു അഖിലയുടെ നേട്ടം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top