23 December Monday
റീചാർജിങ്‌ പദ്ധതി

4 ക്വാറികളിൽ ബാത്തിമെട്രിക് സർവേ ഉടൻ

സ്വന്തം ലേഖികUpdated: Tuesday Oct 8, 2024
 
കൊല്ലം
ജില്ലയിൽ ക്വാറി റീചാർജിങ്‌ പദ്ധതി നടപ്പാക്കുന്ന നാല്‌ ക്വാറികളിലെ ബാത്തിമെട്രിക് സർവേ ഉടൻ തുടങ്ങും. ഉപയോഗശൂന്യ പാറമടകളിലെ വെള്ളം കൃഷിക്കും ജലസേചനത്തിനും ഉപയോഗിക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതിയുടെ സർവേ 23നകം പൂർത്തിയാക്കാനാണ്‌ ലക്ഷ്യം. 
സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ്‌ സർവേ പൂർത്തിയാക്കുക. നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ അനർട്ടിന്റെ സഹായത്തോടെയാകും പദ്ധതി നടപ്പാക്കുക. നെടുവത്തൂർ കോട്ടാത്തല, കുളക്കട വെണ്ടാർ, വെളിയം കായില, ഏരൂർ ഇളവറാംകുഴി ക്വാറികളിലാണ്‌ ബാത്തിമെട്രിക്‌ സർവേ നടത്തുക. ഇത്‌ ഉൾപ്പെടെ സംസ്ഥാനത്ത്‌ 30 ക്വാറിയിൽകൂടി ഹരിതകേരളം മിഷൻ റീചാർജിങ്‌ പദ്ധതി നടപ്പാക്കും. ഇതിനായി സംസ്ഥാന ബജറ്റിൽ മൂന്നുകോടി രൂപ വകയിരുത്തിയിട്ടുണ്ട്‌. 
മറൈൻ സർവ്വേ വകുപ്പിന്റെ ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗമാണ് ഏരൂർ, വെളിയം, കുളക്കട പഞ്ചായത്തുകളിലെ ക്വാറികളിൽ സർവേ നടത്തുക. നെടുവത്തൂരിൽ ഹരിതകേരളം മിഷനും സർവേ നടത്തും. പാറമടകളിൽ എത്ര ആഴത്തിലും അളവിലും വെള്ളം ഉണ്ടെന്ന്‌ കണ്ടെത്തുകയാണ്‌ മുഖ്യലക്ഷ്യം. കരീപ്രയിൽ ഉപയോഗശൂന്യമായ ക്വാറിയിലെ വെള്ളം കൃഷിക്കും ജലസേചനത്തിനും ഉപയോഗിക്കുന്നതിനായി നടപ്പാക്കിയ "ഹരിത തീർഥം ’ പദ്ധതി വൻ വിജയമായതോടെ ഇതേ മാതൃകയിലുള്ള പദ്ധതി സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ഇടപെടലിനെ തുടർന്നാണ്‌ പദ്ധതി വ്യാപിപ്പിക്കുന്നത്. 
പാറമടകളിൽനിന്നുള്ള വെ ള്ളം സൗരോർജം ഉപയോഗിച്ച് പമ്പ്‌ ചെയ്ത് ഏലാകളിലേക്ക്‌ ഒഴുക്കാനാണ്‌ നീക്കം. അനർട്ടിന്റെ സഹായത്തോടെ സോളാർ പാനൽ ഘടിപ്പിച്ചാകും ജലസേചനം. ജലസേചനം ആവശ്യമില്ലാത്ത സാഹചര്യത്തിൽ വൈദ്യുതി കെഎസ്‌ഇബിക്ക്‌ കൈമാറുന്നതിനാൽ തദ്ദേശസ്ഥാപനങ്ങൾക്ക്‌ അധിക വരുമാനവും കൈവരും. ക്വാറി റീചാർജ് വ്യാപിപ്പിക്കുക വഴി ജലക്ഷാമവും ഒരുപരിധിവരെ പരിഹരിക്കാനാകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top