കൊല്ലം
വിദ്യാർഥികളുടെ കരുതൽ തണലിൽ നിർധനകുടുംബത്തിന് വീടൊരുങ്ങി. കൊല്ലം എസ്എൻ കോളേജിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് അമ്മയും മൂന്നു മക്കളുമുള്ള കുടുംബത്തിന് വീട് നിർമിച്ചത്. രണ്ടുപേർ ക്യാമ്പസിലെ വിദ്യാർഥികളായിരുന്നു. 2022 മാർച്ചിൽ ആരംഭിച്ച വീട് നിർമാണം പൂർത്തിയായി. പഴയാറ്റിൻകുഴി സ്വദേശികളായ നാലുപേരും ഒക്ടോബർ അവസാനത്തോടെ വാടകവീട്ടിൽനിന്നു സ്വന്തം വീട്ടിലേക്ക് മാറുന്നതോടെ തെളിയുക മനുഷ്യത്വത്തിന്റെ ചരടിൽ കോർത്ത മാതൃക.
അഞ്ചുലക്ഷം രൂപയാണ് നിർമാണച്ചെലവിനായി യൂണിറ്റ് കണ്ടെത്തി നൽകിയത്. ഫുഡ് ഫെസ്റ്റ്, പൊതുപരിപാടികളിൽ സ്റ്റാൾ സംഘടിപ്പിക്കൽ, ഫിലിം ഫെസ്റ്റ്, കൂപ്പൺ വിൽപ്പന, പൊതുപിരിവ് തുടങ്ങിയ വിവിധങ്ങളായ ക്യാമ്പയിനുകളിലൂടെയാണ് പണം സമാഹരിച്ചത്. സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് സംഘടിപ്പിച്ച കേരളീയം ഫെസ്റ്റിലെ യൂണിറ്റിന്റെ സ്റ്റാൾ ജനശ്രദ്ധ നേടിയിരുന്നു.
നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ തൊഴിലാളിയായും വളന്റിയർമാർ പങ്കാളിത്തം അറിയിച്ചു. രണ്ടുമുറിയും ഹാളും ശുചിമുറിയും അടുക്കളയും ഉൾപ്പെടെ 500 സ്‌ക്വയർഫീറ്റിലാണ് നിർമാണം പൂർത്തിയായത്. വളണ്ടിയർമാർ വിവിധമത്സരങ്ങൾ പങ്കെടുത്ത് സമ്മാനത്തുകയും വീട് നിർമാണത്തിന് ഉപയോഗിച്ചു ചിട്ടയായതും സമൂഹത്തിന് കൈത്തങ്ങാകുന്നതുമായ പ്രവർത്തനങ്ങളിലൂടെ കേരള സർവകലാശാലയുടെ 2022–--23 അധ്യയന വർഷത്തിലെ മികച്ച എൻഎസ്എസ് യൂണിറ്റ്, മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പുരസ്കാരങ്ങൾ, നോ ടു ഡ്രഗ്സ് നേട്ടം എന്നിവ കരസ്ഥമാക്കിയിരുന്നു.
ജില്ലയിലെ തീരദേശ മേഖല കേന്ദ്രീകരിച്ച് കിടപ്പുരോഗികൾക്കായുള്ള ഇടം പാലിയേറ്റീവ് കെയർ, ലഹരിവിരുദ്ധ തനതു പരിപാടികൾ, സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ എന്നിവയ്ക്കു പുറമെ മൂന്നുവർഷമായി മുടക്കമില്ലാതെ എല്ലാ ബുധനും പൊതിച്ചോറ് വിതരണം ചെയ്യുന്ന സുഭിക്ഷം പദ്ധതിയും സംഘടിപ്പിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..