കൊല്ലം
അറുപത്തിരണ്ട-ാമത് കൊല്ലം ജില്ലാ ശാസ്ത്രോത്സവം വ്യാഴവും വെള്ളിയും പുനലൂരിൽ നടക്കും. പുനലൂർ ഗവ. എച്ച്എസ്എസ്, സെന്റ് ഗൊരേറ്റി എച്ച്എസ്എസ് എന്നിവിടങ്ങളിലാണ് വേദികൾ. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവൃത്തി പരിചയമേളകളിലായി മൂവായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കും.
വ്യാഴാഴ്ച സെന്റ് ഗൊരേറ്റി എച്ച്എസ്എസിൽ പ്രവൃത്തി പരിചയമേളയും ഗവ. എച്ച്എസ്എസിൽ സാമൂഹ്യശാസ്ത്രമേളയും നടക്കും. വെള്ളിയാഴ്‌ച ഗവ. എച്ച്എസ്എസിൽ ശാസ്ത്രമേളയും സെന്റ് ഗൊരേറ്റി എച്ച്എസ്എസിൽ ഗണിതശാസ്ത്രമേളയും നടക്കും. ഇരുദിവസങ്ങളിലുമായി ഐടി മേളയും സെന്റ് ഗൊരേറ്റിയിൽ നടക്കും.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി സാമൂഹ്യശാസ്ത്രമേളയിൽ ആറിനം വീതം നടക്കും. ഗണിതശാസ്ത്രമേളയിൽ 12, ശാസ്ത്രമേളയിൽ നാല്, ഐടി മേളയിൽ ഏഴ് ഇനം വീതവുമുണ്ടാകും. പ്രവൃത്തി പരിചയമേളയിൽ 27 ഇനവും 34 പ്രദർശന മത്സരം വീതവും അരങ്ങേറും. 12 ഉപജില്ലയിൽനിന്ന് ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് ജില്ലാ മേളയിൽ പങ്കെടുക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ 1629 കുട്ടികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 1329 കുട്ടികളുമാണ് മാറ്റുരയ്ക്കുന്നത്. അധ്യാപകരുടെ ടീച്ചിങ് എയ്ഡ് മത്സരങ്ങളും നടത്തും.വ്യാഴം രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ ശാസ്ത്രോത്സവം ഉദ്ഘാടനംചെയ്യും. മുനിസിപ്പൽ ചെയർപേഴ്സൺ ബി സുജാത അധ്യക്ഷയാകും. വെള്ളി വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം പി എസ് സുപാൽ എംഎൽഎ ഉദ്ഘാടനംചെയ്യും. മുനിസിപ്പൽ വൈസ് ചെയർമാൻ ഡി ദിനേശൻ അധ്യക്ഷനാകും. വാർത്താസമ്മേളനത്തിൽ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടർ കെ ഐ ലാൽ, പബ്ലിസിറ്റി കൺവീനർ അനിൽകുമാർ, പരവൂർ സജീബ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..