03 December Tuesday

ഫ്ലോട്ടിങ്‌ ബ്രിഡ്ജ് 
കൊല്ലം ബീച്ചിൽ

സ്വന്തം ലേഖകൻUpdated: Wednesday Nov 8, 2023
കൊല്ലം
വിനോദ സഞ്ചാരികളുടെ സ്വപ്‌നമായ ഫ്ലോട്ടിങ്‌ ബ്രിഡ്ജ് യാഥാർഥ്യമാക്കുക കൊല്ലം ബീച്ചിൽ. പദ്ധതി ഏതു ഭാഗത്ത്‌ നടപ്പാക്കണമെന്ന് അന്തിമ തീരുമാനം എടുക്കുന്നത്‌ കേരള അഡ്വഞ്ചർ ടൂറിസം സൊസൈറ്റി നൽകുന്ന സാങ്കേതിക അനുമതിയുടെ അടിസ്ഥാനത്തിലാകും. ഇതിന്റെ ഭാഗമായി അഡ്വഞ്ചർ ടൂറിസം സൊസൈറ്റി ഉദ്യോഗസ്ഥ സംഘം ബീച്ച്‌ സന്ദർശിച്ച്‌ പരിശോധന നടത്തി. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആവശ്യപ്രകാരമായിരുന്നു പരിശോധന. സൊസൈറ്റി നൽകുന്ന സാങ്കേതിക റിപ്പോർട്ട്‌ പരിശോധിച്ച്‌ കലക്ടർ സ്ഥലം സംബന്ധിച്ച്‌ അന്തിമ തീരുമാനമെടുക്കും. ഫ്ലോട്ടിങ്‌ ബ്രിഡ്ജ് തങ്കശേരിയിൽ സ്ഥാപിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇതിനായി മലപ്പുറം ആസ്ഥാനമായുള്ള തൂവൽതീരം എന്ന ഏജൻസിയെ ഫ്ലോട്ടിങ്‌ ബ്രിഡ്ജ് സ്ഥാപിക്കാനായുള്ള കരാറിൽ തെരഞ്ഞെടുത്തിരുന്നു. തുടർന്ന്‌ ഏജൻസി നടത്തിയ പരിശോധനയിൽ തങ്കശേരിയിൽ ബ്രേക്ക്‌വാട്ടർ ടൂറിസം പദ്ധതി നടപ്പാക്കിയതുമൂലം കടൽത്തിരമാലകൾക്കു വേണ്ടത്ര ശക്തിയില്ലെന്നും ഇത്‌ ഫ്ലോട്ടിങ്‌ ബ്രിഡ്ജിനെ ബാധിക്കുമെന്നും കണ്ടെത്തി. ഓളം തള്ളുകയും അതിന്റെ ആസ്വാദനം ഫ്ലോട്ടിങ്‌ ബ്രിഡ്ജിലുള്ള വിനോദസഞ്ചാരികൾക്ക്‌ അനുഭവപ്പെടുകയും വേണമെന്ന്‌ ഏജൻസി ടൂറിസം വകുപ്പിനെയും ഡിടിപിസിയെയും അറിയിക്കുകയായിരുന്നു. ഇതേത്തുടർന്നാണ്‌ കൊല്ലം ബീച്ചിലേക്ക്‌ പദ്ധതി മാറ്റുന്നത്‌ സംബന്ധിച്ച ആലോചനവന്നത്‌. തീരത്തുനിന്ന് കുറഞ്ഞത്‌ 150മീറ്റർ ദൂരം കടലിലേക്കാണ്‌ ഹൈ ഡെൻസിറ്റി പോളി എഥിലിൻ പ്ലാസ്റ്റിക് ഉപയോഗിച്ച്‌ ഫ്ലോട്ടിങ്‌ ബ്രിഡ്ജ് നിർമിക്കുന്നത്. തങ്കശേരി ബ്രേക്ക് വാട്ടർ ടൂറിസം പദ്ധതി ഉദ്ഘാടന സമ്മേളനത്തിൽ എം മുകേഷ്‌ എംഎൽഎയുടെ ആവശ്യപ്രകാരം മന്ത്രി മുഹമ്മദ് റിയാസാണ്‌ ഫ്ലോട്ടിങ്‌ ബ്രിഡ്ജ് പ്രഖ്യാപിച്ചത്.
മുഴപ്പിലങ്ങാടി ബീച്ചിലെ മാതൃകയിലാകും കൊല്ലത്തും ഫ്ലോട്ടിങ്‌ ബ്രിഡ്ജ് സ്ഥാപിക്കുക. തൂവൽതീരം ഏജൻസിയാണ്‌ മുഴപ്പിലങ്ങാടിയിലും ഫ്ലോട്ടിങ്‌ ബ്രിഡ്‌ജ്‌ സ്ഥാപിച്ചത്‌. പ്രൈവറ്റ്‌ പബ്ലിക്‌ പാർട്ടിസിപ്പേഷൻ (പിപിപി)മാതൃകയിലാണ്‌ പദ്ധതി. പദ്ധതിക്കായുള്ള സ്ഥലം സർക്കാർ നൽകും. ഫ്ലോട്ടിങ്‌ ബ്രിഡ്‌ജ്‌ സ്ഥാപിക്കാനുള്ള ചെലവ്‌ പൂർണമായും നിർവഹിക്കുന്നത്‌ കരാറിലേർപ്പെടുന്ന ഏജൻസിയാണ്‌. ഇതിന്റെ നിയന്ത്രണവും മേൽനോട്ടവും ടൂറിസം വകുപ്പിനായിരിക്കും. അതു നിർവഹിക്കുക ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലാണ്‌. പദ്ധതി നടപ്പാക്കുന്നതും പരിപാലിക്കുന്നതും ഏജൻസിയാണ്‌. ഓപ്പറേറ്റ്‌ ചെയ്യുന്നയിലൂടെയുള്ള വരുമാന വിഹിതം സർക്കാരിന് ലഭിക്കും. ഇതു സംബന്ധിച്ച വ്യവസ്ഥകൾ എങ്ങനെയെന്ന്‌ കലക്ടറുടെ സാന്നിധ്യത്തിൽ തീരുമാനമുണ്ടാകും. നിശ്ചിത വർഷത്തേക്കാകും ഏജൻസിയുമായി കരാർ. അതുകഴിഞ്ഞ്‌ കരാർ പുതുക്കുകയോ അല്ലെങ്കിൽ ഡിടിപിസിക്ക്‌ നേരിട്ട്‌ നടത്തുകയോ ചെയ്യാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top