22 December Sunday

വി സാംബശിവൻ 
ഗ്രാമോത്സവം10 മുതൽ

സ്വന്തം ലേഖകൻUpdated: Friday Nov 8, 2024
കൊല്ലം
വി സാംബശിവൻ ഫൗണ്ടേഷന്റെയും സാംസ്കാരിക വകുപ്പിന്റെയും നേതൃത്വത്തിൽ കഥാപ്രസംഗകലയുടെ ശതാബ്ദി സമാപന ആഘോഷമായ സാംബശിവൻ ഗ്രാമോത്സവം ചവറ തെക്കുംഭാഗത്ത് നടക്കും. വി സാംബശിവൻ സ്മാരകത്തിൽ 10, 11, 12, 13 തീയതികളിലാണ് കലാപരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിച്ചിരിക്കുന്നത്. ആറ്‌  പ്രൊഫഷണൽ കഥാപ്രസംഗം, ഓട്ടൻതുള്ളൽ, വിൽപ്പാട്ട്, ഗാനമേള, കവിയരങ്ങ് എന്നിവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
10നു രാവിലെ 10ന് വിളംബരദിനം സുജിത് വിജയൻപിള്ള എംഎൽഎ ഉദ്ഘാടനംചെയ്യും.  തുടർന്ന് ഏഴ് ലഘു കഥാപ്രസം​ഗം അരങ്ങേറും. കാഥിക തൊടിയൂർ വസന്തകുമാരി മോഡറേറ്ററാകും. 11നു രാവിലെ 9.30ന് കാഥികൻ കിളിമാനൂർ സലിംകുമാർ ‘ശകുനി' കഥ അവതരിപ്പിക്കും. രണ്ടിന്‌ രുക്‌മിണീ സ്വയംവരം ഓട്ടൻതുള്ളൽ.തുടർന്ന് സാംബശിവൻ ഗ്രാമോത്സവം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ്‌ ചാൻസലർ ജഗതിരാജ് ഉദ്ഘാടനംചെയ്യും. 12നു രാവിലെ 10ന് പൊതുസമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്യും. തുടർന്ന് സൂരജ് സത്യൻ ‘രമണൻ',  വിനോദ് ചമ്പക്കര ‘കുഞ്ചൻ നമ്പ്യാർ' എന്നീ കഥകൾ അവതരിപ്പിക്കും. 13നു രാവിലെ 10ന് നരിക്കൽ രാജീവിന്റെ ‘പ്രിയപ്പെട്ടവളിൽനിന്ന് ഒരു കത്ത്'  കഥാപ്രസംഗം നടക്കും.
പകൽ രണ്ടിന് വസന്തകുമാർ സാംബശിവൻ ‘റാണി' കഥ പറയും. 3.30ന് സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. കേരള കലാമണ്ഡലം വൈസ്‌ ചാൻസലർ ബി അനന്തകൃഷ്ണൻ കഥാപ്രസം​ഗ ശതാബ്ദി സമാപന സന്ദേശം നൽകും. തുടർന്ന് കാഥിക സംഗമവും ആദരിക്കലും. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ഭാരവാഹികളായ വസന്തകുമാർ സാംബശിവൻ, ആർ രവീന്ദ്രൻ, ബാജി സേനാധിപൻ, ആർ സന്തോഷ്‌ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top