കടയ്ക്കൽ
കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നതിനു പുറമെ കൂട്ടമായെത്തി മനുഷ്യനെ ആക്രമിക്കാനും തുടങ്ങിയത് ജില്ലയുടെ കിഴക്കൻ മലയോര മേഖലയെ ഭീതിയിലാഴ്‌ത്തി. കഴിഞ്ഞ രണ്ടു ദിവസമായി നടന്ന ആക്രമണത്തിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കുളത്തൂപ്പുഴ കടമാൻകോട് ശിവപുരത്തും കടയ്ക്കൽ പെരിങ്ങാടും അച്ചൻകോവിലിലുമാണ് കാട്ടുപന്നി ആക്രമണം രൂക്ഷമായത്.
കുളത്തൂപ്പുഴ കടമാൻകോട് ശിവപുരം കണ്ടൻചിറ ഓയിൽപാം തോട്ടത്തിൽ കാട് വെട്ടിക്കൊണ്ടിരുന്ന സാം നഗർ സ്വദേശിനി ബേബി (65)യെ കഴിഞ്ഞ ദിവസം കാട്ടുപന്നി ആക്രമിച്ചു. ഓടിമാറുന്നതിനിടെ നിലത്തുവീണ ഇവരെ ആക്രമിച്ച പന്നി കാലിലെ മാംസം കടിച്ചെടുത്തു. എല്ല് തെളിഞ്ഞ നിലയിലായിരുന്നു. സാരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബേബിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി കാൽ മുറിച്ചുമാറ്റി. കടയ്ക്കൽ പെരിങ്ങാട് ആർ എസ് വിലാസത്തിൽ സുലോചന (60)യെ ആടിന് തീറ്റ ശേഖരിക്കുന്നതിനിടെയാണ് ആക്രമിച്ചത്. വലതുകൈക്ക് ഗുരുതര പരിക്കേറ്റ ഇവരെ കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ചൻകോവിലിൽ മൂന്നുപേർക്കാണ് പരിക്കേറ്റത്. അച്ചൻകോവിൽ മുരുപ്പേൽ വീട്ടിൽ തങ്കയ്യ (64), പരമേശ്വരൻ (50), ബിജു (46) എന്നിവരെയാണ് പന്നി ആക്രമിച്ചത്. നാലുസെന്റ് കോളനിക്കു സമീപത്തായിരുന്നു ആക്രമണം. റോഡരികിലൂടെ നടന്നുവരുന്നതിനിടയിൽ വീടുകൾക്കു സമീപത്തുനിന്ന് ഇറങ്ങിവന്ന പന്നി മൂന്നുപേരെയും ഇടിച്ചിട്ടു.
മരച്ചീനി, വാഴ, ചേന, ചേമ്പ് മുതൽ റബർ വരെയുള്ള എല്ലാ കൃഷിയും പ്രദേശത്ത് പ്രതിസന്ധിയിലായിരിക്കുകയാണ്. നൂൽ കമ്പികളിൽ പടക്കംവച്ചുള്ള വേലി മുതൽ സോളർ വേലിവരെ വച്ച് പന്നികളെ തുരത്താൻ ശ്രമിച്ചെങ്കിലും രക്ഷയില്ലാതായി എന്ന് കർഷകർ പറയുന്നു. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തും വായ്പയെടുത്തുമെല്ലാം കൃഷിയിറക്കിയ കർഷകർ കടുത്ത പ്രയാസത്തിലാണ്. ഏരൂർമുതൽ ചിതറവരെ നീണ്ടുകിടക്കുന്ന ഓയിൽ പാം ഇന്ത്യയുടെ എസ്റ്റേറ്റുകൾക്ക് സമീപവും കുളത്തൂപ്പുഴ, മടത്തറ എന്നിവിടങ്ങളിലെ വനാതിർത്തികളിലും കല്ലട, ഇത്തിക്കര ആറുകളുടെ വശങ്ങളിലുമാണ് കാട്ടുപന്നി ശല്യം അതിരൂക്ഷം. പന്നികൾ വേഗത്തിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഉൾപ്പെടെയുള്ള വാഹനങ്ങളിൽതട്ടി യാത്രക്കാർക്ക് പരിക്കേൽക്കുന്ന നിരവധി സംഭവങ്ങളും അടുത്തിടെ ഈ മേഖലയിലുണ്ടായി. കൃഷിക്കും മനുഷ്യന്റെ നിലനിൽപ്പിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള സർക്കാർ ഉത്തരവ് പാലിക്കാൻ പഞ്ചായത്തുകൾ തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് ജനവാസമേഖലയിൽ ഇറങ്ങുന്നവയെ വെടിവച്ചുകൊല്ലാൻ തുടങ്ങിയിട്ടുണ്ട്. ആര്യങ്കാവ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അച്ചൻകോവിലിലാണ് കഴിഞ്ഞ ദിവസം 75 കാട്ടുപന്നികളെ വെടിവച്ചുകൊന്നത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു ഷൂട്ടർമാരുടെ നേതൃത്വത്തിൽ പന്നികളെ വെടിവച്ചുകൊന്നത്. തൊഴിലുറപ്പു തൊഴിലാളികളുടെ സഹായത്തോടെ ഇവയെ മറവ് ചെയ്തു. മൂന്നാമത്തെ തവണയാണ് അച്ചൻകോവിൽ മേഖലയിൽ കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നത്. മലയോര മേഖലയിലെ മറ്റ് പഞ്ചായത്തുകളും പന്നിശല്യം ഒഴിവാക്കാനായി വെടിവെച്ച് കൊല്ലാൻ തീരുമാനിച്ചിരിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..