കൊല്ലം
കുറ്റമറ്റ അന്വേഷണത്തിലൂടെയും ശാസ്ത്രീയ തെളിവുശേഖരണത്തിലൂടെയും മികവുകാട്ടി കേരള പൊലീസ്. പ്രതികളുടെ ഫോൺവിളികളും ലാപ്‌ടോപ്പിലെ വിവരങ്ങളും സംയോജിപ്പിച്ചുള്ള ശാസ്ത്രീയ അന്വേഷണം സർക്കാരിനും പൊലീസിനും അഭിമാനനേട്ടമായി. രാഷ്ട്രസുരക്ഷയെ ബാധിക്കുന്ന കേസിന്റെ അന്വേഷണം പൊലീസിന് അഭിമാനം പകരുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായ മുൻ എസിപി ജോർജ് കോശി പറഞ്ഞു. വിധിയിൽ പൂർണസന്തോഷമുണ്ട്.
എൻഐഎ പിടിച്ചെടുത്ത തെളിവുകളും സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്ത തെളിവുകളും കൂട്ടിയോജിപ്പിക്കാൻ സാധിച്ചതാണ് കേസിൽ നിർണായകമായത്. സംസ്ഥാനത്ത് ബോംബ് ഭീഷണിയോ അട്ടിമറി സാധ്യതകളോ ഇല്ലാത്ത സാഹചര്യത്തിൽ ആളപായമൊന്നും ഉണ്ടാകാത്തവിധം നടത്തിയ സ്‌ഫോടനം മുന്നറിയിപ്പായാണ് കണക്കാക്കിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസ് സംയുക്തമായാണ് കേസന്വേഷണം നടത്തിയത്. വിവരങ്ങൾ എൻഐഎയുമായി പങ്കുവച്ചിരുന്നു. ആന്ധ്രപ്രദേശ്, കേരളം, കർണാടകം എന്നിവിടങ്ങളിൽ സ്ഫോടനമുണ്ടായിട്ടും തമിഴ്നാട്ടിൽ സ്ഫോടനം ഉണ്ടായില്ലെന്നത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊല്ലം, ചിറ്റൂർ, മൈസൂരു, മലപ്പുറം എന്നിവിടങ്ങളിൽ സ്ഫോടനം നടന്നയിടത്തെല്ലാം ഒരേ മൊബൈലിന്റെ സാന്നിധ്യം കണ്ടെത്തിയതും നിർണായകമായി. തമിഴ്നാട്ടിലെ വില്ലുപുരം സ്വദേശിയുടേതായിരുന്നു ഫോൺ. പിന്നീടാണ് പ്രതികളെ ചെന്നൈ, മധുര എന്നിവിടങ്ങളിൽനിന്ന് പിടികൂടിയത്.
‘നെക്‌സ്റ്റ് ഗോൾ’
രണ്ടാംപ്രതി കരിംരാജ കൊല്ലത്തുവന്ന് കലക്ടറേറ്റിന്റെ ചിത്രം എടുത്തതും രണ്ടാമത് ഇയാൾ വീണ്ടുമെത്തി ലക്ഷ്‌മിനടയിൽനിന്ന് മൊബൈൽ റീചാർജ് ചെയ്‌ത രേഖകളും കോടതിയിൽ വഴിത്തിരിവായി. അഞ്ച് സ്‌ഫോടനമാണ് വിവിധ സ്ഥലങ്ങളിലായി നടന്നത്. പ്രതികൾ ഒടുവിലായി കൈമാറിയ വോയ്‌സ് മെസേജിൽ ‘നെക്‌സ്റ്റ് ഗോൾ’ എന്നാണ് പറയുന്നത്. അതിൽനിന്നു സ്‌ഫോടനം തുടരാനാണ് ഇവർ ലക്ഷ്യമിട്ടിരുന്നതെന്ന് വ്യക്തമായി.
സിം ഉപയോഗിച്ചത് നെല്ലൂർ സ്‌ഫോടനവിവരം കൈമാറാൻ
പ്രതികളുടെ ലാപ്ടോപുകളും മൊബൈലുകളും എൻഐഎ പിടിച്ചെടുത്തിരുന്നു. ബംഗളൂരുവിലെ എൻഐഎ കോടതിയിൽനിന്ന് ഈ രേഖകളുടെ എല്ലാം സാക്ഷ്യപ്പെടുത്തിയ പകർപ്പെടുത്തായിരുന്നു പൊലീസിന്റെ അന്വേഷണം. ബോംബ് സ്ഥാപിച്ച ഓരോ സ്ഥലത്തും പ്രതികൾ വെവ്വേറെ സിം കാർഡ് ഉപയോഗിച്ചാണ് പരസ്പരം ബന്ധപ്പെട്ടിരുന്നത്. പൊലീസ് അന്വേഷണത്തിൽ കൊല്ലത്ത് ലക്ഷ്മിനടയിലെ കടയിലെത്തി ഷംസുൺ കരിംരാജ സിം കാർഡ് വാങ്ങിയെന്ന് വ്യക്തമായി. നെല്ലൂരിൽ സ്ഫോടനം നടത്തിയശേഷം കൂട്ടുപ്രതികളെ വിവരം അറിയിക്കുന്നതിനാണ് ഇത് ഉപയോഗിച്ചത്.
കോയമ്പത്തൂർ സ്വദേശിയുടെ വ്യാജ ആധാർകാർഡ് നിർമിച്ചാണ് സിംകാർഡ് വാങ്ങിയത്. കരിംരാജ കൊല്ലത്തെ ടവറിനുകീഴിൽ ഉണ്ടായിരുന്നതിന്റെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. സിം കാർഡ് വിറ്റ കടക്കാരനും പ്രതിയെ തിരിച്ചറിഞ്ഞു.
നിർണായകമായത് ദൃക്സാക്ഷിയുടെ മൊഴി
രണ്ടാംപ്രതി ജീപ്പിനു സമീപം ബോംബ് വച്ചശേഷം ഓട്ടോറിക്ഷയിൽ കയറിമടങ്ങിയത് കണ്ടതായി ഒരാൾ സാക്ഷിമൊഴി നൽകിയിരുന്നു. പ്രതിയെ ഇയാൾ തിരിച്ചറിയുകയും ചെയ്തു. ഇദ്ദേഹത്തിന്റെ വിവരങ്ങൾ രഹസ്യമായാണ് സൂക്ഷിച്ചിരിക്കുന്നത്. കരിംരാജ എടുത്ത കലക്ടറേറ്റിന്റെ ചിത്രങ്ങൾ മൂന്നാം പ്രതി ദാവൂദ് സുലൈമാന്റെ ലാപ്ടോപ്പിൽനിന്ന് കണ്ടെത്തിയിരുന്നു. ഒന്നും മൂന്നും പ്രതികളുമായി കരിംരാജ ബന്ധപ്പെട്ടതിന്റെ മൊബൈൽ ഫോൺ വിവരങ്ങളും കോടതിയിൽ ഹാജരാക്കി. ബോംബ് നിർമിക്കാൻ ഉപയോഗിച്ച ടിഫിൻബോക്‌സ്, പടക്കം, ബാറ്ററി, വയർ, ഫ്യൂസ് എന്നിവ വാങ്ങിയ കടകളിലും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഈ കച്ചവടക്കാരും പ്രതികളെ തിരിച്ചറിഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..