22 December Sunday
പൊതുമുതൽ നശിപ്പിച്ച കേസ്‌

പ്രതികൾ വീണ്ടും വിചാരണയ്ക്ക് ഹാജരാകണം

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024
കൊല്ലം
സ്ഫോടനക്കേസിന്റെ വിചാരണ തുടങ്ങിയ 2023 ആഗസ്‌ത്‌ ഏഴിന്‌ വിലങ്ങുപയോഗിച്ച് ജില്ലാ സെഷൻസ് കോടതിയുടെ ജനൽചില്ല് തകർത്ത സംഭവത്തിലും പ്രതികൾ വിചാരണ നേരിടണം.  ആന്ധ്രയിലെ കടപ്പ ജയിലിൽനിന്നു കൊണ്ടുവന്ന നാലു പ്രതികളും ചേർന്നാണ് അക്രമം നടത്തിയത്.
കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ തുടങ്ങിയിട്ടില്ല. സ്ഫോടനക്കേസിൽ വിട്ടയിച്ച ഷംസുദീനടക്കം നാലു പ്രതികളും കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട്‌ കോടതിയിൽ വിചാരണയ്ക്കായി വീണ്ടും എത്തണം. പൊതുമുതൽ നശിപ്പിച്ചത്‌ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ്‌ പ്രതികൾക്കെതിരെ പ്രത്യേകം കേസെടുത്തിട്ടുള്ളത്.
കടപ്പാ ജയിലിൽനിന്ന്‌ ഇവരെ കൊല്ലത്ത്‌ എത്തിച്ചതിനു പിന്നാലെയായിരുന്നു ആക്രമണം. സാക്ഷിവിസ്താരം കഴിഞ്ഞപ്പോൾ തുടർന്നുള്ള ദിവസങ്ങളിലെ വിചാരണ വീഡിയോ കോൺഫറൻസിങ്‌ വഴിയാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഓരോ ദിവസവും പ്രതികളെ കൊണ്ടുവരുന്നത് സുരക്ഷാ പ്രശ്നം ഉണ്ടാക്കുമെന്നതിനാൽ ഇവരെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ പാർപ്പിച്ച്  വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു ആവശ്യം. 
പ്രതിഭാഗം അഭിഭാഷകനും ഇത് അംഗീകരിച്ചു. വീഡിയോ കോൺഫറൻസിങ്ങിലൂടെ വിചാരണ നടത്താമെന്ന കോടതി ഉത്തരവിന്റെ പകർപ്പ് ടൈപ്പ് ചെയ്ത് ലഭിക്കുന്നത് വൈകിയതോടെയാണ് പ്രതികൾ പ്രകോപിതരായത്. പകൽ 3.30ന് തിരികെ പൊലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചപ്പോൾ ‘ജഡ്‌ജിയെ കാണണ'മെന്ന് പ്രതികൾ ആവശ്യപ്പെട്ടു. മൂൻകൂട്ടി അനുമതിയില്ലാത്തതിനാൽ അംഗീകരിക്കാനാകില്ലെന്ന്‌ പൊലീസ്‌ പറഞ്ഞപ്പോൾ 
കോടതി വരാന്തയിലെ ബെഞ്ചിലിരുന്ന പ്രതികൾ കൈകൾ ബന്ധിച്ചിരുന്ന വിലങ്ങുപയോഗിച്ച് ജനൽചില്ലുകൾ തകർക്കുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top