18 December Wednesday

ഇടപ്പണ സ്‌കൂളിൽ ഭാസ്‌കരേട്ടന്റെ കൃഷിപാഠം

സനു കുമ്മിൾUpdated: Sunday Dec 8, 2024
കടയ്ക്കൽ
ഇടപ്പണ ഗവ. ട്രൈബൽ എൽപിഎസിലെ തീൻമേശയിൽ കറിക്കുള്ള​ വകയൊരുങ്ങുമ്പോൾ ഭാസ്കരന്റെ മനസ്സ്‌​ നിറയും. വയസ്സ്‌​ 70 പിന്നിട്ട കാലത്തും ഒട്ടും ലാഭേഛയില്ലാതെ ഭാസ്കര​ൻ വിയർപ്പൊഴുക്കി വിളയിക്കുന്നതിന്റെ നേർപങ്കാണ്​ വയ്‌പുപുരയെ സമൃദ്ധമാക്കുന്നത്‌​. വെറുതെയിരുന്ന്‌ ശീലമില്ല. മണ്ണിനോട്‌ മനസ്സ്‌ നിറയെ സ്​നേഹമാണ്‌. കൊച്ചരിപ്പ ബി ആർ ഹൗസിൽ ഭാസ്കരൻ തന്റെ മുഴുവൻ സമയവും കൃഷിപ്പണിക്കായി മാറ്റിവച്ചു. ഇടപ്പണ സ്‌കൂളിലെ ഭാസ്‌കരേട്ടന്റെ കൃഷിപാഠമിതാണ്‌​. 
ചിതറ പഞ്ചായത്തിലെ അരിപ്പൽ വാർഡിലെ ഇടപ്പണ ഗവ. ട്രൈബൽ എൽപിഎസ് കുട്ടികൾക്ക്‌ ഉച്ചഭക്ഷണത്തിനൊപ്പം വിഷരഹിത പച്ചക്കറികൾകൊണ്ടുള്ള വിഭവങ്ങൾ നൽകുന്നതിൽ ഭാസ്‌കരേട്ടനുള്ള പങ്ക്‌ നിസ്‌തുലമാണ്‌. മുഴുവൻ കുട്ടികൾക്കും കഴിക്കാൻവേണ്ട പച്ചക്കറി സ്കൂൾ മുറ്റത്തുതന്നെ കൃഷിചെയ്ത് പരിപാലിക്കുന്നത്‌ ഭാസ്‌കരനാണ്‌.ഓയിൽ പാം എസ്റ്റേറ്റിൽ ഫീൽഡ് സൂപ്പർവൈസറായി വിരമിച്ച ഭാസ്കരൻ കുറച്ചുനാൾ സമീപത്തെ എൻജിനിയറിങ്‌ കോളജിൽ പൂന്തോട്ട പരിപാലകനായി. കൊറോണക്കാലത്ത് കോളേജ് പൂട്ടിയതോടെ ഇടപ്പണ സ്കൂളിലെ പാചകത്തൊഴിലാളിയായ ഭാര്യ രമണിയെ സഹായിക്കാൻ സ്കൂളിൽ വന്നുതുടങ്ങി. സ്കൂളിന് ചുറ്റും കൃഷിതുടങ്ങാം എന്ന ആശയം അങ്ങനെയാണ്‌ രൂപപ്പെടുന്നത്‌. 35 സെന്റിലാണ് സ്കൂൾ കെട്ടിടവും അനുബന്ധ ഓഫീസും. അതുകഴിഞ്ഞുള്ള എല്ലായിടത്തും ഭാസ്‌കരേട്ടന്റെ കാർഷിക പരീക്ഷണമാണ്‌. വ്യത്യസ്തമായ കൃഷിരീതിയാണ്‌ ഇദ്ദേഹം അവലംബിക്കുന്നത്‌. ഇതുവരെ എല്ലാത്തിലും നൂറുമേനി വിളവെടുത്തു. ഭാസ്‌കരേട്ടന്റെ കൃഷിയും കൃഷിയിടവും എന്നും കാണുന്ന കുട്ടികളിൽ കൃഷിയോടുള്ള താൽപ്പര്യം വർധിച്ചുവരുന്നതായി അധ്യാപകർ പറഞ്ഞു. പ്രധാനാധ്യാപിക ബീനയും സഹപ്രവർത്തകരും ഭാസ്‌കരേട്ടന്‌ സമ്പൂർണ പിന്തുണയുമായി എന്നും ഒപ്പമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top