22 December Sunday
കശുവണ്ടി വ്യവസായം

കേന്ദ്രം അടിയന്തര പാക്കേജ് പ്രഖ്യാപിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2024
കൊല്ലം
കശുവണ്ടി വ്യവസായത്തിന് അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേന്ദ്രസർക്കാരിനോട് കശുവണ്ടി വികസന കോർപറേഷൻ മാനേജ്‌മെന്റ്, ട്രേഡ് യൂണിയൻ പ്രതിനിധികളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു. 800ൽ അധികം സ്വകാര്യ ഫാക്ടറികളിലും 40 പൊതുമേഖലാ ഫാക്ടറികളിലുമായി രണ്ടര ലക്ഷത്തോളം തൊഴിലാളികൾക്ക് ഉപജീവനം നൽകിയിരുന്നതാണ്. നിലവിൽ സ്വകാര്യമേഖലയിൽ നൂറിൽതാഴെ ഫാക്ടറികൾ മാത്രമാണ്‌. തൊഴിലാളികളിലെ 95 ശതമാനം സ്ത്രീകളും സാമൂഹ്യമായി പിന്നാക്കം നിൽക്കുന്നവരുമാണ്. കേന്ദ്രസർക്കാർ തോട്ടണ്ടിക്ക് ഇറക്കുമതിച്ചുങ്കം കൊണ്ടുവന്നതും ഗുണനിലവാരം കുറഞ്ഞ പരിപ്പ് യഥേഷ്ടം ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ദേശീയ ബാങ്കുകൾ വായ്പാ തിരിച്ചടവിന് സാവകാശം നൽകാത്തതും പുനർവായ്‌പ നൽകാൻ തയ്യാറാകാത്തതും തോട്ടണ്ടിയുടെ ലഭ്യതക്കുറവും പ്രതിസന്ധിക്കു കാരണമാണ്. 156 തൊഴിൽദിനങ്ങൾ ലഭിക്കാത്തതിനെതുടർന്ന്‌ തൊഴിലാളിക്കും കുടുംബത്തിനും ഇഎസ്ഐ ചികിത്സാസൗകര്യവും ലഭിക്കുന്നില്ല. 
സംസ്ഥാനസർക്കാർ സാധ്യമാകുന്ന നിലയ്ക്ക് വ്യവസായത്തെ സഹായിക്കുന്നുണ്ട്‌. തോട്ടണ്ടി ഉൽപ്പാദക രാജ്യങ്ങളുമായി കരാർ ഉണ്ടാക്കിയാൽ മാത്രമേ ആവശ്യമായ തോട്ടണ്ടി ലഭിക്കൂ. പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് വ്യവസായത്തെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട്‌ സംസ്ഥാന വ്യവസായ, ധന മന്ത്രിമാരുടെയും എംപിമാരുടെയും വ്യവസായികളുടെയും ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും നേതൃത്വത്തിൽ ഒരുസംഘം കേന്ദ്രസർക്കാരിനെ സമീപിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ അധ്യക്ഷനായി. മാനേജിങ് ഡയറക്ടർ കെ സുനിൽ ജോൺ, ജി ബാബു, ബി സുചീന്ദ്രൻ, അഡ്വ. ശൂരനാട് എസ് ശ്രീകുമാർ, സജി ഡി ആനന്ദ്, ബി പ്രതീപ് കുമാർ, കെ രാജഗോപാൽ, ബി തുളസീധരക്കുറുപ്പ്, എസ് എൽ സജി കുമാർ, അഡ്വ. ജി ലാലു, അയത്തിൽ സോമൻ, ആർ മുരളീധരൻ, പെരിനാട് മുരളി, അഡ്വ. ടി സി വിജയൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top