കൊല്ലം
കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന പാപ്പച്ചനെ സരിതയും അനൂപും വകവരുത്തിയത് അവരിലുള്ള വിശ്വാസം മുതലെടുത്താണെന്ന് കൊല്ലം സിറ്റി പൊലീസ് കമീഷണർ വിവേക്‌കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിരമിച്ച ആനുകൂല്യം ഉൾപ്പെടെ ഒരു കോടിരൂപയോളം വിവിധ ബാങ്കിലായി പാപ്പച്ചന് നിക്ഷേപമുണ്ടായിരുന്നു. 2002ൽ ബിഎസ്‌എൻഎൽ ജനറൽമാനേജരായ വെള്ളയിട്ടമ്പലം ഓഫീസിൽനിന്ന് വിരമിച്ചയാളാണ് പാപ്പച്ചൻ. ബ്രാഞ്ചിൽ സ്ഥിരനിക്ഷേപം നടത്താൻ എക്‌സിക്യൂട്ടീവായ അനൂപാണ് പാപ്പച്ചനുമായി ആദ്യം അടുക്കുന്നത്. തുടർന്ന് പാപ്പച്ചനുമായി സൗഹൃദത്തിലായ അനൂപ് ബ്രാഞ്ച് മാനേജരായ സരിതയുമായി ചേർന്ന് 36ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിപ്പിച്ചു.
പാപ്പച്ചന്റെ കുടുംബ പശ്ചാത്തലം മനസ്സിലാക്കിയ സരിതയും അനൂപും അതിവേഗം പാപ്പച്ചന്റെ വിശ്വസ്തരായി മാറി. ബാങ്ക് ഇടപാടുകൾ പാപ്പച്ചൻ കുടുംബവുമായി പങ്കുവച്ചിരുന്നില്ല. നിക്ഷേപങ്ങൾക്ക് നോമിനിയേയും വച്ചിരുന്നില്ല. ഈ വിവരവും ഇരുവർക്കും അറിയാമായിരുന്നു. വിവിധ ബാങ്കുകളിലെ നിക്ഷേപത്തിൽനിന്ന് 50ലക്ഷം രൂപ പല തവണയായി പിൻവലിച്ച് മുത്തൂറ്റിൽ നിക്ഷേപിക്കാൻ പാപ്പച്ചൻ സരിതയെയും അനൂപിനെയും ഏൽപ്പിച്ചു. ഇതിനായി ഇരുവരും പാപ്പച്ചനിൽനിന്ന് ബ്ലാങ്ക് ചെക്ക് ഒപ്പിട്ടുവാങ്ങി. എന്നാൽ, ഇവർ തുക ബാങ്കിൽ നിക്ഷേപിക്കാതെ തട്ടിയെടുത്തു. മൂത്തൂറ്റ് ബാങ്കിന്റെ പേരിൽ വ്യാജ ഡെപ്പോസിറ്റ് രസീതും നൽകി. വീട്ടുകാരുമായി പാപ്പച്ചൻ അകന്നുകഴിഞ്ഞിരുന്നതിനാൽ പിടിക്കപ്പെടില്ലെന്ന വിശ്വാസമായിരുന്നു സരിതയ്ക്കും അനൂപിനും. എന്നാൽ, രണ്ടുമാസം കഴിഞ്ഞിട്ടും വാഗ്ദാനംചെയ്‌ത പലിശ ലഭിക്കാതായതോടെ പാപ്പച്ചൻ ചോദ്യംചെയ്തു. മുത്തൂറ്റ് ബാങ്കിലെ ചില ഉദ്യോഗസ്ഥരോട് കാര്യം സൂചിപ്പിച്ചു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെയാണ് പാപ്പച്ചനെ വകവരുത്താൻ സരിതയും അനൂപും തീരുമാനിച്ചത്. വാർത്താസമ്മേളനത്തിൽ കൊല്ലം എസിപി ഷെരീഫ്, സ്‌പെഷ്യൽ ബ്രാഞ്ച് എസിപി എ പ്രദീപ്‌കുമാർ, കൊല്ലം ഈസ്റ്റ് സിഐ അനിൽകുമാർ എന്നിവരുംപങ്കെടുത്തു.
● ക്വട്ടേഷൻ
രണ്ടര ലക്ഷത്തിന്
പാപ്പച്ചനെ കൊലപ്പെടുത്താൻ മൂന്നാം പ്രതി സരിത ഒന്നാംപ്രതി അനിമോന് ക്വട്ടേഷൻ നൽകിയത് രണ്ടരലക്ഷം രൂപയ്ക്ക്. എന്നാൽ, കൊലപാതകം കഴിഞ്ഞും പലതവണയായി അനിമോന്റെ അക്കൗണ്ടിലേക്ക് സരിതയുടെയും അനൂപിന്റെയും അക്കൗണ്ടിൽനിന്ന് 19ലക്ഷം രൂപ കൈമാറി. ഇത് സംബന്ധിച്ച് അന്വേഷണം തുടരുന്നു. മറ്റൊരു ധനസ്ഥാപനത്തിൽ ജോലിചെയ്യവേ അവിടെ വാഹനം സിസി പിടിക്കുന്നതടക്കമുള്ള ജോലി ചെയ്തിരുന്ന അനിമോനുമായുള്ള പരിചയമാണ് ക്വട്ടേഷൻ നൽകാൻ സരിതയെ പ്രേരിപ്പിച്ചത്.
● മൂന്നുതവണ
വധശ്രമം
മെയ് 18ന് ക്വട്ടേഷൻ ഏറ്റെടുത്ത ഒന്നാംപ്രതി അനിമോനും രണ്ടാംപ്രതി മാഹിനും ചേർന്ന് മൂന്നുതവണയാണ് പാപ്പച്ചനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. മെയ് 20നും 21നും 22നുമായിരുന്നു വധശ്രമം. അവ പരാജയപ്പെട്ടതോടെ സരിതയുമായി ചേർന്ന് വീണ്ടും ചർച്ച നടത്തിയാണ് ആശ്രാമത്തെത്തിച്ച് കൊലപ്പെടുത്തിയത്.
മരണത്തിൽ ദുരൂഹത ആദ്യം പറഞ്ഞത് ദേശാഭിമാനി
കൊല്ലം
സൈക്കിൾ യാത്രക്കാരനായ വയോധികന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആദ്യം റിപ്പോർട്ട് ചെയ്‌തത് ദേശാഭിമാനി. 23നു നടന്ന സംഭവം തൊട്ടടുത്ത ദിവസം മാധ്യമങ്ങളിൽ വാർത്തയായില്ല. അജ്ഞാതവാഹനം ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചതും വാഹനം നിർത്താതെ പോയതും അടുത്തദിവസം ദേശാഭിമാനി പ്രസിദ്ധീകരിച്ചു.
രക്തം വാർന്ന് പാപ്പച്ചൻ ഏറെനേരം റോഡിൽ കിടന്നു. പാർക്കിൽവന്ന കുട്ടികളാണ് പൊലീസിൽ വിവരമറിയിച്ചത്. ആംബുലൻസിലാണ് പാപ്പച്ചനെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെയായിരുന്നു മരണം. വിദേശത്തുള്ള മകനും ലഖ്‌നൗവിലുള്ള മകളും സ്ഥലത്തെത്തിയശേഷമാണ് സംസ്‌കാരം നടന്നത്.
വാഹനം തിരിച്ചറിയാവുന്ന തെളിവുകളൊന്നും ആദ്യം ലഭിച്ചിരുന്നില്ല. ഇതും ദേശാഭിമാനി വാർത്തയാക്കി. ദുരൂഹത അന്വേഷിക്കാൻ പൊലീസ് നടത്തിയ ശ്രമത്തിനൊടുവിൽ വാഗണർ കാർ തിരിച്ചറിഞ്ഞു. മദ്യപിച്ച് വാഹനം ഓടിച്ച് അബദ്ധത്തിൽ ഇടിച്ചതാണെന്നായിരുന്നു പൊലീസിന്റ ആദ്യ നിഗമനം. ഇതേത്തുടർന്ന് പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌തശേഷം നിരീക്ഷണത്തിലാക്കി. ഇതിനിടെ സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് മക്കൾ പരാതി നൽകി. തുടർന്നു നടത്തിയ സമഗ്ര അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.
ക്വട്ടേഷൻ കൊലപാതകം തെളിഞ്ഞത് പൊലീസിന്റെ അന്വേഷണ മികവിൽ
കൊല്ലം
ബിഎസ്എൻഎൽ റിട്ട. എൻജിനിയർ പാപ്പച്ചന്റെ ആസൂത്രിത കൊലപാതകം തെളിയിച്ചത് പൊലീസിന്റെ അന്വേഷക മികവ്. റോഡപകട മരണമെന്ന് കരുതിയ കേസിലാണ് പ്രതികൾ പിടിയിലായത്. ഒരു സംശയത്തിനും ഇടനൽകാതെ ഒരു മാസമായി കൊല്ലം ഈസ്റ്റ് ഐഎസ്‌എ്ച്ച്‌ഒ അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. പാപ്പച്ചനെ കാറിടിച്ചു കൊലപ്പെടുത്തിയ ക്വട്ടേഷൻ ഡ്രൈവർ അനിമോൻ അമിതമായി മദ്യപിച്ചതിനെ തുടർന്നുണ്ടായ വാഹനാപകടമെന്ന രീതിയിലാണ് കേസിനു തുടക്കം. അറസ്റ്റിലായ അനിമോനെ ജാമ്യത്തിൽ വിടുകയും ചെയ്‌തു. എന്നാൽ, പാപ്പച്ചന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും കോൾ ഡാറ്റയും പരിശോധിച്ചാണ് അന്വേഷകസംഘം പ്രതികളിലേക്ക് എത്തിയത്. മുത്തൂറ്റിൽനിന്ന് പാപ്പച്ചൻ പണം പിൻവലിച്ചുവെന്ന രേഖകൾ വ്യാജമാണെന്ന് തെളിഞ്ഞു. കൊലയ്‌ക്ക് മാസങ്ങൾ നീണ്ട ആസൂത്രണമാണ് സംഘം നടത്തിയത്. പാപ്പച്ചന് ഓലയിൽ മിനി മുത്തൂറ്റ് നിധി ലിമിറ്റഡിൽ 80 ലക്ഷം രൂപ സ്ഥിരനിക്ഷേപമുണ്ടായിരുന്നു. അതിൽനിന്ന് 25 ലക്ഷം രൂപ ആദ്യം സരിതയും അനൂപും ചേർന്ന് തട്ടിയെടുത്തതായി കണ്ടെത്തി. സൗത്ത് ഇന്ത്യൻ ബാങ്കിലും പഞ്ചാബ് നാഷണൽ ബാങ്കിലുമുള്ള 28 ലക്ഷം രൂപയും പ്രതികൾ തട്ടിയെടുത്തിരുന്നു. ഇരുവരും ചേർന്ന് നേരത്തെയും ബാങ്കിൽ തിരിമറി നടത്തിയിരുന്നതായും ഇന്റേണൽ ഓഡിറ്റിൽ കണ്ടെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..