17 September Tuesday

കരുനാഗപ്പള്ളി ടൗണിൽ പൊടിശല്യം രൂക്ഷം, യാത്രക്കാർ ദുരിതത്തിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

കരുനാഗപ്പള്ളി ടൗണിൽ രൂക്ഷമായ പൊടി ശല്യം

കരുനാഗപ്പള്ളി 
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ നടക്കുന്നതിനാൽ ചെളിയും മണലും നിറഞ്ഞ്‌ കരുനാഗപ്പള്ളി ടൗണിൽ പൊടിശല്യം രൂക്ഷമായി. ട്രാഫിക് ബ്ലോക്കും വർധിച്ചു. ഇതുമൂലം യാത്രക്കാർ ദുരിതത്തിലായി. നിലവിലുള്ള പ്രധാന റോഡിന്റെ ഒരു ഭാഗത്ത് റോഡ്നിർമാണവും മറ്റൊരു ഭാഗത്ത് ഫ്ലൈഓവറുമായി ബന്ധപ്പെട്ട പൈലിങ്‌ ജോലികളുമാണ്‌ നടക്കുന്നത്‌. റോഡിന്റെ ഒരു ഭാഗത്തുകൂടി മാത്രമാണ് നിലവിൽ ഗതാഗതം. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി നിറഞ്ഞ ചെളിയും മണലും നീക്കാത്തതിനാലാണ്‌ പ്രശ്‌നമുണ്ടായതെന്ന്‌ നാട്ടുകാർ പറഞ്ഞു. കാൽനടയാത്രക്കാരും സമീപത്തെ കച്ചവടക്കാരും ഇരുചക്രവാഹനയാത്രക്കാരുമാണ് ഏറ്റവും കൂടുതൽ പ്രയാസപ്പെടുന്നത്‌. ഓണക്കാലമായതോടെ നഗരത്തിലുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കും മറ്റുമായി നിരവധിപേരാണ് എത്തിച്ചേരുന്നത്. തിരക്ക് വർധിച്ചതോടെ ഗതാഗതക്കുരുക്കും വർധിച്ചു.
നഗരത്തിലെ രൂക്ഷമായ പൊടി ശല്യത്തിനു പരിഹാരം കാണണമെന്ന് ദേശീയപാത നിർമാണക്കമ്പനിയോട് ആവശ്യപ്പെട്ടതായി മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു പറഞ്ഞു. ഇതു സംബന്ധിച്ച് അടുത്ത ദിവസങ്ങളിൽ കമ്പനിയുമായി ആലോചിച്ച്‌ ആവശ്യമായ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ പരമാവധി ഗതാഗത നിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തുന്നതിന് പൊലീസും മറ്റ് അധികൃതരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top