കൊല്ലം
ഓട്ടിസം ബാധിതരായവരുടെ പുനരധിവാസത്തിന് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ആർദ്രതീരം പദ്ധതിയിൽ ആദ്യഘട്ടത്തിൽ 50 വില്ല നിർമിക്കും. പദ്ധതിക്കായി കണ്ടെത്തിയ പത്തേക്കർ സ്ഥലത്തിന്റെ ഡോക്യുമെന്റേഷൻ അടക്കമുള്ള പ്രവർത്തനങ്ങൾ ജനുവരിയോടുകൂടി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഫെബ്രുവരിയിൽ വില്ലകളുടെ നിർമാണം ആരംഭിക്കും.
പദ്ധതിയിൽ താൽപ്പര്യം അറിയിച്ച രക്ഷാകർത്താക്കളുടെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്റെ നേതൃത്വത്തിൽ ചേർന്നു. 35 പേരുടെ രക്ഷാകർത്താക്കൾ നേരിട്ട് പങ്കെടുത്തു. കൂടാതെ സന്നദ്ധത അറിയിച്ച, കേരളത്തിനു പുറത്തുള്ള 25 കുടുംബങ്ങൾക്കായി പ്രത്യേക ഓൺലൈൻ യോഗവും നടത്തി. മസ്കറ്റ്, ചെന്നൈ, ബംഗളൂരു, പുണെ തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥിരതാമസമാക്കിയ മലയാളികളാണ് ഓൺലൈൻ യോഗത്തിൽ പങ്കെടുത്തത്. രക്ഷാകർത്താക്കൾ ഉന്നയിച്ച സംശയങ്ങൾക്കും അഭിപ്രായങ്ങൾക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മറുപടി പറഞ്ഞു. യോഗത്തിൽ വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ക്ഷേമ സ്ഥിരംസമിതി ചെയർമാൻ അനിൽ എസ് കല്ലേലിഭാഗം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാം കെ ഡാനിയേൽ, എൻ എസ് പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.
ആജീവനാന്തം ഒപ്പം
ഓട്ടിസം ബാധിച്ചവരെയും അവരുടെ രക്ഷാകർത്താക്കളെയും ഒരുമിച്ച് എല്ലാ സൗകര്യങ്ങളോടെയും വില്ലകളിൽ ആജീവനാന്തം പാർപ്പിക്കും. സർക്കാർ, തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ രാജ്യത്തെ ആദ്യ സംരംഭമാണിത്. വില്ലകൾ നിർമിച്ച് ഓട്ടിസം ബാധിതരെ പുനരധിവസിപ്പിക്കുക എന്നത് മാത്രമല്ല വിഭാവനം ചെയ്യുന്നത്. കലാപരവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കൽ, ഓട്ടിസം പാർക്ക്, മെഡിക്കൽ സൗകര്യം, വിനോദങ്ങൾക്കായുള്ള സംവിധാനം, സ്പീച്ച് തെറാപ്പി, വാട്ടർ തെറാപ്പി തുടങ്ങിയ എല്ലാ സൗകര്യങ്ങളോടെയുമാണ് പദ്ധതി തയ്യാറാക്കുന്നത്. സ്ഥിരമായി ഡോക്ടറുടെ സേവനവും വാഹനസൗകര്യവും ഉണ്ടാകും. കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ജീവിതാവസാനം വരെ ഈ വില്ലകളിൽ താമസിക്കാം. ജില്ലാ പഞ്ചായത്തും ഗുണഭോക്താക്കളും ചേർന്നാണ് സാമ്പത്തികച്ചെലവ് വഹിക്കുന്നത്. ബന്ധുക്കളോ സഹായികളോ ഭാവിയിൽ സംരക്ഷകരായി ലഭിക്കാൻ സാധ്യതയില്ലാത്ത ഓട്ടിസം ബാധിതരുടെ കുടുംബങ്ങളെയാണ് പരിഗണിക്കുന്നത്. ആദ്യഘട്ടത്തിൽ 20 വയസ്സ് കഴിഞ്ഞ ഓട്ടിസം ബാധിതരുള്ള കുടുംബത്തെയാണ് പാർപ്പിക്കുക. ജില്ലാ പഞ്ചായത്ത് വിജയകരമായി നടപ്പാക്കുന്ന ജീവനം പദ്ധതിയുടെ മാതൃകയിൽ സൊസൈറ്റി രൂപീകരിക്കും. സുമനസ്സുകളുടെ സഹകരണവും തേടും. വിവിധ വാർഷിക പദ്ധതികളിലൂടെയും പ്രയോജനം എത്തിക്കും. പ്രോജക്ടിന് മാസ്റ്റർപ്ലാൻ തയ്യാറാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..