03 December Tuesday
തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ കൂലിയില്ല

കുടിശ്ശിക 61.56 കോടി

സ്വന്തം ലേഖികUpdated: Thursday Nov 9, 2023
കൊല്ലം
ജോലി ചെയ്തിട്ടും കൂലി ഇല്ല,  തൊഴിലുറപ്പ് തൊഴിലാളികൾ ദുരിതത്തിൽ. സെപ്തംബർ നാലുമുതൽ നവംബർ മൂന്നുവരെ 61.56കോടി രൂപയാണ് തൊഴിലാളികൾക്ക്‌ വിതരണംചെയ്യാനുള്ളത്‌. ജോലി ചെയ്ത് രണ്ടാഴ്ചയ്ക്കകം വേതനം നൽകണമെന്ന വ്യവസ്ഥ ലംഘിച്ചാണ് കേന്ദ്രസർക്കാർ കൂലി കുടിശ്ശികയാക്കിയിരിക്കുന്നത്. കൂലി നൽകാതെയും തൊഴിൽദിനങ്ങൾ വെട്ടിക്കുറച്ചും പദ്ധതിയെ  ഇല്ലാതാക്കുക എന്ന കേന്ദ്രലക്ഷ്യമാണ് ഇതിനു പിന്നിൽ.
ജില്ലയിൽ ഒന്നരലക്ഷം സജീവ തൊഴിലാളികളാണുള്ളത്‌. ഒരുമാസം ശരാശരി 12ലക്ഷം തൊഴിൽ ദിനങ്ങളാണ്‌ ഇവർക്ക്‌ ലഭിക്കുന്നത്‌. തൊഴിലുറപ്പുകൂലി 333 രൂപയാണ്. കേന്ദ്രസർക്കാർ ഇത്തവണ ബജറ്റിൽ തൊഴിലുറപ്പിനായി സംസ്ഥാനത്തിന് അനുവദിച്ചത് 62,000 കോടിയാണ്. കഴിഞ്ഞ വർഷമിത് 73,000 കോടിയായിരുന്നു.   
നിലവിൽ നാഷണൽ മൊബൈൽ മോണിറ്ററിങ്‌ സിസ്റ്റം (എൻഎംഎംഎസ്)അനുസരിച്ച്‌ ജോലിക്ക് എത്തുന്നവർ ഫോട്ടോയെടുത്ത് അപ്‌ലോഡ് ചെയ്യണമെന്ന നിബന്ധന തൊഴിലാളികളെ ദുരിതത്തിലാക്കുന്നുണ്ട്‌. നെറ്റ്‌വർക്ക് ഇല്ലാത്ത പ്രദേശങ്ങളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ സാധിക്കാതെവന്നാൽ അന്ന്‌ അവർ  ജോലിക്ക്‌ എത്തിയിട്ടില്ലെന്നാകും രേഖപ്പെടുത്തുക. 
തൊഴിലുറപ്പിനെപ്പറ്റി പഠിക്കാൻ കേന്ദ്രസർക്കാർ നിയമിച്ച അമർജിത് സിൻഹ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നാൽ കേരളത്തിൽ തൊഴിലുറപ്പ് വരുമാനം ഇല്ലാതാകും. സംസ്ഥാനങ്ങളുടെ ആളോഹരി വരുമാനം അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അതനുസരിച്ച്‌ തൊഴിലുറപ്പ് ബിപിഎൽ വിഭാഗക്കാർക്ക് മാത്രമായി ചുരുക്കണമെന്ന് കമ്മിറ്റി ശുപാർശയുണ്ട്. ഇതോടെ സംസ്ഥാനത്ത് ലക്ഷക്കണക്കിനുപേർ തൊഴിലുറപ്പിൽനിന്ന് പുറത്താകും.  സംസ്ഥാനത്ത്‌ 41 ലക്ഷം കുടുംബങ്ങൾ മാത്രമാണ് ബിപിഎൽ വിഭാഗത്തിൽപ്പെടുന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top