21 November Thursday

സ്റ്റാർട്ടപ്‌ ‘ഗ്രാന്റ്‌ ' ആക്കാൻ
സർവകലാശാല റെഡി

ജിഷ്‌ണു മധുUpdated: Saturday Nov 9, 2024

പ്രൊജക്ട് ഹൈഡ്ര പദ്ധതി വികസിപ്പിച്ച പാരിപ്പള്ളി യുകെഎഫ് എൻജിനിയറിങ് കോളേജിലെ വിദ്യാർഥികളായ 
എച്ച് വിഗ്നേഷ്, പി ജെ അപർണ, വൈഷ്ണവ്, ആദിൽ ഇഷാൻ, മുഹമ്മദ് സാദിഖ്, അഭിരാം, ആദ്യ ജിബി എന്നിവർ

കൊല്ലം 
ആശയം കൈയിലുണ്ടോ എങ്കിൽ പദ്ധതി ഓൺ ആക്കാനുള്ള സഹായം സർവകലാശാല നൽകും. കേരള സാങ്കേതിക സർവകലാശാലയ്ക്കു കീഴിൽ സംസ്ഥാനത്തെ 10 എൻജിനിയറിങ് കോളേജുകളിലെ വിദ്യാർഥികൾ വികസിപ്പിക്കുന്ന ഉൽപ്പന്നത്തിന്റെ പ്രാഥമിക രൂപം  പ്രോട്ടോടൈപ്പിന് രണ്ടുലക്ഷം രൂപയാണ് ഗ്രാന്റ്‌ അനുവദിക്കുന്നത്. ഇതിൽ പാരിപ്പള്ളി യുകെഎഫ് എൻജിനിയറിങ് കോളേജ്‌ വിദ്യാർഥികൾ വികസിപ്പിച്ച പ്രൊജക്ട് ഹൈഡ്ര പദ്ധതിയും ഇടംനേടി. സർവകലാശാലയുടെ സ്റ്റാർട്ടപ്‌ സെല്ലിന്റെ നേതൃത്വത്തിൽ വിദ്യാർഥികളിലെ നൂതന സ്റ്റാർട്ടപ്‌ ആശയങ്ങൾ വളർത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തിലാണ് യുകെഎഫ് വിദ്യാർഥികൾ വികസിപ്പിച്ച ഉൽപ്പന്നത്തിന്റെ പ്രാഥമിക രൂപത്തിന്‌ ഗ്രാന്റ്‌ ലഭിച്ചത്‌. 
കോളേജിലെ ഐഇഡിസി വിദ്യാർഥികളുടെ പ്രോജക്ട് ഹൈഡ്ര പദ്ധതി ഉൽപ്പന്നമാക്കാനാണ് സഹായം. ഉപയോഗശൂന്യ പ്ലാസ്റ്റിക് ബോട്ടിലുകൾ മെഷീനിൽ നിക്ഷേപിക്കുന്നതിന്‌ അനുസരിച്ച്‌ ശുദ്ധജലം ലഭ്യമാക്കുന്ന തരത്തിലാണ് നിർമാണം. കൂടാതെ നിക്ഷേപിക്കുന്ന ബോട്ടിലുകളുടെ പുനരുപയോഗവും നിക്ഷേപകന്റെ റിവാർഡ് പോയിന്റുകൾ ഫോൺ നമ്പരിലൂടെ ഉൾപ്പെടുത്തുന്നത് അടക്കമുള്ള സാധ്യതകളും ഇതിൽ സജ്ജമാണ്‌. പൊതുയിടങ്ങളിൽ സ്ഥാപിച്ചാൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിലേക്ക് വഴിതുറക്കാനുള്ള പദ്ധതി മികച്ച സ്വീകാര്യതയാണ് നേടുന്നത്‌. നോഡൽ ഓഫീസർ ബി വിഷ്ണുവിന്റെ നേതൃത്വത്തിൽ സിവിൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ വിഭാഗം വിദ്യാർഥികളായ എച്ച് വൈഷ്ണവ്, മുഹമ്മദ് സാദിഖ്, പി ജെ അപർണ, ആദിൽ ഇഷാൻ, ജി ആദ്യ ജിബി, വിഗ്നേഷ്, അഭിരാം എന്നിവരാണ് പദ്ധതിയുടെ പിന്നിൽ. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top