ചവറ
റാംസർ സൈറ്റിൽ ഉൾപ്പെട്ട ജൈവവൈവിധ്യങ്ങളുടെ കലവറയായ അഷ്ടമുടിക്കായലിന്റെ വൃഷ്ടിപ്രദേശ സംരക്ഷണ പദ്ധതിയുടെ ഭാഗമായി പരിശീലനവും ആക്‌ഷൻ പ്ലാൻ രൂപീകരണവും സംഘടിപ്പിച്ചു. തെക്കുംഭാഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി സുജിത് വിജയൻപിള്ള എംഎൽഎ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം എസ് സോമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസ് വിമൽരാജ്, ഷാജി എസ് പള്ളിപ്പാടൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പ്രഭാകരൻപിള്ള, വിവിധ സ്ഥിരംസമിതി അധ്യക്ഷരായ സന്ധ്യാമോൾ, സജുമോൻ, അപർണ ജയകുമാർ എന്നിവർ സംസാരിച്ചു. റിട്ട. അസിസ്റ്റന്റ് ഡയറക്ടർ കെ വി രാമാനുജൻ തമ്പി, ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ സി എ അനിത, മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടർ വി വി റീന, ഓവർസിയർ കെ ആർ രാജ്കൃഷ്ണൻ എന്നിവർ ക്ലാസ് നയിച്ചു. വൃഷ്ടിപ്രദേശത്തെ നീരൊഴുക്ക് ഫലപ്രദമായി തടയുന്നതിനു ജൈവമാതൃകയിലുള്ള പദ്ധതികൾക്ക് പ്രാധാന്യം നൽകി മണ്ണ് പര്യവേഷണ വകുപ്പും സ്റ്റേറ്റ് വെറ്റ്‌ലാൻഡ് അതോറിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. മണ്ണ് ബണ്ടുകളും മഴക്കുഴികളും തട്ടുകളായി തിരിക്കുന്ന ടെറസുകളും ജൈവവേലിയും മൂടിക്കിടക്കുന്ന തോടുകളെ പുനരുജ്ജീവിപ്പിച്ച് കയർ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കുന്ന പദ്ധതിയും വിഭാവനംചെയ്യുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..