കരുനാഗപ്പള്ളി
വ്യാജമദ്യവുമായി രണ്ടുപേർ എക്സൈസിന്റെ പിടിയിലായി. കായംകുളം കൃഷ്ണപുരം പണ്ടകശാലയിൽ വീട്ടിൽ ഉദീഷ് (37), മാവേലിക്കര കണ്ണമംഗലം തെക്ക് കൈപ്പള്ളിൽ വീട്ടിൽ ഷിബു (39) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. ഇവർ മദ്യം കടത്തിക്കൊണ്ടുവന്ന സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് ലതീഷിന്റെ നേതൃത്വത്തിൽ ആലുംപീടിക ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. നിരവധി അബ്‌കാരി, ക്രിമിനൽ കേസുകളിലെ പ്രതിയും ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ് ഉദീഷെന്ന് എക്സൈസ് പറഞ്ഞു. വ്യാജ മദ്യം നിർമാണം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് രണ്ട് മാസക്കാലയളവിനുള്ളിൽ നാലുപേർക്കെതിരെ എക്സൈസ് കേസ് എടുത്തിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. വ്യാജ മദ്യ നിർമാണം, വിതരണം രംഗത്ത് കുപ്രസിദ്ധി നേടിയ കാർത്തികപ്പള്ളി കാപ്പിൽ കിഴക്ക് മരങ്ങാട്ട് വടക്കതിൽ ഹാരീജോൺ (55), ഇപ്പോൾ പിടിയിലായ ഉദീഷ് എന്നിവർക്കെരെ നേരത്തെയും കരുനാഗപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എസ് ലതീഷിന്റെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ജി അഭിലാഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ, രജിത് കെ പിള്ള, ചാൾസ്, അൻസാർ, അജയഘോഷ്, ശ്യാംദാസ്, വനിത സിവിൽ എക്സൈസ് ഓഫീസർ രാജി എസ് ഗോപിനാഥ്, ഡ്രൈവർ അബ്ദുൾ മനാഫ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..