കടയ്ക്കൽ > ‘മത്സരങ്ങൾക്കായും പരിശീലനത്തിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുന്നയാളാണ് ഞാൻ. എവിടെയായിരുന്നാലും പത്രവായന മുടക്കാറില്ല. പ്രത്യേകിച്ച് ദേശാഭിമാനിയുടെ സ്‌പോർട്‌സ് പേജ്. എന്നെപ്പോലുള്ള സാധാരണ കായികതാരങ്ങളെ എന്നും പ്രോത്സാഹിപ്പിക്കുന്ന പത്രമാണ് ദേശാഭിമാനി ’- പരിശീലനത്തിന്റെ ഇടവേളയിൽ ബംഗളൂരുവിൽനിന്ന് ഒളിമ്പ്യൻ മുഹമ്മദ് അനസ് പറഞ്ഞു.
ജില്ലാതല സ്കൂൾ കായിക മത്സരങ്ങളിൽ പങ്കാളിയായി തുടങ്ങുമ്പോഴാണ് ദേശാഭിമാനിയും കായിക പേജും ശ്രദ്ധിച്ചു തുടങ്ങിയത്. നാട്ടിലില്ലാത്തപ്പോൾ ഓൺലൈൻ എഡിഷനിലൂടെ ദേശാഭിമാനിയുടെ പതിവ് വായനക്കാരനായി. നിലമേൽ വളയിടം സ്വദേശിയായ മുഹമ്മദ് അനസ് റിയോ, ടോക്യോ, പാരീസ് ഒളിമ്പിക്സുകളിൽ മികച്ച പ്രകടനം നടത്തിയ കായികതാരമാണ്. ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ ജേതാവായ അനസ് നിലവിൽ 400 മീറ്ററിന്റെ ദേശീയ റെക്കോഡ് ജേതാവുമാണ്. നിലമേൽ ഗവ. യുപിഎസിലും എംഎം എച്ച്എസ്എസിലുമായിരുന്നു പ്ലസ് വൺ വരെ പഠനം.
കുടവൂർ എകെഎം ഹൈസ്കൂളിലെ കായികാധ്യാപകൻ അൻസർ നിലമേലിൽ സ്ഥാപിച്ച സ്റ്റൈൽ സ്പോർട്സ് അക്കാദമിയിലായിരുന്നു തുടക്കത്തിൽ അനസിന്റെ പരിശീലനം. പിന്നീട് കോതമംഗലത്തും തിരുവനന്തപുരത്തുമായി. ദേശീയ ഗെയിംസിൽ 400 മീറ്ററിൽ വെള്ളി നേടി. ഇന്ത്യൻ ടീമിലേക്ക് സെലക്‌ഷൻ ലഭിച്ചശേഷം വിദേശരാജ്യങ്ങളിലടക്കം പരിശീലനം ലഭിച്ചു. കേന്ദ്രസർക്കാരിന്റെ അർജുന അവാർഡും സംസ്ഥാന സർക്കാരിന്റെ ജി വി രാജ അവാർഡും നേടിയ താരമാണ് അനസ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..