കൊല്ലം
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനാർഥി വിഷ്ണു വിജയൻ അഭിഭാഷകനായി എൻറോൾ ചെയ്യാൻ ഹാജരാക്കിയ എൽഎൽബി സർട്ടിഫിക്കറ്റ് വ്യാജമെന്ന് ബാർ കൗൺസിലിന് പരാതി. കേരളത്തിലെ ലോകോളേജിൽ വിദ്യാർഥിയായിരുന്ന അതേ കാലയളവിൽ രാജസ്ഥാനിലെ ഒപിജെഎസ് സർവകലാശാലയിൽനിന്ന് എൽഎൽബി പാസായെന്ന സർട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. ഇയാൾ മൂന്നുവർഷമായി വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്യുകയാണെന്നും കെഎസ്‌യു കൊല്ലം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് ഗോകുൽ കൃഷ്ണ കേരള ബാർ കൗൺസിലിന് നൽകിയ പരാതിയിൽപറയുന്നു.
വിഷ്ണു വിജയൻ കൊല്ലം കോടതിയിൽ പ്രാക്ടീസ്ചെയ്യുകയാണിപ്പോൾ. കൊട്ടിയം എൻഎസ്എസ് ലോ കോളേജിൽ 2013-–-2017വർഷം പഞ്ചവത്സര എൽഎൽബി കോഴ്സ് വിദ്യാർഥിയായിരുന്നെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ വ്യക്‌തമാക്കുന്നതായി പരാതിയിൽ പറഞ്ഞു. ഇതേ കാലയളവിൽ ഒമ്പത് സെമസ്റ്ററുകളിലേക്കും പരീക്ഷ എഴുതുന്നതിനായി സർവകലാശാല നിർദേശിച്ചിട്ടുള്ള മാനദണ്ഡ പ്രകാരമുള്ള ഹാജർ നേടി പരീക്ഷാ ഫീസ് അടച്ചതായും ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഒമ്പതു സെമസ്റ്ററുകളിലായി അമ്പതോളം പരീക്ഷകൾ കൊട്ടിയം എൻഎസ്എസ് ലോ കോളേജിൽ എഴുതിയ വിഷ്ണു വിജയൻ മൂന്നോളം വിഷയങ്ങളിൽ മാത്രമാണ് വിജയിച്ചതെന്നും വിവരാവകാശരേഖ വ്യക്തമാക്കുന്നു.
ഇതേ കാലയളവിൽ തന്നെ പഠിച്ചതായാണ് രാജസ്ഥാൻ സർവകലാശാലയുടെ എൽഎൽബി സർട്ടിഫിക്കറ്റിൽ കാണിച്ചിട്ടുള്ളത്. ബാർ കൗൺസിലിൽ വിഷ്ണു വിജയൻ ഹാജരാക്കിയ രാജസ്ഥാൻ സർവകലാശാലയുടെ സർട്ടിഫിക്കറ്റിൽ നാലുവർഷത്തെ എൽഎൽബി കോഴ്‌സെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിലെ ഒരു സർവകലാശാലയിലും നാലുവർഷ എൽഎൽബി കോഴ്സില്ല. സർട്ടിഫിക്കറ്റിനോടൊപ്പം ബാർ കൗൺസിലിൽ ഹാജരാക്കിയ ഹാജർ ഷീറ്റിൽ 2013 മുതൽ 2018 വരെ അഞ്ചു വർഷത്തേക്ക് 80 ശതമാനം ഹാജർ ലഭിച്ചെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
വിഷ്ണു വിജയന്റെ നേതൃത്വത്തിൽ നിരവധിപേർക്ക് വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തതായും പരാതിയിൽ പറയുന്നു. കൊല്ലത്ത് ‘റോയൽ വിഷൻ കൺസൾട്ടൻസി’ എന്ന പേരിൽ വ്യാജ സർട്ടിഫിക്കറ്റ് മറ്റുള്ളവർക്ക് തരപ്പെടുത്തി കൊടുക്കുന്നതിന് ഒരു സ്ഥാപനംതന്നെ തുടങ്ങി. എൽഎൽബി സർട്ടിഫിക്കറ്റിനായി അഞ്ചു ലക്ഷം രൂപയാണ് വാങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. അതേസമയം സംഘടനാ തെരഞ്ഞെടുപ്പിൽ തന്റെ വിജയം തടയാൻ സഹപ്രവർത്തകർ അപായപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നതായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനാർഥി കൗഷിക് എം ദാസ് കൊല്ലം സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..