30 October Wednesday
യൂത്ത്‌ കോൺഗ്രസ്‌ നേതാക്കളുടെ നേതൃത്വത്തിൽ

വ്യാജ സർട്ടിഫിക്കറ്റ്‌ റാക്കറ്റ്‌

സ്വന്തം ലേഖകൻUpdated: Friday Nov 10, 2023
കൊല്ലം
യൂത്ത്‌ കോൺഗ്രസ്‌ നേതാക്കളുടെ നേതൃത്വത്തിലുള്ള വ്യാജ സർട്ടിഫിക്കറ്റ്‌ റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്‌. യൂത്ത്‌ കോൺഗ്രസ്‌ കൊല്ലം ജില്ലാ പ്രസിഡന്റ്‌ സ്ഥാനാർഥി കൗശിക്‌ എം ദാസ്‌, സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനാർഥി വിഷ്‌ണു വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ‘റോയൽ വിഷൻ കൺസൾട്ടൻസി’ എന്ന പേരിൽ വ്യാജ സർട്ടിഫിക്കറ്റ്‌ വിതരണകേന്ദ്രം കൊല്ലത്ത്‌ പ്രവർത്തിക്കുന്നതായാണ്‌ സ്വകാര്യ ചാനൽ സ്‌റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുവിട്ട വിവരം. കെഎസ്‌യു മുൻ ജില്ലാ പ്രസിഡന്റായ കൗശിക്‌ എം ദാസ്‌ കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽനിന്നും സംസ്ഥാനത്തിനു പുറത്തുള്ള യൂണിവേഴ്‌സിറ്റികളിൽനിന്നും സർട്ടിഫിക്കറ്റ്‌ തരപ്പെടുത്തി നൽകാമെന്ന്‌ ചാനൽ റിപ്പോർട്ടറോട്‌ വെളിപ്പെടുത്തുന്ന ദൃശ്യങ്ങളാണ്‌ പുറത്തുവിട്ടത്‌. അഞ്ചുലക്ഷം രൂപയാണ്‌ എൽഎൽബി സർട്ടിഫിക്കറ്റിന്‌ ആവശ്യപ്പെടുന്നത്‌. 
വിഷ്‌ണു വിജയൻ വ്യാജ എൽഎൽബി സർട്ടിഫിക്കറ്റ്‌ ഹാജരാക്കി ബാർ കൗൺസിലിനെ കബളിപ്പിച്ചെന്ന്‌ കെഎസ്‌യു നേതാവ്‌ ഗോകുൽ കൃഷ്ണ ബാർ കൗൺസിലിന്‌ പരാതി നൽകിയിരുന്നു. വിഷ്ണു വിജയനും കൗശിക്കും കൊല്ലം കോടതിയിൽ പ്രാക്ടീസ് ചെയ്യുകയാണിപ്പോൾ. 2013–-- 2017വർഷം കേരളത്തിലെ ലാകോളേജിൽ വിദ്യാർഥിയായിരുന്ന അതേ കാലയളവിൽ രാജസ്ഥാനിലെ ഒപിജെഎസ് സർവകലാശാലയിൽനിന്ന്‌ എൽഎൽബി പാസായെന്ന സർട്ടിഫിക്കറ്റ്‌ ഹാജരാക്കിയെന്നാണ്‌ ബാർ കൗൺസിലിനു നൽകിയ പരാതി. കൗശികിന്റേത്‌ ഉത്തർപ്രദേശ്‌ സഹാരൻപുർ ഗ്ലോക്കൽ യൂണിവേഴ്‌സിറ്റിയുടേതാണ്‌. ഇരുവരുംചേർന്ന്‌ നടത്തുന്ന സ്ഥപനംവഴി നിരവധിപേർക്ക്‌ വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തതായും ചാനൽ വാർത്തയിൽ പറയുന്നു. വാർത്ത പുറത്തുവന്നതോടെ ഇരുവരുടെയും വക്കീൽ ഓഫീസുകളിലേക്ക്‌ എസ്‌എഫ്‌ഐ പ്രവർത്തകർ മാർച്ച്‌ നടത്തി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top