കൊല്ലം
കോവളം–- ബേക്കൽ ദേശീയ ജലപാതയിൽ ആറുമാസത്തിനുള്ളിൽ ഗതാഗതം ആരംഭിക്കാൻ നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി എല്ലായിടത്തും ആഴം ഉറപ്പാക്കാൻ ഉൾനാടൻ ജലഗതാഗത വകുപ്പ് കർശന നിർദേശം നൽകി. ഇരവിപുരം ബോട്ട് ജെട്ടി മുതൽ അഷ്ടമുടിക്കായൽ വരെയുള്ള കൊല്ലം തോട്ടിൽ മണ്ണും എക്കലും നിറഞ്ഞിട്ടുള്ള ഭാഗങ്ങളിൽ വീണ്ടും ആഴം കൂട്ടാൻ കൊല്ലം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ഓഫീസിന്റെ നേതൃത്വത്തിൽ അടിയന്തര നടപടി സ്വീകരിച്ചു. ഇരവിപുരം പാലം മുതൽ കച്ചിക്കടവ് വരെ രണ്ടാം റീച്ചിലും കല്ലുപാലം മുതൽ അഷ്ടമുടിക്കായൽ വരെ ആറാം റീച്ചിലും മണ്ണ് നീക്കംചെയ്യാൻ റീ ടെൻഡർ നടപടി പുരോഗമിക്കുന്നു. അതിനിടെ കൊല്ലം തോടിന്റെ 1.8 കിലോമീറ്റർ വരുന്ന കച്ചിക്കടവ് മുതൽ ജലകേളി കേന്ദ്രം വരെയുള്ള മൂന്നാം റീച്ചിൽ 1.7 മീറ്റർ ആഴത്തിലുള്ള നവീകരണം അന്തിമഘട്ടത്തിലാണ്. ഇതോടെ കൊല്ലം തോട് നവീകരണം പൂർത്തിയാകും. 7.86 കിലോമീറ്റർ ആണ് കൊല്ലം തോട്. ഇരവിപുരം കായൽ– -ഇരവിപുരം പാലം ഒന്നാംറീച്ചും ജലകേളി കേന്ദ്രം–-പള്ളിത്തോട്ടം പാലം നാലാം റീച്ചും പള്ളിത്തോട്ടം പാലം –- കല്ലുപാലം അഞ്ചാംറീച്ചുമാണ്. എന്നാൽ, പലയിടത്തും എട്ടുമീറ്റർ ഉയരത്തിൽ സംരക്ഷണഭിത്തി നിർമാണം അവശേഷിക്കുകയാണ്. മൂന്നാംറീച്ചിൽ സംരക്ഷണഭിത്തി നിർമാണത്തിന് മണ്ണുപരിശോധന നടത്തിയിട്ടുണ്ട്. എന്നാൽ, ഫണ്ടിന്റെ അപര്യാപ്‌തമൂലം നിർമാണം തുടങ്ങിയിട്ടില്ല. 616 കിലോമീറ്റർ വരുന്ന കോവളം–- ബേക്കൽ ദേശീയ ജലപാത 2021 ഫെബ്രുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് തുറന്നുകൊടുത്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..