കൊല്ലം
പുരപ്പുറ സൗരോർജ രംഗത്ത് രാജ്യത്ത് കൂടുതൽ വീടുകളെ "പവർഹൗസാക്കി' മാറ്റിയതിൽ കേരളം രണ്ടാം സ്ഥാനത്ത്. ലഭിച്ച 81589 അപേക്ഷയിൽ 45152 കുടുംബങ്ങൾക്ക് (55.34ശതമാനം) സോളാർ പ്ലാന്റ് സ്ഥാപിച്ചാണ് ചരിത്രം കുറിച്ചത്. 261920 കുടുംബങ്ങൾക്ക് പ്ലാന്റ് സ്ഥാപിച്ച ഗുജറാത്തിനാണ് ഒന്നാം സ്ഥാനം (69ശതമാനം). 960 പ്ലാന്റ് സ്ഥാപിച്ച പുതുച്ചേരിയാണ് (42ശതമാനം) മൂന്നാം സ്ഥാനത്ത്.
പിഎം സൂര്യഘർ പദ്ധതിയിൽ വ്യാഴം വരെയുള്ള കണക്കനുസരിച്ച് കേന്ദ്ര സർക്കാരും റിന്യൂവൽ എനർജി കോർപറേഷനും ചേർന്ന് പ്രസിദ്ധീകരിച്ച പട്ടികയിലാണ് അഭിമാന നേട്ടം.
കേരളത്തിൽ കെഎസ്ഇബിയുടെ നിതാന്ത പരിശ്രമമാണ് നേട്ടത്തിനു കാരണം. പദ്ധതിയിൽ കൂടുതൽ സബ്സിഡി ലഭിച്ച സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്ത് എത്തിയതിനു പിന്നാലെയാണ് ചരിത്രനേട്ടം. 78,000 രൂപവരെ സബ്സിഡിയുള്ള പദ്ധതി ഏപ്രിലാണ് കേരളത്തിൽ തുടങ്ങിയത്. 81589 ഉപയോക്താക്കൾ അപേക്ഷിച്ചതിൽ 45152 സോളാർനിലയം സ്ഥാപിച്ചു. 368.20 എംഡബ്ലിയു സ്ഥാപിക്കാനുള്ള അപേക്ഷകളിൽനിന്ന് 181.54 എംഡബ്ലിയു സൗരനിലയങ്ങൾ ആണ് സ്ഥാപിച്ചത്. ഇതിൽ 32877 ഉപയോക്താക്കൾക്ക് 256.2 കോടി രൂപ സബ്സിഡി നൽകി.
ഒരു കിലോവാട്ട് പ്ലാന്റ് സ്ഥാപിക്കാൻ 30,000 രൂപയും രണ്ടു കിലോവാട്ട് പ്ലാന്റിന് 60,000 രൂപയും മൂന്നു കിലോവാട്ടിനു മുകളിലുള്ള സൗരോർജ പ്ലാന്റുകൾക്ക് 78,000 രൂപയുമാണ് സബ്സിഡി. മൂന്നു കിലോവാട്ടിന്റെ പ്ലാന്റ് സ്ഥാപിച്ചാൽ പ്രതിമാസം 360 യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാം. ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിൽ സ്വന്തം ഉപയോഗം കഴിഞ്ഞ് ശേഷിക്കുന്നത് കെഎസ്ഇബിക്ക് വിൽക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..