30 December Monday
മുളയറച്ചാൽ മാലിന്യ പ്ലാന്റ്‌

കോഴി മാലിന്യവുമായെത്തിയ ലോറികൾ തടഞ്ഞു

സ്വന്തം ലേഖകൻUpdated: Tuesday Dec 10, 2024
ഓയൂർ
വെളിനല്ലൂർ പഞ്ചായത്ത് മുളയറച്ചാൽ മാലിന്യ പ്ലാന്റിലേക്ക് കോഴി മാലിന്യവുമായി വന്ന ലോറികൾ മുളയറച്ചാൽ ജനകീയ സമര സമിതിയുടെ നേത്വത്വത്തിൽ തടഞ്ഞു. പ്ലാന്റ്‌  പൂട്ടണമെന്നാവശ്യപ്പെട്ട്‌ ജനകീയ സമിതി ദീർഘനാളായി തുടരുന്ന  സമരത്തിനിടെയാണ് മാലിന്യലോറികൾ എത്തിയത്. കലക്ടറും മറ്റ് ഉദ്യോഗസ്ഥരും സമരസമിതി നേതാക്കളുമായി ചർച്ച നടത്തുകയും പരിശോധനയിൽ പ്ലാന്റ്‌ മാനദണ്‌ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തിയിരുന്നു. കണ്ടെത്തിയ പ്രശ്നങ്ങൾ പരിഹരിച്ചശേഷം പ്ലാന്റ്‌ തുറന്നാൽ മതിയെന്ന് ഉത്തരവ് മറികടന്നാണ്‌ കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നോടെ രണ്ടു വാഹനങ്ങളിൽ കോഴി മാലിന്യം എത്തിയത്‌. പൊലീസെത്തി സമരക്കാരെ പിന്തിരിപ്പിക്കാൻ ശ്രമമിച്ചെങ്കിലും നടന്നില്ല. ഫ്രീസറും എയർ ടൈറ്റുമില്ലാത്ത വാഹനത്തിൽ മാലിന്യം എത്തിച്ചത്‌ പ്രദേശമാകെ ദുർഗന്ധംവമിച്ചു. 
ചർച്ചയുടെ അടിസ്ഥാനത്തിൽ പുനലൂർ ആർഡിഒ സുരേഷ് ബാബു, കൊട്ടാരക്കര തഹസിൽദാർ, മലിനീകരണ നിയന്ത്രണബോർഡ് എൻജിനിയർ, ശുചിത്വ മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ അനിൽകുമാർ, വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്‌ എം അൻസർ എന്നിവർ സംഭവ സ്ഥലത്തെത്തി. പൂയപ്പള്ളി പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. ആർഡിഒയുടെ നിർദേശപ്രകാരം രണ്ട് വാഹനത്തിലെയും കോഴി മാലിന്യം മാനദണ്ഡം പാലിച്ചു കുഴിച്ചിട്ടു. സമരസമിതി നേതാക്കളായ സിപിഐ എം  ഏരിയ സെക്രട്ടറി ടി എസ് പത്മകുമാർ, സാം കെ ഡാനിയേൽ, എം എം നസീർ, എസ് അഷ്റഫ്, ബി ശ്രീകുമാർ, നിസാർ വട്ടപ്പാറ, എം എസ് ഷൈജു, റെജി, ജെയിംസ് എൻ ചാക്കോ, ജോളി ജെയിംസ്, തുടങ്ങിയവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top