12 December Thursday

ചുവന്നുതുടുത്തു നാടും നഗരവും

വെബ് ഡെസ്‌ക്‌Updated: Tuesday Dec 10, 2024
കൊല്ലം
സിപിഐ എം ജില്ലാസമ്മേളനത്തിന്‌ തിങ്കളാഴ്‌ച മയ്യനാട്‌ എൻ എസ്‌ പഠനഗവേഷണ കേന്ദ്രത്തിൽ ചെങ്കൊടി ഉയരുമ്പോൾ ചുവന്നുതുടുത്തു നാടാകെ. നഗരത്തിന്റെ പ്രൗഢിയുള്ള കൊട്ടിയവും ദേശീയപാതയിലെ മേവറവും ഉമയനല്ലൂരും ഇത്തിക്കരയും സിത്താര ജങ്ഷനും ഗ്രാമാന്തരീക്ഷം നിറതുളുമ്പുന്ന ധവളക്കുഴിയിലും മയ്യനാട്ടും മുക്കിലുംമൂലയിലും കൊടിതോരണങ്ങൾ നിറഞ്ഞു. കവാടങ്ങളും കമാനങ്ങളും പ്രധാന വഴിയോരങ്ങളിൽ സജ്ജമായി. ദേശീയപാതയിലെ കൊട്ടിയം മുതൽ സമ്മേളന നഗരിയായ മയ്യനാട് എൻ എസ് പഠനഗവേഷണകേന്ദ്രംവരെ കൊടിതോരണങ്ങളാലും ദീപാലങ്കാരങ്ങളാലും അലങ്കരിച്ചു. മയ്യനാട് ചന്തമുക്കിൽ ശുഭകുമാർ സ്‌ക്വയർ ശ്രദ്ധേയമായി. 
കമ്യൂണിസ്റ്റ് പാർടിയുടെ ദേശീയ-–-അന്തർദേശീയ നേതാക്കളുടെ ശിൽപ്പങ്ങളും സമ്മേളന നഗരിയിൽ സ്ഥാപിച്ചിട്ടുണ്ട്‌. സമ്മേളന നഗറിൽ 40 അടി വലിപ്പത്തിൽ പടുകൂറ്റൻ അരിവാൾ ചുറ്റിക സ്ഥാപിച്ചു. ൧൫ അടി ഉയരത്തിലുള്ള രക്തസാക്ഷിമണ്ഡപവും ശ്രദ്ധേയം. ദേശാഭിമാനി റോഡിൽ റഷ്യൻ വിപ്ലവം മുതൽ കയ്യൂർ-–-കരിവെള്ളൂർ, പുന്നപ്ര വയലാർ സമരങ്ങളുടെ അവതരണവും കാൾ മാർക്‌സ്, ഏംഗൽസ് തുടങ്ങിയവരുടെ പ്രതിമകളുമുണ്ട്‌. ആർട്ടിസ്റ്റുകളായ ശന്തനു, രാഗേഷ് കൊല്ലം, അനിൽ നീരാവിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിർമാണം. 
പാർടി ഘടകങ്ങളുടെ നേതൃത്വത്തിൽ നൂറുകണക്കിനു പ്രവർത്തകരുടെ അധ്വാനത്താൽ ആഴ്ചകളെടുത്ത പ്രചാരണമാണ്‌ നടന്നത്‌. വർഗബഹുജന സംഘടനകളും പ്രചാരണം ഏറ്റെടുത്തു. തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ജില്ലാസമ്മേളനത്തെ നെഞ്ചേറ്റിയ പൊതുസമൂഹം എല്ലാ സഹായങ്ങളും ചെയ്‌തു. വ്യാപാരി സമൂഹത്തിന്റെയും വിവിധ മേഖലയിൽ പണിയെടുക്കുന്നവരുടെയും വലിയ പിന്തുണയാണ്‌ ലഭിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top