19 December Thursday
പതാക, കൊടിമര, ദീപശിഖ ജാഥകൾ സംഗമിച്ചു

രണസ്‌മരണയിൽ

സ്വന്തം ലേഖകൻUpdated: Tuesday Dec 10, 2024

ദീപശിഖ ജാഥാ ക്യാപ്റ്റൻ പി കെ ജോൺസണിൽനിന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ ഏറ്റുവാങ്ങുന്നു

കോടിയേരി ബാലകൃഷ്ണൻ നഗർ (എൻ എസ്‌ പഠനഗവേഷണ കേന്ദ്രം)
ചരിത്ര സ്‌മരണകൾ പേറുന്ന മയ്യനാടിന്റെ മണ്ണിൽ പ്രത്യേകം സജ്ജീകരിച്ച കോടിയേരി ബാലകൃഷ്‌ണൻ നഗറിലേക്ക്‌ തിങ്കളിന്റെ സായംസന്ധ്യയിൽ കൊടിമര, ദീപശിഖ, പതാക ജാഥകൾ സംഗമിച്ചപ്പോൾ ആയിരങ്ങളുടെ സിരകളിൽ രക്‌തസാക്ഷികളുടെ വീറുറ്റ സ്‌മരണ ആളിപ്പടർന്നു. ജില്ലയിലെ കരുത്തുറ്റ തൊഴിലാളിവർഗ പ്രസ്ഥാനമായ സിപിഐ എമ്മിന്റെ മൂന്നുദിവസം നീളുന്ന ജില്ലാ സമ്മേളനത്തിനു വേദിയൊരുക്കിയ എൻ എസ്‌ പഠനഗവേഷണ കേന്ദ്രത്തിലേക്ക്‌ രക്തപതാക കൊണ്ടുവന്നത്‌ ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ്‌. കൊടിമരം കടയ്ക്കൽ വിപ്ലവ സ്‌മാരകത്തിൽ നിന്നും ദീപശിഖാ കോട്ടാത്തല സുരേന്ദ്രൻ രക്തസാക്ഷിമണ്ഡപത്തിൽ നിന്നുമാണ്‌ എത്തിച്ചത്‌. ആവേശം കൊടുമുടിയോളമെത്തിയ അന്തരീക്ഷത്തിൽ മുദ്രാവാക്യം വിളിയോടെയാണ് നഗറിലേക്ക്‌ വിവിധ ജാഥകളെ വരവേറ്റത്‌. ഈ ചെങ്കൊടി പ്രസ്ഥാനത്തെ കഴുകന്മാർക്ക്‌ ഒന്നുതൊടാൻ പോലും കഴിയില്ലെന്നും അതിന്‌ അനുവദിക്കില്ലെന്നുമുള്ള പ്രതിജ്ഞയായി ഓരോ മുദ്രാവാക്യവും. 
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രൻ ഉദ്‌ഘാടനംചെയ്ത് ജില്ലാ കമ്മിറ്റി അംഗം എം നസീർ നയിച്ച കൊടിമരജാഥ സമ്മേളന നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജൻ ഏറ്റുവാങ്ങി. ദീപശിഖാ ജാഥ സംസ്ഥാന കമ്മിറ്റി അംഗം ജെ മേഴ്സിക്കുട്ടിഅമ്മ ഉദ്‌ഘാടനംചെയ്‌തു. കൊട്ടാരക്കര ഏരിയ സെക്രട്ടറി പി കെ ജോൺസൺ ജാഥാ ക്യാപ്റ്റനായി. സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ ഏറ്റുവാങ്ങി. പതാകജാഥ സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദ് ഉദ്‌ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റി അംഗം പി ബി സത്യദേവൻ ക്യാപ്‌റ്റനായി. സംസ്ഥാന കമ്മിറ്റി അംഗം പി രാജേന്ദ്രൻ ഏറ്റുവാങ്ങി. ഓരോ ജാഥയും വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയാണ്‌ സമ്മേളന നഗറിൽ എത്തിയത്‌. 
ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജെ മേഴ്‌സിക്കുട്ടിഅമ്മ, കെ വരദരാജൻ,ചിന്താ ജെറോം, സൂസൻകോടി, എം എച്ച് ഷാരിയർ, പി രാജേന്ദ്രൻ, കെ രാജഗോപാൽ, കെ സോമപ്രസാദ്, എസ് രാജേന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എക്സ് ഏണസ്റ്റ്, എസ് ജയമോഹൻ, പി എ എബ്രഹാം, ബി തുളസീധരക്കുറുപ്പ്, വി കെ അനിരുദ്ധൻ, സി രാധാമണി, ടി മനോഹരൻ, എസ് വിക്രമൻ, എം ശിവശങ്കരപ്പിള്ള, സി ബാൾഡുവിൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top