ശാസ്താംകോട്ട
ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ഇരിപ്പിടങ്ങൾ കാടുമൂടിയതോടെ യാത്രക്കാർ ഭീതിയിൽ. വിളക്കുകളും തെളിയാത്തതിനാൽ ഇഴജന്തുക്കളെ ഭയന്ന് ട്രെയിൻകാത്തിരിക്കേണ്ട അവസ്ഥയാണ്. പ്ലാറ്റ്‍ഫോമിൽ തെരുവുനായകളുടെ ശല്യം രൂക്ഷമായതും യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു.
നൂറുകണക്കിനുപേരാണ് ദിവസേന സ്റ്റേഷനെ ആശ്രയിക്കുന്നത്. എന്നാൽ, ഇതിന് അനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം സ്റ്റേഷനിൽ ഉണ്ടായിട്ടില്ല. രണ്ടു പ്ലാറ്റ്ഫോമുകളും നിറഞ്ഞുനിൽക്കുന്ന കാടാണ് ഏറ്റവുംവലിയ പ്രശ്നം. എക്സ്പ്രസ് അടക്കം നിരവധി ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് ഉണ്ടെങ്കിലും പ്ലാറ്റ്ഫോമിന് മേൽക്കൂരയില്ലാത്തതിനാൽ വെയിലും മഴയുമേറ്റ് കാത്തിരിക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്. പ്രഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യവും കുടിവെള്ളത്തിന്റെ ലഭ്യതക്കുറവും മറ്റൊരു പ്രശ്നമാണ്. ട്രെയിൻ എത്തുന്ന സമയത്തുമാത്രമേ പ്ലാറ്റ്ഫോമിൽ ലൈറ്റ് പ്രകാശിപ്പിക്കാറുള്ളൂ. ഇതിൽത്തന്നെ ഭൂരിപക്ഷം എണ്ണവും പ്രകാശിക്കാറില്ലെന്നും യാത്രക്കാർ പരാതിപ്പെടുന്നു. രാത്രിയിലും പുലർച്ചെയും സ്റ്റേഷനിലെത്തുന്നവർക്ക് ഇരുട്ടിൽത്തപ്പി നടക്കേണ്ട അവസ്ഥയാണ്. റെയിൽവേ സ്റ്റേഷനുവേണ്ടി പുതിയ കെട്ടിടം നിർമിച്ച് ഒരുവർഷം ആയിട്ടും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ പ്രതിഷേധം ശക്തമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..