കൊല്ലം
റിട്ട. ബിഎസ്എൻഎൽ അസിസ്റ്റന്റ് ജനറൽ മാനേജർ പാപ്പച്ചനെ ക്വട്ടേഷൻ നൽകി കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ചോദ്യംചെയ്തു തുടങ്ങി. കേസിലെ മൂന്നാം പ്രതിയായ സ്വകാര്യ ബാങ്കിലെ വനിതാ മാനേജരെ കമീഷണർ വിവേക് കുമാർ ശനി രാത്രി നേരിട്ട് ചോദ്യംചെയ്യുകയായിരുന്നു. പ്രതികളെ വെള്ളി രാത്രി കസ്റ്റഡിയിൽ ലഭിച്ചെങ്കിലും സിറ്റി പൊലീസിന്റെ ക്രൈം അവലോകന യോഗം നടന്നതിനാൽ ഉച്ചകഴിഞ്ഞായിരുന്നു ചോദ്യംചെയ്യൽ. പ്രതികൾ തമ്മിൽ ആശയവിനിമയം നടത്താതിരിക്കാൻ വിവിധ സ്‌റ്റേഷനുകളിലാണ് പാർപ്പിച്ചിരിക്കുന്നത്.
സരിതയെ കൊല്ലം വനിതാ സെല്ലിലും അനിമോനെ കൊല്ലം വെസ്റ്റ് സ്റ്റേഷനിലും മാഹീനെ ശക്തികുളങ്ങര സ്റ്റേഷനിലും അനൂപ്, ഹാഷിഫ് എന്നിവരെ കൊല്ലം ഈസ്റ്റ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് പാർപ്പിച്ചിരിക്കുന്നത്. സരിത ഒഴികെയുള്ള പ്രതികളിൽനിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞെങ്കിലും മൊഴിയായി രേഖപ്പെടുത്തിയില്ല. രാത്രി സരിതയെ ചോദ്യംചെയ്യുമ്പോൾ ലഭിക്കുന്ന വിവരങ്ങൾ അടിസ്ഥാനമാക്കി ഞായറാഴ്ച മറ്റു പ്രതികളെ ചോദ്യംചെയ്യും. ചോദ്യംചെയ്യൽ പരാമവധി പൂർത്തിയാക്കിയ ശേഷം മാത്രേമേ തെളിവെടുപ്പ് നടത്തുകയുള്ളുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പൊലീസ് ജാഗ്രതയിൽ
പ്രതികൾ കുടുങ്ങി
കൊല്ലം
ഫോൺ തിരികെ നൽകാനെന്ന വ്യാജേനെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തിയാണ് അനിമോനെ പൊലീസ് അറസ്‌റ്റ്‌ചെയ്‌തത്. പാപ്പച്ചന്റെ അപകട മരണക്കേസിൽ അറസ്‌റ്റിലായി ജാമ്യത്തിൽ വിട്ടയച്ച അനിമോൻ പിന്നീട് എറണാകുളത്തേക്കു മുങ്ങി. കൊലപാതകത്തിൽ പങ്ക് വ്യക്തമായതോടെ ഫോൺ തിരികെ വാങ്ങാൻ അനിമോൻ എത്തണമെന്ന് അന്വേഷകസംഘം വീട്ടിൽ അറിയിച്ചു. എന്നാൽ, അനിമോൻ കോഴിക്കോട്ടാണെന്ന് ഭാര്യ പറഞ്ഞു. പിന്നീട് ഫോൺ വാങ്ങാൻ താൻ വന്നാൽ മതിയോ എന്ന് ഭാര്യ ചോദിച്ചു. ഒപ്പിടണമെന്നതിനാൽ അനിമോൻ തന്നെ വരണമെന്ന് അറിയിച്ചു. തുടർന്ന് രണ്ടുദിവസം കഴിഞ്ഞാണ് ഇയാൾ എത്തിയത്. തുടർന്നുള്ള ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചു.
സരിത പിടിയിലായത്
രക്ഷപ്പെടാൻ
ശ്രമിക്കുന്നതിനിടെ
സരിത പിടിയിലായത് വീടുപൂട്ടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ. ബാങ്കിൽനിന്നും സസ്‌പെൻഡ് ചെയ്‌തതോടെ കൊല്ലം തേവള്ളിയിലുള്ള വാടക വീട്ടിൽനിന്നും സരിത പോയത് പേരൂർക്കടയിലുള്ള ഭർത്താവിന്റെ വീട്ടിലേക്കാണ്. എന്നാൽ, അവിടെനിന്നും ആറ്റുകാൽ ഭാഗത്തുള്ള ബന്ധുവീട്ടിലേക്ക് താമസം മാറി. അവിടെ പൊലീസ് സംഘം എത്തുമ്പോൾ ഭർത്താവുമൊത്ത് വീടുപൂട്ടി ഇറങ്ങുകയായിരുന്നു. ക്ഷേത്രത്തിലേക്ക് പോകാനിറങ്ങിയതാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. മുത്തൂറ്റ് ബാങ്കിൽനിന്നും പുറത്തായതോടെ ജോലിക്കു കയറിയ രണ്ടാം കുറ്റിയിലുള്ള ഒരു ധനസ്ഥാപനത്തിൽ നിന്നാണ് അനൂപ് പിടിയിലായത്. 2002ൽ അഭിഭാഷകയായി എൻട്രോൾ ചെയ്‌ത സരിത ഒരുവർഷംമാത്രമാണ് പ്രാക്‌ടീസ് ചെയ്‌തത്. സ്വകാര്യപണമിടപാട് സ്ഥാപനത്തിൽ ജോലിക്ക് കയറിയശേഷം കോടതിയിൽ പോകാറില്ല. കൊല്ലംതാമരക്കുളത്താണ് താമസം.
ഹാഷിഫ് മൂന്നരലക്ഷം തട്ടിയത് അനിമോൻ അറിയാതെ
സരിതയിൽനിന്ന് കാറുടമ ഹാഷിഫ് മൂന്നര ലക്ഷം തട്ടിയെടുത്തത് അനിമോൻ അറിയാതെ. പാപ്പച്ചന്റെ അപകട മരണത്തെ തുടർന്ന് പൊലീസ് ജാമ്യത്തിൽ വിട്ടയച്ച അനിമോൻ പിന്നീട് എറണാകുളത്തേക്കു മുങ്ങി. കാർ പൊലീസ് കസ്‌റ്റഡിയിലെടുത്ത ശേഷമാണ് സംഭവം കൊലപാതകമായിരുന്നെന്ന് ഹാഷിഫ് അറിഞ്ഞത്. തുടർന്ന് സരിതയുടെ ബാങ്കിലെത്തി കൊലപാതക വിവരം അറിഞ്ഞെന്നും മൂന്നു ലക്ഷം രൂപ തന്നില്ലെങ്കിൽ പൊലീസിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനെ തുടർന്ന് പണം നൽകുകയായിരുന്നു. ഈ വിവരം അനൂപ് അനിമോനെ അറിയിച്ചപ്പോൾ ഹാഷിഫ് വിളിച്ചാൽ ഫോൺ എടുക്കണ്ടെന്നും ബ്ലോക്ക് ചെയ്യാനും പറഞ്ഞു.
അഡ്വാൻസിൽ
40,000 മാഹീന്
പാപ്പച്ചൻ മരിച്ചതിനെ തുടർന്ന് അറസ്‌റ്റിലായ അനിമോന്റെ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് സംഭവം കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. അനിമോൻ ഈ ഫോണിലൂടെ സരിതയും അനൂപുമായി നിരവധി തവണ ബന്ധപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കിയ അന്വേഷകസംഘം ഗൂഗിൾ പേ ട്രാൻസാക്‌ഷൻ വിവരം പരിശോധിച്ചതിൽ അനൂപ് അനിമോന് 50,000രൂപ കൈമാറിയതായി കണ്ടെത്തി. അന്നുതന്നെ അനിമോൻ തിരികെ 40,000രൂപ അനൂപിന് നൽകി. ഇതിലെ പൊരുത്തക്കേട് ചോദ്യംചെയ്‌തപ്പോൾ തനിക്ക് അനൂപ് 5000 രൂപ തരാനുണ്ടായിരുന്നെന്നും പണം അയച്ചപ്പോൾ ഒരു പൂജ്യം കൂടപ്പോയെന്നും പറഞ്ഞു. എന്നാൽ 45000രൂപയല്ലേ നൽകേണ്ടതെന്ന് ചോദിച്ചപ്പോൾ 5000 രൂപ പിന്നീട് നൽകാമെന്ന് കരുതിയെന്നാണ് അനിമോൻ പൊലീസിനോട് പറഞ്ഞത്. അനിമോൻ പറഞ്ഞതനുസരിച്ച് 40000രൂപ അനൂപ് മാഹീന് കൈമാറി.
‘ലൈസൻസുകാരന്’ വേണ്ടി ആറുലക്ഷം
വാങ്ങി
സരിതയെയും അനൂപിനെയും ഭീഷണിപ്പെടുത്തി അനിമോൻ വാങ്ങിയത് 19 ലക്ഷം. സംഭവത്തെ തുടർന്ന് ക്വട്ടേഷൻ തുകയായ രണ്ടര ലക്ഷം രൂപ ആദ്യം അനിമോൻ വാങ്ങി. അതിനു ശേഷം ഡ്രൈവിങ് ലൈസൻസ് ഇല്ലെന്നും ലൈസൻസുകാരനെ സംഘടിപ്പിക്കാൻ ആറുലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. ഈ തുക കൊല്ലം ബീച്ചിൽവച്ച് അനൂപാണ് അനിമോന് കൈമാറിയത്. പിന്നീടാണ് ഭീഷണിയുടെ സ്വരം ഉയർന്നത്. വിവരം പൊലീസിനെ അറിയിക്കുമെന്ന് പറഞ്ഞതിനെ തുടർന്ന് പലതവണയായി 19ലക്ഷം
സംസ്‌കാരച്ചടങ്ങിൽ ആദ്യന്തം മാഹീൻ
പാപ്പച്ചന്റെ സംസ്‌കാരച്ചടങ്ങിൽ ആദ്യന്തം പങ്കെടുത്തു രണ്ടാംപ്രതി മാഹീൻ. ശങ്കേഴ്‌സ് ആശുപത്രിക്കു സമീപം കറങ്ങി ഓട്ടോറിക്ഷ ഓടിച്ചിരുന്ന മാഹീൻ അപകടത്തിൽ പരിക്കേറ്റ പാപ്പച്ചനെ ആശുപത്രിയിൽ എത്തിച്ചത് മുതൽ സംസ്‌കാരം വരെയുള്ള ചടങ്ങിൽ ആദ്യന്തം പങ്കെടുത്തു. സംഭവസ്ഥലത്ത് ഓടിക്കൂടിയവർ ഓട്ടോയിൽ പാപ്പച്ചനെ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആംബുലൻസ് വരട്ടെയെന്നു പറഞ്ഞ് അടിയന്തര ചികിത്സയും വൈകിപ്പിച്ചു. മരണത്തെ തുടർന്ന് ആശ്രാമത്തുള്ള പാപ്പച്ചന്റെ വീട്ടിലെത്തി ചടങ്ങിന് ആവശ്യമായ വെള്ളത്തുണി, പൂക്കൾ എന്നിവ വാങ്ങുന്നതിനും മുന്നിൽനിന്നു. പന്തളം കുടശ്ശനാട് സെന്റ് സ്‌റ്റീഫൻസ് ഓർത്തഡോക്‌സ് പള്ളിയിലെ സംസ്‌കാരച്ചടങ്ങിലും പങ്കെടുത്തു. കൈമാറി.
നഗരമധ്യത്തിലെ കൃത്യം
എളുപ്പമായത് പാപ്പച്ചന്റെ സൈക്കിൾ സഞ്ചാരം
കൊല്ലം
നഗരമധ്യത്തുതന്നെ കൊലപാതകം ആസൂത്രണം ചെയ്‌തത് പാപ്പച്ചൻ അധികദൂരം സഞ്ചരിക്കാത്തതിനാൽ. സൈക്കിളിൽ മാത്രം സഞ്ചരിക്കുന്ന പാപ്പച്ചൻ നഗരംവിട്ട് പോകാറില്ലെന്ന വിവരവും മനസ്സിലാക്കിയാണ് ആശ്രാമം മൈതാനത്തിനു സമീപം ആളൊഴിഞ്ഞ ഭാഗം തന്നെ കൊലപാതകം നടത്താൻ പ്രതികൾ തീരുമാനിച്ചത്. പന്തളം കൊടശ്ശേരി സ്വദേശിയായ പാപ്പച്ചൻ 1964 ജനുവരിയിൽ ബിഎസ്‌എൻഎല്ലിൽ ജോലി കിട്ടിയതോടെയാണ് കൊല്ലത്തെത്തിയത്. ടെലഗ്രാഫിസ്റ്റായിരുന്ന ഇദ്ദേഹം പിന്നീട് കടപ്പാക്കട സ്വദേശിയും കൊല്ലം ബോയ്‌സ് ഹൈസ്‌കൂൾ അധ്യാപികയുമായ മെറ്റിൽഡയെ വിവാഹംചെയ്‌തു. തുടർന്നാണ് ശങ്കേഴ്‌സ് ആശുപത്രിക്കു സമീപം ഭൂമി വാങ്ങി വീടുവച്ചത്. മകൾ റെയ്‌ച്ചലിനായി രണ്ടാം കുറ്റിയിൽ വാങ്ങിയ വീട് അടച്ചിട്ടിരിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..