കൊല്ലം
കുന്നത്തൂർ നിയോജകമണ്ഡലം പരിധിയിൽ വരുന്നതും നിലവിൽ കൊല്ലം, കൊട്ടാരക്കര താലൂക്കുകളിൽ ഉൾപ്പെടുന്നതുമായ മൂന്നു വില്ലേജുകൾ കുന്നത്തൂർ താലൂക്ക് പരിധിയിലേക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാജൻ. മൺറോതുരുത്ത്, കിഴക്കേ കല്ലട എന്നീ വില്ലേജുകൾ കൊല്ലം താലൂക്കിലും പവിത്രേശ്വരം വില്ലേജ് കൊട്ടാരക്കര താലൂക്കിലുമാണ്. കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
കുന്നത്തൂർ വില്ലേജുമായി അതിർത്തി പങ്കിടുന്ന പവിത്രേശ്വരം വില്ലേജ് പരിധിയിൽനിന്ന് ആസ്ഥാനമായ കൊട്ടാരക്കരയിലേക്ക് ഏകേദശം 17 കി.മീ ദൂരമാണുള്ളത്. മൺറോതുരുത്ത്, കിഴക്കേ കല്ലട വില്ലേജ് പരിധിയിൽനിന്ന് ആസ്ഥാനമായ കൊല്ലത്തേക്ക് 25 കി.മീ അധികം ദൂരവും. ഈ വില്ലേജുകളും കുന്നത്തൂർ താലൂക്ക് പരിധിയിലേക്ക് മാറ്റുന്നത് പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരവും സൗകര്യപ്രദവുമാണ്. കൂടാതെ ഈ മൂന്നു വില്ലേജുകളിലെ ജീവനക്കാർക്ക് തെരഞ്ഞെടുപ്പ് സംബന്ധമായ ആവശ്യങ്ങൾക്ക് കുന്നത്തൂർ താലൂക്ക് ആസ്ഥാനത്തേക്കും ഓഫീസ് സംബന്ധമായ ആവശ്യങ്ങൾക്ക് യഥാക്രമം കൊട്ടാരക്കര, കൊല്ലം താലൂക്ക് ആസ്ഥാനത്തേക്കും പോകേണ്ടതായി വരുന്നു. അത് ഓഫീസ് സംവിധാനത്തെയും ബാധിക്കുന്നു. ചാർജ് ഓഫീസർമാർക്ക് വില്ലേജുകളിൽ പോകുന്നതിനും പരിശോധനകൾ നടത്തുന്നതിനും വില്ലേജ് ഓഫീസർമാർക്കും ജീവനക്കാർക്കും മീറ്റിങ്ങുകൾക്കും മറ്റുമായി താലൂക്ക് ഓഫീസിൽ എത്തുന്നതിനും ദൂരക്കൂടുതൽ ബാധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
കൊല്ലം താലൂക്ക് പരിധിയിൽ ആകെ 31 വില്ലേജും കൊട്ടാരക്കര താലൂക്ക് പരിധിയിൽ ആകെ 27 വില്ലേജുമാണുള്ളത്. ഈ സാഹചര്യത്തിൽ ഏഴ് വില്ലേജ് മാത്രമുള്ള കുന്നത്തൂർ താലൂക്കിലേക്ക് ഈ മൂന്നു വില്ലേജുകൾ കൂട്ടിച്ചേർക്കുന്നത് താലൂക്കുകൾക്ക് ഭരണപരമായി സൗകര്യപ്രദമാണെന്നും മന്ത്രി പറഞ്ഞു. താലൂക്ക് വികസന സമിതിയിൽ ഇതേ ആവശ്യം പലതവണ ഉന്നയിച്ചിട്ടുണ്ട്. പൊതുജനങ്ങൾ നിരന്തരം ആവശ്യപ്പെടുന്നതിനാലും ഭരണ സൗകര്യാർഥവും സേവനങ്ങൾ പൊതുജനങ്ങളിലേക്ക് വേഗമെത്തിക്കാൻ കഴിയുമെന്നതിനാലും പവിത്രേശ്വരം, കിഴക്കേ കല്ലട, മൺറോതുരുത്ത് വില്ലേജുകൾ കുന്നത്തൂർ താലൂക്ക് പരിധിയിലേക്ക് കൊണ്ടുവരുന്നത് ഉചിതമാണെന്ന് കലക്ടർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ വിഷയം സംബന്ധിച്ച് ലാൻഡ് റവന്യു കമീഷണറിൽനിന്ന് പ്രൊപ്പോസൽ ലഭ്യമാക്കി ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി മറുപടി നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..